10 ലക്ഷത്തിന് വേണ്ടി ഞാനെന്തിന് അങ്ങനെ ചെയ്യണം? വാതുവെയ്പ്പ് വിവാദത്തില്‍ പ്രതികരിച്ച് ശ്രീശാന്ത്
പത്ത് ലക്ഷത്തിന് വേണ്ടി മാത്രം ഞാനെന്തിനാണ് ഇത് ചെയ്യുന്നതെന്നാണ് ശ്രീശാന്തിന്റെ ചോദ്യം. പ്രമുഖ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ സ്‌പോര്‍ട്‌സ് കീഡയുമായി സംസാരിക്കുകയായിരുന്നു ശ്രീശാന്ത്.
ദില്ലി: 2013 ഐപിഎല്ലിലെ വാതുവെയ്പ്പ് വിവാദത്തിലാണ് മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്തിന് (S Sreesanth) ക്രിക്കറ്റ് കരിയര്‍ തന്നെ നഷ്ടമായത്. 'ഒരു ഓവറില്‍ നിശ്ചിത റണ്‍സ് വിട്ടുകൊടുക്കണം എന്നായിരുന്നു വാതുവെയ്പ്പുകാരും ശ്രീശാന്ത് ഉള്‍പ്പെട്ട മറ്റു താരങ്ങളും തമ്മിലുണ്ടായിരുന്ന കരാര്‍' എന്നായിരുന്നു ആ സമയത്തെ പ്രധാന വാദം. എന്നാലിപ്പോള്‍ അന്നത്തെ സംഭവത്തെ കുറിച്ച് പ്രതികരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) താരമായിരുന്ന ശ്രീശാന്ത്.
പത്ത് ലക്ഷത്തിന് വേണ്ടി മാത്രം ഞാനെന്തിനാണ് ഇത് ചെയ്യുന്നതെന്നാണ് ശ്രീശാന്തിന്റെ ചോദ്യം. പ്രമുഖ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ സ്‌പോര്‍ട്‌സ് കീഡയുമായി സംസാരിക്കുകയായിരുന്നു ശ്രീശാന്ത്. ''ഒരു ഓവറില്‍ 14 റണ്‍സോ മറ്റോ വിട്ടുകൊടുക്കണം എന്നായിരുന്നല്ലൊ അന്നത്തെ വിഷയം. ഞാന്‍ നാല് പന്തില്‍ നിന്ന് അഞ്ച് റണ്‍സ് വഴങ്ങി. നോ ബോള്‍ ഇല്ല, വൈഡ് ഇല്ല, ഒരു സ്ലോ ബോള്‍ പോലുമില്ല. വെറും 10 ലക്ഷത്തിന് വേണ്ടി ഞാന്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നത് ?
എന്റെ കാല്‍വിരലിലെ ശസ്ത്രക്രിയക്ക് ശേഷവും 130ന് മുകളില്‍ വേഗതയില്‍ എറിയാന്‍ എനിക്ക് സാധിച്ചിരുന്നു. ഇറാനി ട്രോഫി കളിച്ച് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയായിരുന്നു എന്റെ ലക്ഷ്യം. അങ്ങനെയുള്ള ഞാനെന്തിന് ഇത്തരത്തില്‍ ചെയ്യണം.? ഞാനൊരു പാര്‍ട്ടി നടത്തുന്നത് പോലും രണ്ട് ലക്ഷം രൂപയ്ക്കാണ്.
ജീവിത്തില്‍ ഞാനൊരുപാട് പേര്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്. അവരുടെയെല്ലാം പ്രാര്‍ത്ഥനയാണ് എന്നെ പുറത്തെത്തിച്ചത്.'' ശ്രീശാന്ത് പറഞ്ഞുനിര്‍ത്തി. വാതുവെയ്പ്പിനെ തുടര്‍ന്ന് ആജിവനാന്ത വിലക്ക് നേരിട്ടെങ്കിലും സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ബിസിസിഐക്ക് ഇത് പിന്‍വലിക്കേണ്ടതായി വന്നു.
വിലക്ക് കാലാവധി കഴിഞ്ഞ ശ്രീശാന്ത് കേരള ടീമില്‍ ഇടംപിടിച്ചിരുന്നു. 27 ടെസ്റ്റും 53 ഏകദിനവും 10 ട്വന്റി20യും ഇന്ത്യക്ക് വേണ്ടി കളിച്ചു. 169 രാജ്യാന്തര വിക്കറ്റുകളും സ്വന്തമാക്കി.