കണക്കില്‍ സഞ്ജു പവറാടാ, പവര്‍; രോഹിത്, കോലി, റിഷഭ്... കൊമ്പന്‍മാരെല്ലാം ഏറെ പിന്നില്‍

2022ല്‍ അഞ്ച് ടി20 മത്സരങ്ങളാണ് സഞ്ജു സാംസണ്‍ കളിച്ചത്. നാല് ഇന്നിംഗ്‌സില്‍ 164 റണ്‍സ് നേടിയപ്പോള്‍ ഉയര്‍ന്ന സ്‌കോര്‍ 77.

Why Sanju Samson crucial for Team India in T20Is his batting average in 2022 higher than Virat Kohli and Rohit Sharma

ഫ്ലോറിഡ: രാജ്യാന്തര ടി20യില്‍ തന്‍റെ രണ്ടാം ഇന്നിംഗ്‌സ് കളിക്കുകയാണ് സഞ്ജു സാംസണ്‍(Sanju Samson). സ്ഥിരതയില്ലാ എന്ന് പഴിച്ചവര്‍ക്ക് മുന്നില്‍ സെന്‍സിബിള്‍ ഇന്നിംഗ്‌സുകളുമായി സഞ്ജു ഈ വര്‍ഷം മികവ് കാട്ടുന്നു. രാജ്യാന്തര ടി20യില്‍ വിരാട് കോലിയടക്കമുള്ള പല കൊമ്പന്‍മാര്‍ക്കും കാലിടറിയ 2022ല്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത്തെ ബാറ്റിംഗ് ശരാശരി സഞ്ജു സാംസണിന്‍റെ പേരിലാണ്. 

2022ല്‍ അഞ്ച് ടി20 മത്സരങ്ങളാണ് സഞ്ജു സാംസണ്‍ കളിച്ചത്. നാല് ഇന്നിംഗ്‌സില്‍ 164 റണ്‍സ് നേടിയപ്പോള്‍ ഉയര്‍ന്ന സ്‌കോര്‍ 77. ഒരു തവണ നോട്ടൗട്ടായി നിന്ന താരത്തിന് 54.66 ബാറ്റിംഗ് ശരാശരിയുണ്ട് ഈ വര്‍ഷം ഫോര്‍മാറ്റില്‍. 160. 78 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്‍റെ റണ്‍വേട്ട എന്നത് ഏറെ ശ്രദ്ധേയം. 16 ഫോറും എട്ട് സിക്‌സുകളും സഞ്ജുവിന്‍റെ ബാറ്റില്‍ നിന്ന് പിറന്നു. ദീപക് ഹൂഡ(59.00), രവീന്ദ്ര ജഡേജ(55.33) എന്നിവര്‍ മാത്രമാണ് ഈ വര്‍ഷം രാജ്യാന്തര ടി20യില്‍ സഞ്ജുവിനേക്കാള്‍ ബാറ്റിംഗ് ശരാശരിയുള്ള രണ്ടേ രണ്ട് ഇന്ത്യന്‍ താരങ്ങള്‍. രോഹിത് ശര്‍മ്മ(24.16), വിരാട് കോലി(20.25), റിഷഭ് പന്ത്(26.00) എന്നിങ്ങനെ ശരാശരി മാത്രമേ വമ്പന്‍ താരങ്ങള്‍ക്കുള്ളൂ. സഞ്ജുവിനൊപ്പം മത്സരരംഗത്തുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് 32.23 ശരാശരി മാത്രമേയുള്ളൂ. 

ഫ്ലോറിഡയില്‍ തന്നെ നടന്ന നാലാം ടി20യില്‍ 59 റണ്‍സിന്‍റെ ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ ബാറ്റിംഗിലും ഫീല്‍ഡിംഗിലും സഞ്ജു മികവ് കാട്ടി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തപ്പോള്‍ സഞ്ജുവിന്‍റെ ഇന്നിംഗ്‌സ്(23 പന്തില്‍ പുറത്താകാതെ 30* റണ്‍സ്) നിര്‍ണായകമായി. അവസാന ഓവറില്‍ സഞ്ജുവിന് അധികം പന്തുകള്‍ ലഭിക്കാതിരുന്നത് തിരിച്ചടിയായി. രോഹിത് ശര്‍മ്മ(33), സൂര്യകുമാര്‍ യാദവ്(24), റിഷഭ് പന്ത്(44), അക്സര്‍ പട്ടേല്‍ 8 പന്തില്‍ പുറത്താകാതെ 20* എന്നിവരും മത്സരത്തില്‍ മികച്ചുനിന്നു. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്തും സൂര്യയും 4.4 ഓവറില്‍ 53 റണ്‍സ് ചേര്‍ത്തതും നിര്‍ണായകമായി. ഫീല്‍ഡില്‍ ജേസന്‍ ഹോള്‍ഡറുടെ ക്യാച്ചും നിക്കോളാസ് പുരാന്‍റെ തകര്‍പ്പന്‍ റണ്ണൗട്ടുമായും സഞ്ജു തിളങ്ങി. ഇന്ന് അഞ്ചാം ടി20യില്‍ സഞ്ജു കളിക്കുമെന്നുറപ്പാണ്. 

ഇന്ത്യ മുന്നോട്ടുവെച്ച 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 19.1 ഓവറില്‍ 132 റണ്‍സിന് എല്ലാവരും പുറത്തായി. 24 റണ്‍സ് വീതമെടുത്ത ക്യാപ്റ്റന്‍ നിക്കോളാസ് പുരാനും റൊവ്മാന്‍ പവലുമാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍മാര്‍. അതേസമയം പരമ്പരയിലെ മികച്ച ഫോം അര്‍ഷ്‌ദീപ് സിംഗ് തുടര്‍ന്നു. അര്‍ഷ്‌ദീപ് സിംഗ് 3.1 ഓവറില്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി. ആവേശ് ഖാനും അക്‌സര്‍ പട്ടേലും രവി ബിഷ്‌ണോയിയും രണ്ട് വിക്കറ്റ് വീതം നേടി. വിന്‍ഡീസിനെതിരെ ഇന്നും മികവ് കാട്ടിയാല്‍ നാളെ പ്രഖ്യാപിക്കുന്ന ഏഷ്യാ കപ്പ് ടി20 സ്‌ക്വാഡില്‍ സ‍ഞ്ജുവിന്‍റെ പേര് ഇടംപിടിക്കാനാണ് സാധ്യത. 

ലോകത്തെ ഏത് സ്റ്റേഡിയവും സഞ്ജുവിന് സമമാണ്; മലയാളിതാരം കളിക്കുമെന്ന് പറഞ്ഞതും ഫ്ലോറിഡയിലും ഇളകിമറിഞ്ഞ് ഗാലറി

Latest Videos
Follow Us:
Download App:
  • android
  • ios