IPL 2022 : 'എടാ... നീ ഇറങ്ങി നിന്നോ'; ദേവ്ദത്തിനോട് പച്ച മലയാളത്തില്‍ സഞ്ജു; വൈറല്‍ വീഡിയോ കാണാം
ക്യാപ്റ്റന്‍ സഞ്ജു സാംസണും (Sanju Samson) നാലാമനായി ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കലും (Devdutt Padikkal). 27 പന്തില്‍ അഞ്ച് സിക്‌സു മൂന്ന് ഫോറും ഉള്‍പ്പെടെ 55 റണ്‍സ് നേടിയ സഞ്ജു മത്സരത്തിലെ താരമായി. 29 പന്തില്‍ 41 റണ്‍സ് നേടിയ പടിക്കല്‍ നിര്‍ണായക സംഭവാന നല്‍കി.
പൂനെ: ഐപിഎല്‍ 15-ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ (SRH) രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) മികച്ച സ്‌കോര്‍ സമ്മാനിച്ചത് രണ്ട് മലയാളി താരങ്ങളുടെ പ്രകടനമായിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണും (Sanju Samson) നാലാമനായി ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കലും (Devdutt Padikkal). 27 പന്തില്‍ അഞ്ച് സിക്‌സു മൂന്ന് ഫോറും ഉള്‍പ്പെടെ 55 റണ്‍സ് നേടിയ സഞ്ജു മത്സരത്തിലെ താരമായി. 29 പന്തില്‍ 41 റണ്‍സ് നേടിയ പടിക്കല്‍ നിര്‍ണായക സംഭവാന നല്‍കി.
ഇരുവരും 73 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇരുവരും ക്രിസീലുണ്ടായിരുന്ന സമയത്ത് രസകരമായ ചില നിമിഷങ്ങളുണ്ടായിരുന്നു. മലയാളത്തില്‍ ഇരുവരും സംസാരിച്ചുകൊണ്ടിരുന്നത്. മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ജനിച്ച ദേവ്ദത്തിന് മലയാളം നന്നായി വഴങ്ങുന്നുമുണ്ട്. ബാറ്റ് ചെയ്യുമ്പോള്‍ സഞ്ജു ദേവ്ദത്തിനോട് ചോദിക്കുന്നുണ്ടായിരുന്നു, ''പന്ത് നന്നായി ബാറ്റിലേക്ക് വരുന്നുണ്ടല്ലേ?'' എന്ന്. പിന്നാലെ വിക്കറ്റിനിടയിലെ ഓട്ടത്തിലും സഞ്ജു മലയാളത്തിലാണ് സംസാരിച്ചത്. സിംഗിളെടുക്കുന്നത് ഡബ്ബിളാക്കാന്‍ രണ്ട്... രണ്ട്... എന്നൊക്കെ സഞ്ജു പറയുന്നുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാവുകയും ചെയ്തു.
സഞ്ജു ഫീല്‍ഡ് സെറ്റ് ചെയ്തപ്പോഴും ദേവ്ദത്തിനോട് മലയാളത്തിലാണ് സംസാരിച്ചത്. ''എടാ... നീ ഇറങ്ങി നിന്നോ...'' എന്ന് സഞ്ജു വിളിച്ചു പറയുന്നത് സ്റ്റംപ് മൈക്കിലൂടെ പ്രേക്ഷകര്‍ക്ക് കേള്‍ക്കാമായിരുന്നു. എന്നാല്‍ പറഞ്ഞത് ദേവ്ദത്ത് ശ്രദ്ധിച്ചില്ല. പിന്നേയും ''ദേവ്... ദേവ്...'' എന്ന് വിളിക്കുന്നുണ്ടായിരുന്നു. ലോകതാരങ്ങള്‍ അണിനിരക്കുന്ന ഐപിഎല്ലില്‍ ഇരുവരും മലയാളത്തില്‍ സംസാരിക്കുന്നത് മലയാളി ആരാധകരേയും ഏറെ രസിപ്പിച്ചു. വീഡിയോ കാണാം.
മത്സരത്തില്‍ 61 റണ്‍സിനായിരുന്നു രാജസ്ഥാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഹൈദരാബാദിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനാണ് സാധിച്ചത്. സഞ്ജുവിന്റെ ബാറ്റിംഗിനെ പുകഴ്ത്തി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. മുന്‍ താരവും സെലക്റ്ററുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞത് സഞ്ജുവിന്റെ ബാറ്റിംഗില്‍ നിന്ന് കണ്ണെടുക്കാനേ തോന്നുന്നില്ലെന്നാണ്.
ഇതിനിടെ സഞ്ജു ഒരു റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ സിക്സുകളെന്ന റെക്കോര്‍ഡാണ് സഞ്ജു സ്വന്തമാക്കിയത്. 110 സിക്സുകളാണ് നിലവില്‍ സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്. മുന്‍ രാജസ്ഥാന്‍ താരം ഷെയ്ന്‍ വാട്സണെയാണ് താരം മറികടന്നത്. 110 സിക്സുകള്‍ സഞ്ജുവിന്റെ അക്കൗണ്ടിലുണ്ട്.
ഇക്കാര്യത്തില്‍ ജോസ് ബട്ലര്‍ മൂന്നാമതാണ്. 69 സിക്സാണ് ഇംഗ്ലീഷ് താരത്തിന്റെ അക്കൗണ്ടില്‍. നിലവില്‍ രാജസ്ഥാന്‍- ഹൈദരാബാദ് മത്സരത്തില്‍ ഏറ്റവും കുടുതല്‍ റണ്‍സ് നേടിയ താരവും സഞ്ജുവാണ്.