ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം ദുബായില്‍, ഇന്ന് ആദ്യ പരിശീലനം; വിരാട് കോലിയെത്തിയത് കുടുംബസമേതം

കൊവിഡ് ബാധിതനായ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് യുഎഇയിലെത്തിയിട്ടില്ല

Team India reached Dubai for Asia Cup 2022 Virat Kohli spotted with wife Anushka Sharma and daughter

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനായി ഇന്ത്യന്‍ ടീം ദുബായിലെത്തി. നായകന്‍ രോഹിത് ശര്‍മ്മ, വിരാട് കോലി, റിഷഭ് പന്ത് ഉള്‍പ്പടെയുള്ള താരങ്ങളാണ് ആദ്യം യുഎഇയിലെത്തിയത്. കെ എല്‍ രാഹുല്‍, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, ദീപക് ഹൂഡ തുടങ്ങിയ താരങ്ങള്‍ സിംബാബ്‌വെയില്‍ നിന്നും ദുബായിലെത്തി. കോലി ഭാര്യ അനുഷ്‌ക ശര്‍മ്മയ്‌ക്കും മകള്‍ വാമികയ്‌ക്കുമൊപ്പം കുടുംബസമേതമാണ് ടൂര്‍ണമെന്‍റിനായി എത്തിയത്. 

കൊവിഡ് ബാധിതനായ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിനൊപ്പം യുഎഇയിലെത്തിയിട്ടില്ല. ഇന്നലെ ബെംഗളൂരുവില്‍ നിന്ന് യാത്രതിരിക്കേണ്ടിയിരുന്നതായിരുന്നു ദ്രാവിഡ്. ഏഷ്യാ കപ്പിനുണ്ടാകുമോ ദ്രാവിഡ് എന്ന് വ്യക്തത വരുംവരെ സിംബാബ്‌വെയില്‍ ഇന്ത്യയെ പരിശീലിപ്പിച്ച വിവിഎസ് ലക്ഷ്‌മണ്‍ ടീമിനൊപ്പം തുടരും. ഇന്ന് ഇന്ത്യന്‍ ടീം ആദ്യ പരിശീലന സെഷന് ഇറങ്ങും. മൂന്ന് ദിവസം ദുബായില്‍ ടീമിന് പരിശീലനമുണ്ട്. ഏഷ്യാ കപ്പിലെ ഫേവറേറ്റുകളാണ് നിലവിലെ ജേതാക്കളായ ടീം ഇന്ത്യ. 

ആദ്യ അങ്കം പാകിസ്ഥാനെതിരെ

ഏഷ്യാ കപ്പില്‍ വൈരികളായ പാകിസ്ഥാന് എതിരെ ഓഗസ്റ്റ് 28-ാം തിയതി ദുബായിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. കഴിഞ്ഞ ടി20 ലോകകപ്പിലെ തോല്‍വിക്ക് അതേ വേദിയില്‍ പകരംവീട്ടാനാണ് ഇന്ത്യയിറങ്ങുന്നത്. 10 വിക്കറ്റിനായിരുന്നു അന്ന് ഇന്ത്യന്‍ പരാജയം. ഇന്ത്യക്ക് പരിക്കേറ്റ ജസ്‌പ്രീത് ബുമ്രയുടെ അഭാവവും പാകിസ്ഥാന് ഷഹീന്‍ ഷാ അഫ്രീദിയുടെ അസാന്നിധ്യവും ഏഷ്യാ കപ്പില്‍ തിരിച്ചടിയാവും. ടി20 ലോകകപ്പിലെ പോരാട്ടത്തില്‍ മൂന്ന് വിക്കറ്റുമായി ഇന്ത്യയെ ഷഹീന്‍ വിറപ്പിച്ചിരുന്നു. ഇന്ത്യന്‍ നിരയില്‍ മറ്റൊരു പേസര്‍ ഹര്‍ഷല്‍ പട്ടേലുമില്ല. 

ഏഷ്യാ കപ്പില്‍ ആരാധകരുടെ കണ്ണുകളെല്ലാം വിരാട് കോലിയിലാണ്. 1000ത്തിലേറെ ദിവസമായി രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറി നേടാന്‍ കോലിക്കായിട്ടില്ല. ഏഷ്യാ കപ്പില്‍ തിളങ്ങിയില്ലെങ്കില്‍ വരാനിരിക്കുന്ന ടി20 ലോകകപ്പിലെ കോലിയുടെ സ്ഥാനം ചോദ്യചിഹ്നമാകും.  

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍.

ദ്രാവിഡ് ഏഷ്യാ കപ്പിനുണ്ടാകുമോ? നാളെ നിര്‍ണായകം; വന്‍മതില്‍ ഇല്ലേലും ഇന്ത്യന്‍ ടീമിന് നിരാശപ്പെടേണ്ടിവരില്ല!

Latest Videos
Follow Us:
Download App:
  • android
  • ios