ഇന്ത്യ-ഇംഗ്ലണ്ട് സെമി, അഡ്‌ലെയ്ഡില്‍ നിര്‍ണായകമാകുമോ ടോസ്; കണക്കുകള്‍ പറയുന്നത്
പകല്‍ മത്സരങ്ങളില്‍ മാത്രമാണ് ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് മുന്‍തൂക്കമുള്ളത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം പകല്‍-രാത്രി മത്സരമാണ്. അഡ്‌ലെയ്ഡില്‍ ഇതുവരെ നടന്ന 11 ടി20 മത്സരങ്ങളില്‍ ഏഴെണ്ണത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീമുകള്‍ ജയിച്ചപ്പോള്‍ നാലെണ്ണത്തില്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീം ജയിച്ചു.
അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ വ്യാഴാഴ്ച നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടത്തില്‍ ടോസ് നിര്‍ണായകമാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. മത്സരദിവസം രാവിലെ മഴ പ്രവചനം ഉണ്ടെങ്കിലും അത് പക്ഷെ പ്രാദേശിക സമയം വൈകിട്ട് 6.30ന് തുടങ്ങുന്ന മത്സരത്തെ ബാധിക്കില്ല. അഡ്‌ലെയ്ഡില്‍ മത്സരദിവസമായ മറ്റന്നാള്‍ മഴ പെയ്യാനുള്ള സാധ്യത 30 ശതമാനനാണെന്നാണ് കാലാവസ്ഥാ പ്രവചനം.
ഈ ലോകകപ്പില്‍ അഡ്‌ലെയ്ഡില്‍ ഇതുവരെ നടന്ന ആറ് മത്സരങ്ങളില്‍ രണ്ട് തവണ മാത്രമാണ് രണ്ടാമത് ബാറ്റ് ചെയ്ത ടീമുകള്‍ ജയിച്ചത്. സിംബാബ്‌വെയും നെതര്‍ലന്‍ഡ്സും തമ്മില്‍ നടന്ന പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 117 റണ്‍സിന് പുറത്തായപ്പോള്‍ നെതര്‍ലന്‍ഡ്സ് 18 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സൂപ്പര്‍ 12വില്‍ അവസാനം നടന്ന ബംഗ്ലാദേശ്-പാക്കിസ്ഥാന്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 127 റണ്‍സടിച്ചപ്പോള്‍ പാക്കിസ്ഥാന്‍ 18.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഈ രണ്ട് ജയങ്ങള്‍ മാത്രമാണ് രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളുടേതായി ഉള്ളത്.
ടി20 ലോകകപ്പ്: 'അവന് കളി അറിയാം, റിസ്‌വാന് കണ്ടു പഠിക്കട്ടെ'; സൂര്യകുമാറിനെക്കുറിച്ച് അഫ്രീദി
ഇന്ത്യ-ബംഗ്ലാദേശ് മത്സരവും അഡ്‌ലെയ്ഡില്‍ തന്നെയാണ് നടന്നത്. മഴ തടസപ്പെടുത്തിയ ഈ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 റണ്‍സിന് ജയിച്ചു. അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 185 റണ്‍സാണ് ലോകകപ്പില്‍ ഈ ഗ്രൗണ്ടില ഉയര്‍ന്ന സ്കോര്‍. ബംഗ്ലാദേശിനെതിരെ ഇന്ത്യ 184 റണ്‍സടിച്ചിരുന്നു. പകല്‍ മത്സരങ്ങളില്‍ മാത്രമാണ് ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് മുന്‍തൂക്കമുള്ളത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം പകല്‍-രാത്രി മത്സരമാണ്. അഡ്‌ലെയ്ഡില്‍ ഇതുവരെ നടന്ന 11 ടി20 മത്സരങ്ങളില്‍ ഏഴെണ്ണത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീമുകള്‍ ജയിച്ചപ്പോള്‍ നാലെണ്ണത്തില്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീം ജയിച്ചു.
അഡ്‌ലെയ്ഡിലേത് സ്പിന്നിനെ തുണക്കുന്ന സ്ലോ വിക്കറ്റായതിനാല്‍ ഇന്ത്യ യുസ്‌വേന്ദ്ര ചാഹലിന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കാനും ഇടയുണ്ട്. എന്നാല്‍ പകല്‍ രാത്രി മത്സരത്തില്‍ സ്പിന്നര്‍മാര്‍ക്ക് കാര്യമായ പ്രഭാവം ഉണ്ടാക്കാന്‍ ഇവിടെ കഴിഞ്ഞിട്ടില്ലെന്നതും കാണാതിരിക്കാനാവില്ല. ബംഗ്ലാദേശിനെതിരെ അശ്വിനും അക്സര്‍ പട്ടേലും ഇന്ത്യന്‍ നിരയിലുണ്ടായിരുന്നു.
എന്നാല്‍ രണ്ടോവര്‍ എറിഞ്ഞ അശ്വിന്‍ 19 റണ്‍സ് വഴങ്ങിയപ്പോള്‍ മഴമൂലം ഓവറുകള്‍ വെട്ടിച്ചുരുക്കിയതോടെ അക്സറിന് ഒരോവറെ ബൗള്‍ ചെയ്യേണ്ടിവന്നുള്ളു. ആറ് റണ്‍സാണ് അക്സര്‍ വഴങ്ങിയത്. പകലും രാത്രിയുമായി നടന്ന ഓസ്ട്രേലിയ-അഫ്ഗാനിസ്ഥാന്‍ പോരാട്ടത്തില്‍ നാലോവറില്‍ 22 റണ്‍സ് വഴങ്ങി ആദം സാംപ രണ്ട് വിക്കറ്റെടുത്തപ്പോള്‍ അഫ്ഗാന്‍ സ്പിന്നര്‍മാരായ റാഷിദ് ഖാനും മുജീബ് ഉര്‍ റഹ്മാനും മുഹമ്മദ് നബിക്കും കാര്യമായി തിളങ്ങാനായിരുന്നില്ല.