മുകേഷ് അടക്കം നടന്മാർക്ക് ആശ്വാസം: പീഡന പരാതി പിൻവലിക്കുന്നെന്ന് നടി; സർക്കാർ പിന്തുണച്ചില്ലെന്ന് വിമർശനം
നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെ ആരോപണവുമായി രംഗത്ത് വന്ന നടി പരാതിയിൽ നിന്ന് പിന്മാറുന്നു
കൊച്ചി: നടന്മാർക്കെതിരെ ഉന്നയിച്ച പരാതികളിൽ നിന്ന് പിൻമാറുന്നുവെന്ന് നടി. മുകേഷ് അടക്കം നടൻമാർക്കെതിരായ പരാതികൾ പിൻവലിക്കുകയാണെന്ന് പരാതിക്കാരിയായ നടി പറഞ്ഞു. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ ഇമെയിൽ അയക്കുമെന്നും നടി പറഞ്ഞു. തനിക്ക് സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിൻ്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും ഇവർ ആരോപിക്കുന്നു. മാധ്യമങ്ങളിൽ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നും നടി പറഞ്ഞു. നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. സംസ്ഥാനത്ത് വൻ വിവാദമായി മാറിയ സംഭവത്തിലാണ് നടിയുടെ പിന്മാറ്റം.
മുകേഷ്, ജയസൂര്യ , ഇടവേള ബാബു അടക്കമുള്ള ചലച്ചിത്ര പ്രവർത്തകർക്കെതിരെ ബലാത്സംഗ കേസിലും സ്ത്രീത്വത്തോട് അപമര്യാദയായി പെരുമാറിയെന്ന കേസിലും പ്രത്യേക അന്വേഷണ സംഘത്തിൻ്റെ അന്വേഷണം തുടരുന്നതിനിടെയാണ് പരാതിക്കാരിയായ നടിയുടെ പിൻമാറ്റം. പരാതിയിൽ നിന്ന് പിൻമാറുന്നതായി അറിയിച്ച് എസ് ഐ ടിക്ക് ഉടൻ കത്ത് നൽകുമെന്നാണ് നടി പറയുന്നത്. തന്നെ കേൾക്കാൻ പോലും അന്വേഷണ സംഘം തയാറാകില്ല. വിളിച്ചാൽ ഫോണെടുക്കില്ല. പരാതിക്കാരിക്ക് കിട്ടേണ്ട പരിഗണനപോലും തരുന്നില്ല. പോക്സോ കേസിൽ പ്രതിയാക്കി തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ സത്യാവസ്ഥ കണ്ടെത്താൻ പൊലീസ് തയാറായില്ല. സാമൂഹ്യമാധ്യമങ്ങളിൽ നിന്നടക്കം കടുത്ത ആക്രമണം ഉണ്ടായി. തനിക്കെതിരായ കേസിൽ പൊലീസ് നേർവഴിക്ക് അന്വേഷിച്ചാലേ പരാതിക്കാരിയായ കേസിലും മുന്നോട്ടുളളു
എന്നാൽ പിൻമാറുന്നുവെന്ന് കത്തയച്ചതുകൊണ്ടുമാത്രം അന്വേഷണം അവസാനിപ്പിക്കാനാകില്ലെന്ന് എസ് ഐ ടി വ്യത്തങ്ങൾ പറഞ്ഞു. സർക്കാരാണ് വാദി. പരാതിക്കാരി മുഖ്യ സാക്ഷിയാണ്. മാത്രവുമല്ല കോടതി മുമ്പാകെ പരാതിക്കാരി രഹസ്യമൊഴിയും നൽകിയിട്ടുണ്ട്. കേസിൽ കുറ്റപത്രം സമർപ്പിക്കും. തുടർന്ന് സമൻസ് അയച്ച് വിളിപ്പിക്കുന്പോഴാണ് പിൻമാറുകയാണെങ്കിൽ അറിയിക്കാനാവുക. പക്ഷേ അപ്പോഴും ക്രിമിനിൽ കേസുകളിൽ വാദിയായ സർക്കാരിന്‍റെ നിലപാടും വിചാരണക്കോടതിയുടെ തീരുമാനവും പ്രധാനമാണ്. എന്നാൽ നടിയുടെ പുതിയ നിലപാടിൽ പ്രതികരിക്കാൻ മുകേഷ് എം എൽ എ തയാറായില്ല.