IPL 2022 : 'കോലി മനസില്‍ കണ്ടത് സഞ്ജു മാനത്ത് കണ്ടു'; മിന്നല്‍ വേഗത്തില്‍ ഒരു റണ്ണൗട്ട്- വീഡിയോ കാണാം
ചാഹല്‍ എറിഞ്ഞ നാലാം പന്ത് സ്ട്രൈക്കിങ് എന്‍ഡിലുണ്ടായിരുന്ന ഇംഗ്ലീഷ് ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വില്ലി ലെഗ്ഗിലേക്ക് തട്ടിയിട്ടു. ഇതോടെ സിംഗിളിനായി കോലി ക്രീസില്‍ നിന്നിറങ്ങി. എന്നാല്‍ വില്ലി അനങ്ങിയില്ല. പിച്ചിന്റെ പാതിവരെ എത്തിയ കോലി തിരിച്ചോടുമ്പോഴേക്കും സഞ്ജുവിന്റെ ത്രോ സ്വീകരിച്ച് ചാഹല്‍ ബെയ്ല്‍സ് ഇളക്കിയിരുന്നു.
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് (RCB) മുന്‍ നായകന്‍ വിരാട് കോലി (Virat Kohli) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ (Rajasthan Royals) അഞ്ച് റണ്‍സ് മാത്രമാണ് താരം നേടിയത്. കിടിലന്‍ ഇന്നിംഗ്‌സ് പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാതെ കളിക്കുമ്പോള്‍ ഫോമിലേക്ക് തിരിച്ചെത്തുമെന്നുള്ള വാദത്തിനും ശക്തിപകരാന്‍ കോലിക്ക് സാധിച്ചില്ല. ആറ് പന്ത് നേരിട്ട് ആത്മവിശ്വാസത്തോടെ ആരംഭിച്ച കോലിയെ മടക്കിയയച്ചത് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ (Sanju Samson) ക്ഷണനേരം കൊണ്ടുള്ള ഇടപെടലായിരുന്നു.
അതോടൊപ്പം സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലിന്റെ പിന്തുണകൂടിയായപ്പോള്‍ കോലിക്ക് പവലിയനിലേക്ക് തിരിച്ചുനടക്കേണ്ടി വന്നു. ഒമ്പതാം ഓവറിലാണ് സംഭവം. ചാഹല്‍ എറിഞ്ഞ നാലാം പന്ത് സ്ട്രൈക്കിങ് എന്‍ഡിലുണ്ടായിരുന്ന ഇംഗ്ലീഷ് ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വില്ലി ലെഗ്ഗിലേക്ക് തട്ടിയിട്ടു. ഇതോടെ സിംഗിളിനായി കോലി ക്രീസില്‍ നിന്നിറങ്ങി. എന്നാല്‍ വില്ലി അനങ്ങിയില്ല. പിച്ചിന്റെ പാതിവരെ എത്തിയ കോലി തിരിച്ചോടുമ്പോഴേക്കും സഞ്ജുവിന്റെ ത്രോ സ്വീകരിച്ച് ചാഹല്‍ ബെയ്ല്‍സ് ഇളക്കിയിരുന്നു. 12 മീറ്ററോളം ഓടി പന്തെടുത്ത സഞ്ജു ഒരു അക്രോബാറ്റിക്ക് ത്രോയിലൂടെ പന്ത് ചാഹലിന് നല്‍കുകയായിരുന്നു. വീഡിയോ കാണാം...
തൊട്ടടുത്ത പന്തില്‍ വില്ലിയേയും ചാഹല്‍ പുറത്താക്കി. അടുത്തടുത്ത പന്തുകളില്‍ ഇരുവരേയും പുറത്താക്കി ആര്‍സിബിയെ പ്രതിരോധത്തിലാക്കിയെങ്കിലും മത്സരത്തില്‍ രാജസ്ഥാന്‍ തോല്‍ക്കുകയായിരുന്നു. രാജസ്ഥാന്‍ മുന്നോട്ടുവച്ച 170 റണ്‍സ് വിജയലക്ഷ്യം ആര്‍സിബി 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ദിനേശ് കാര്‍ത്തിക് (23 പന്തില്‍ പുറത്താവാതെ 44), ഷഹ്ബാസ് അഹമ്മദ് (26 പന്തില്‍ 45) എന്നിവരുടെ മികവിലാണ് ആര്‍സിബിയുടെ ജയം.
അനുജ് റാവത്തും ഫാഫ് ഡുപ്ലസിസും ഗംഭീര തുടക്കം ആര്‍സിബിക്ക് നല്‍കി. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 48 റണ്‍സ് ഇരുവരും ചേര്‍ത്തു. പിന്നാലെ തൊട്ടടുത്ത ഓവറില്‍ യുസ്വേന്ദ്ര ചാഹല്‍ രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. 20 പന്തില്‍ 29 റണ്‍സെടുത്ത ഫാഫ്, ബോള്‍ട്ടിന്റെ കൈകളിലവസാനിച്ചു. റാവത്തിനെയാവട്ടെ (25 പന്തില്‍ 26) തൊട്ടടുത്ത ഓവറില്‍ സെയ്നി വിക്കറ്റിന് പിന്നില്‍ സഞ്ജുവിന്റെ കൈകളിലെത്തിച്ചു.
കോലിയുടെ റണ്ണൗട്ട് കൂടിയായപ്പോള്‍ 10 ഓവറില്‍ 68-4 എന്ന നിലയില്‍ പരുങ്ങി ആര്‍സിബി. 10 പന്തില്‍ അഞ്ച് റണ്‍സെടുത്ത ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡ്, ബോള്‍ട്ടിന്റെ പന്തില്‍ സെയ്നിയുടെ പറക്കും ക്യാച്ചില്‍ മടങ്ങി. എന്നാല്‍ ഷഹ്ബാസിനെ കൂട്ടുപിടിച്ച് കാര്‍്ത്തിക് ബൗണ്ടറികളുമായി കളംനിറഞ്ഞതോടെ പോരാട്ടം മുറുകി. ഇരുവരും സിക്സറുകളും ഫോറുകളുമായി രാജസ്ഥാന് കനത്ത വെല്ലുവിളിയുയര്‍ത്തി. 18-ാം ഓവറിലെ അഞ്ചാം പന്തില്‍ ഷഹ്ബാസിനെ (26 പന്തില്‍ 45) ബൗള്‍ഡാക്കി ബോള്‍ട്ടാണ് കൂട്ടുകെട്ട് പൊളിച്ചത്. എങ്കിലും അവസാന ഓവറില്‍ ആര്‍സിബി വിജയം സ്വന്തമാക്കി. കാര്‍ത്തിക് 23 പന്തില്‍ 44 ഉം ഹര്‍ഷല്‍ നാല് പന്തില്‍ ഒമ്പത് റണ്‍സുമായി പുറത്താവാതെ നിന്നു.