'ഒരു ചര്‍ച്ചയുടെയും ആവശ്യമില്ല, ആദ്യ ടെസ്റ്റില്‍ അവനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണം', തുറന്നുപറഞ്ഞ് ഗാംഗുലി
അശ്വിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണോ എന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയുടെയും ആവശ്യമില്ലെന്നും ടീമിലെ ഏറ്റവും മികച്ച സ്പിന്നറെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്നും ഗാംഗുലി
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരെ 22ന് തുടങ്ങുന്ന പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ചര്‍ച്ചകളിലാണ് ക്രിക്കറ്റ് ആരാധകര്‍. ശുഭ്മാന്‍ ഗില്ലിന് പരിക്കേല്‍ക്കുയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിട്ടു നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പെര്‍ത്തില്‍ ഇന്ത്യൻ ടീമില്‍ കാര്യമായ അഴിച്ചുപണിയാണ് പ്രതീക്ഷിക്കുന്നത്.
പെര്‍ത്തിലെ പേസും ബൗണ്‍സുമുള്ള പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് കാര്യമായ റോളുണ്ടാവില്ലെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഒരേയൊരു സ്പിന്നറെ മാത്രമെ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളു. അത് മിക്കവാറും രവീന്ദ്ര ജഡേജയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ പെര്‍ത്ത് ടെസ്റ്റില്‍ ആര്‍ അശ്വിനെയാണ് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കേണ്ടതെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യൻ നായകന്‍ സൗരവ് ഗാംഗുലി.
അശ്വിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണോ എന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയുടെയും ആവശ്യമില്ലെന്നും ടീമിലെ ഏറ്റവും മികച്ച സ്പിന്നറെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്നും ഗാംഗുലി പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് സ്പെഷലിസ്റ്റുകള്‍ക്കുള്ളതാണ്. രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും അശ്വിനെക്കാള്‍ മികച്ച ബാറ്റര്‍മാരാണെന്നത് ശരിയാണ്. എന്നാല്‍ ആദ്യ ടെസ്റ്റില്‍ ടീമിലെ ഏറ്റവും മികച്ച സ്പിന്നറെയാണ് കളിപ്പിക്കേണ്ടത്. അതുപോലെ സ്പെഷലിസ്റ്റ് ബാറ്റര്‍മാരെയും ബൗളര്‍മാരുമാണ് പ്ലേിയംഗ് ഇലവനില്‍ വേണ്ടത്. അതുകൊണ്ടുതന്നെ ആദ്യ ടെസ്റ്റിന് അശ്വിനാണ് എന്‍റെ ചോയ്സ്. ഓസ്ട്രേലിയന്‍ ടീമില്‍ നിരവധി ഇടംകൈയന്‍ ബാറ്റര്‍മാരുള്ളതിനാല്‍ അശ്വിന് മികവ് കാട്ടാനാകുമെന്നും ഗാംഗുലി റേവ് സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അശ്വിന് തിളങ്ങാനായിരുന്നില്ല. ന്യൂസിലന്‍ഡിനെതിരെ മൂന്ന് ടെസ്റ്റുകളിലും കളിച്ച അശ്വിന് 10 വിക്കറ്റ് പോലും നേടാന്‍ കഴിയാതിരുന്നത് ഇന്ത്യയുടെ പരമ്പര തോല്‍വിയിലും പ്രതിഫലിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പെര്‍ത്ത് ടെസ്റ്റില്‍ അശ്വിന് സ്ഥാനം കിട്ടാനിടയില്ലെന്നാണ് കരുതുന്നത്. ഓസീസ് ടീമിലെ ഇടം കൈയന്‍മാരുടെ സാന്നിധ്യം കണക്കിലെടുത്ത് രവീന്ദ്ര ജഡേജയെ വാഷിംഗ്ടണ്‍ സുന്ദറോ ആകും പ്ലേയിംഗ് ഇലവനിലെത്തുക എന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക