Asianet News MalayalamAsianet News Malayalam

കീപ്പറല്ലെങ്കിലും സഞ്ജുവിനെ കളിപ്പിക്കാം; പരിശീലനത്തിനിടെ ഫീല്‍ഡിംഗില്‍ ഞെട്ടിപ്പിക്കുന്ന ക്യാച്ചുമായി താരം

വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പോലും സ്‌പെഷ്യലിസ്റ്റ് ബാറ്ററായി സഞ്ജുവിനെ കളിപ്പിക്കണമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ വാദം.

watch video sanju samson took a stunning catch in training session
Author
First Published Jul 26, 2024, 8:54 PM IST | Last Updated Jul 26, 2024, 8:54 PM IST

കാന്‍ഡി: ശ്രീലങ്കയ്‌ക്കെതിരെ നാളെ ആദ്യ ടി20 മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. കാന്‍ഡിയിലാണ് മത്സരം. ടി20 ക്രിക്കറ്റില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ക്യാപ്റ്റനും ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനുമായശേഷമുള്ള ആദ്യ മത്സരത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ അടക്കം സിംബാബ്വെക്കെതിരായ ടി20 പരമ്പര നേടിയ ടീമിലെ ഭൂരിഭാഗം താരങ്ങളും ടി20 ടീമിലുണ്ട്. അഭിഷേക് ശര്‍മയും റുതുരാജ് ഗെയ്ക്വാദുമാണ് ടി20 ടീമിലിടം നഷ്ടമായവര്‍. റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി തിരിച്ചെത്തിയതിനാല്‍ പ്ലേയിംഗ് ഇലവനില്‍ സഞ്ജു സാംസണ് ഇടമുണ്ടാകുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ.

വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പോലും സ്‌പെഷ്യലിസ്റ്റ് ബാറ്ററായി സഞ്ജുവിനെ കളിപ്പിക്കണമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ വാദം. സഞ്ജു ദീര്‍ഘനേരം നെറ്റ്‌സില്‍ പരിശീലനം നടത്തുകയും ചെയ്തു. ഇതിനിടെ സഞ്ജു ഫീല്‍ഡ് ചെയ്യുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബിസിസിഐ പങ്കുവച്ച വീഡിയോയില്‍ സഞ്ജു തകര്‍പ്പന്‍ ക്യാച്ച് സ്വന്തമാക്കുന്നുണ്ട്. വീഡിയോ കാണാം..

ഇന്ത്യന്‍ ടീമിന്റെ സാധ്യതാ ഇലവനിലേക്ക് വരുമ്പോള്‍ സഞ്ജു കളിക്കുമോ എന്നുള്ള സംശയാണ്. ഓപ്പണിംഗില്‍ യശസ്വി ജയ്‌സ്വാളും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും തന്നെയാകും ഇറങ്ങുക. ലോകകപ്പിലേതുപോലെ മൂന്നാം നമ്പറില്‍ ഇന്ത്യക്കായി റിഷഭ് പന്ത് കളിക്കും. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ആകും നാലാം നമ്പറില്‍. ലോകകപ്പില്‍ വൈസ് ക്യപ്റ്റനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയാകും മധ്യനിരയില്‍ പേസ് ഓള്‍ റൗണ്ടറായി കളിക്കുക. ഫിനിഷറുടെ റോളിന് വേണ്ടി സഞ്ജുവിനൊപ്പം റിങ്കു സിംഗും മത്സരിക്കും. 

ഉയര്‍ന്ന നിലവാരമുണ്ട് അവന്റെ ക്രിക്കറ്റിന്! ഇന്ത്യന്‍ താരത്തെ വാഴ്ത്തി സൂര്യകുമാര്‍

സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി അക്‌സര്‍ പട്ടേലും വാഷിംഗ്ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനില്‍ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിംബാബ്വെക്കെതിരായ ടി20 പരമ്പരയുടെ താരമായിരുന്നു സുന്ദര്‍. സ്‌പെഷലിസ്റ്റ് സ്പിന്നറായി രവി ബിഷ്‌ണോയിക്കും പ്ലേയിംഗ് ഇലവനില്‍ ഇടം കിട്ടിയേക്കും. പേസ് നിരയില്‍ ശ്രീലങ്കക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാറുള്ള മുഹമ്മദ് സിറാജും ലോകകപ്പില്‍ തിളങ്ങിയ അര്‍ഷ്ദ്ദീപ് സിംഗും ഇടം നേടും. 

ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, റിങ്കു സിംഗ് / സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്,മുഹ്ഹമദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.

Latest Videos
Follow Us:
Download App:
  • android
  • ios