പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ലങ്കയ്‌ക്കെതിരെ; ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റത്തിന് സാധ്യത

ലോകകപ്പ് പ്രാഥമിക റൗണ്ടില്‍ ഇന്ത്യയുടെ അവസാന മത്സരത്തില്‍ ഇന്ന് അയല്‍ക്കാരായ ശ്രീലങ്കയെ നേരിടും. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ശ്രീലങ്ക നേരത്തെ പുറത്തായിരുന്നു.

India will face Sri Lanka in the last match of WC preliminary round

ഹെഡിങ്ലി: ലോകകപ്പ് പ്രാഥമിക റൗണ്ടില്‍ ഇന്ത്യയുടെ അവസാന മത്സരത്തില്‍ ഇന്ന് അയല്‍ക്കാരായ ശ്രീലങ്കയെ നേരിടും. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ശ്രീലങ്ക നേരത്തെ പുറത്തായിരുന്നു. ലീഡ്സില്‍ നടക്കുന്ന മത്സരത്തില്‍ ലങ്കയെ തോല്‍പ്പിക്കുകയും ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കയോട് പരാജയപ്പെടുകയും ചെയ്താല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാം. അങ്ങനെ വന്നാല്‍ സെമി ഫൈനല്‍ ഫിക്ച്ചറിലും മാറ്റം വരും. 

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യക്ക് ആതിഥേയരായ ഇംഗ്ലണ്ടുമായിട്ടാണ് മത്സരം വരിക. വിജയിച്ചാല്‍ നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡാവും എതിരാളി. അതുകൊണ്ട് ജയിക്കാന്‍ വേണ്ടിതന്നെയാണ് ഇന്ത്യ ഇറങ്ങുകയെന്നതില്‍ സംശയമില്ല. ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ശക്തരായ ഇന്ത്യയെ കീഴടക്കി നാട്ടിലേക്ക് മടങ്ങുകയായിരിക്കും ലക്ഷ്യം.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപ്രധാന മത്സരമായതിനാല്‍ ടീമില്‍ ഒരു മാറ്റം വരുത്തിയേക്കും. ദിനേശ് കാര്‍ത്തികിന് പകരം രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെയാണ്. മറ്റു മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. പരിക്കേറ്റ വിജയ് ശങ്കറിന് പകരം ടീമിലെത്തിയ മായങ്ക് അഗര്‍വാള്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് കളിക്കാന്‍ സാധ്യതയില്ല. രോഹിത് ശര്‍മ- കെ.എല്‍ രാഹുല്‍ സഖ്യം ഓപ്പണ്‍ ചെയ്യും. മധ്യനിരയില്‍ വിരാട് കോലി, ഋഷഭ് പന്ത് എന്നിവര്‍ കളിക്കും. 

ധോണിയും ഓള്‍ റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും, രവീന്ദ്ര ജഡേജയും ടീമിലുണ്ടാവും. ജഡേജ കളിച്ചില്ലെങ്കില്‍ കാര്‍ത്തിക് ടീമിലെത്തും. കഴിഞ്ഞ മത്സരം കളിച്ച ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി യൂസ്‌വേന്ദ്ര ചാഹലും. തെളിഞ്ഞ കാലാവസ്ഥയാണ് ഹെഡിങ്ലിയിലേത്. മഴ ശല്യമായെത്തില്ലെന്ന് കാലാവസ്ഥ കേന്ദ്രം ഉറപ്പ് നല്‍കുന്നുണ്ട്. 

സാധ്യതാ ടീം: കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, എം.എസ് ധോണി, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര.

Latest Videos
Follow Us:
Download App:
  • android
  • ios