ഇംഗ്ലീഷ് നിരയില്‍ ക്രിസ് വോക്‌സ് ആണ് താരം

ചിരവൈരികളായ ഓസ്‌ട്രേലിയയെ കുറഞ്ഞ റണ്‍സുകളില്‍ പുറത്താക്കിയതിന്റെ ക്രെഡിറ്റ് ഈ ഇംഗ്ലീഷ് പേസര്‍ക്ക് അവകാശപ്പെട്ടതാണ്. 
 

Australia vs England Semi Chris Woakes Bowling

ബര്‍മിംഗ്‌ഹാം: ലോകകപ്പില്‍ ഇതുവരെ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് പേസര്‍ ക്രിസ്റ്റഫര്‍ റോജര്‍ വോക്‌സ് എന്ന ക്രിസ് വോക്‌സാണ് താരം. ചിരവൈരികളായ ഓസ്‌ട്രേലിയയെ കുറഞ്ഞ റണ്‍സുകളില്‍ പുറത്താക്കിയതിന്റെ ക്രെഡിറ്റ് ഈ ഇംഗ്ലീഷ് പേസര്‍ക്ക് അവകാശപ്പെട്ടതാണ്. 

എട്ടോവര്‍ എറിഞ്ഞു 20 റണ്‍സ് മാത്രം വിട്ടു കൊടുത്തു വീഴ്ത്തിയതു മൂന്നു വിക്കറ്റുകള്‍. അതില്‍ രണ്ടെണ്ണം മുന്‍നിര വിക്കറ്റുകളും. 98-ാം ഏകദിനത്തിനിറങ്ങിയ ഈ താരം തന്റെ അനുഭവപരിചയം മുഴുവന്‍ ബര്‍മിംഗ്‌ഹാമിലെ പിച്ചില്‍ പ്രദര്‍ശിപ്പിച്ചു. 2.50 മാത്രമായിരുന്നു ഈ വോര്‍ക്‌ഷെയര്‍ താരത്തിന്റെ ഇക്കോണമി റേറ്റ്. 38 പന്തുകളില്‍ ഒരു റണ്‍സ് പോലുമെടുക്കാന്‍ അനുവദിക്കാത്ത മികച്ച ബൗളിങ്. ലോകകപ്പ് ടൂര്‍ണമെന്റില്‍ വോക്‌സിന്റെ ഏറ്റവും മികച്ച പ്രകടനവുമാണിത്. നേരത്തെ, നോട്ടിംഗ്‌ഹാമില്‍ പാക്കിസ്ഥാനെതിരേ മൂന്നു വിക്കറ്റ് നേടിയിരുന്നുവെങ്കിലും 71 റണ്‍സ് വിട്ടു കൊടുത്തിരുന്നു. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ ശോഭിക്കാതിരുന്ന വോക്‌സിന്റെ മികവിലാണ് ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ 223 റണ്‍സിന് ഓള്‍ ഔട്ടാക്കിയത്.

Australia vs England Semi Chris Woakes Bowling

ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ജോണി ബെയര്‍സ്‌റ്റോയുടെ കൈകളിലെത്തിച്ചു കൊണ്ടാണ് വോക്‌സ് ഇംഗ്ലീഷുകാര്‍ക്ക് ആശ്വസിക്കാനുള്ള വക നല്‍കിയത്. ഇംഗ്ലീഷ് ടീം ഓസീസ് നിരയില്‍ ഏറ്റവും ഭയപ്പെട്ടിരുന്നത് വാര്‍ണറെയായിരുന്നു. ലോര്‍ഡ്‌സില്‍ നടന്ന ലീഗ് മത്സരത്തില്‍ 53 റണ്‍സ് നേടി ആരോണ്‍ ഫിഞ്ചിന് സെഞ്ചുറി അടിക്കാന്‍ അടിത്തറ നിര്‍മ്മിച്ചു നല്‍കിയതും വാര്‍ണറായിരുന്നു. ഈ മത്സരത്തില്‍ ഇംഗ്ലണ്ട് 64 റണ്‍സിന്റെ തോല്‍വി രുചിച്ചെങ്കിലും അന്നും വോക്‌സ് രണ്ടു വിക്കറ്റ് വീഴ്ത്തിയിരുന്നു.

സെമിയില്‍ നാലാമനായി ഉസ്മാന്‍ ഖവാജയ്‌ക്ക് പകരമിറങ്ങിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിനെ നിലയുറപ്പിക്കും മുന്‍പേ വോക്‌സ് ബൗള്‍ഡാക്കി. ഈ പന്തായിരുന്നു, വോക്‌സ് എറിഞ്ഞതില്‍ വച്ചേറ്റവും മികച്ചതും. വാലറ്റത്ത് നന്നായി കളിച്ചുകൊണ്ടിരുന്ന മിച്ചല്‍ സ്റ്റാര്‍ക്കിനെ(29) കീപ്പര്‍ ജോസ് ബട്ടലറുടെ കൈകളിലെത്തിച്ചതും വോക്‌സ് തന്നെ. 

Australia vs England Semi Chris Woakes Bowling

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ഈ ലോകകപ്പ് വോക്‌സിനു അത്ര മധുരമുള്ളതായിരുന്നില്ല ഇതുവരെ. ഇതിനു മുന്‍പ് ആകെ നേടിയത് 10 വിക്കറ്റുകളാണ്. റണ്‍സാവട്ടെ, ഒമ്പത് മത്സരങ്ങളില്‍ നിന്ന് വെറും 132 മാത്രവും. അതായത്, 14.66 ശരാശരി. വോക്‌സിനെ പോലൊരു ഓള്‍റൗണ്ടറില്‍ നിന്നും ഇംഗ്ലണ്ട് ആഗ്രഹിക്കുന്നത് ഇതല്ലെങ്കിലും മുന്‍നിര താരങ്ങളുടെ മികച്ച പ്രകടനത്തില്‍ ഇതാരും ഇതുവരെ ശ്രദ്ധിച്ചിരുന്നില്ലെന്നു മാത്രം. വെസ്റ്റിന്‍ഡീസിനെതിരേ സതാംപ്ടണില്‍ നേടിയ 40 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഏഴാമനായിറങ്ങിയ താരത്തിനു നാലു മത്സരങ്ങളില്‍ രണ്ടക്കം പോലും തികയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.


 

Latest Videos
Follow Us:
Download App:
  • android
  • ios