ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബംഗ്ലാദേശ് തിരിച്ചടിക്കുന്നു! തയ്ജുലിന് അഞ്ച് വിക്കറ്റ്, സന്ദര്‍ശകര്‍ക്ക് തകര്‍ച്ച
തുടക്കത്തില്‍ തന്നെ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രമിന്റെ (6) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി.
ധാക്ക: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശ് തിരിച്ചടിക്കുന്നു. ധാക്കയില്‍ നടക്കുന്ന ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 106നെതിരെ ദക്ഷിണാഫ്രിക്ക ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ആറിന് 140 എന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് നേടിയ സ്പിന്നര്‍ തയ്ജുല്‍ ഇസ്ലാമാണ് ദക്ഷിണാഫ്രിക്കെ തകര്‍ത്തത്. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 106ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കഗിസോ റബാദ, വിയാന്‍ മള്‍ഡര്‍, കേശവ് മഹാരാജ് എന്നിവരാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. മുഹമ്മദുല്‍ ഹസന്‍ ജോയ് 30 റണ്‍സെടുത്ത് ബംഗ്ലാദേശിന്റെ ടോപ് സ്‌കോററായി.
തുടക്കത്തില്‍ തന്നെ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രമിന്റെ (6) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. പിന്നീട് ടോണി ഡി സോര്‍സി (30) - ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (23) സഖ്യം 41 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സ്റ്റബ്‌സിനെ പുറത്താക്കി തയ്ജുല്‍ ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ ഡേവിഡ് ബെഡിംഗ്ഹാം (11), റ്യാന്‍ റിക്കല്‍റ്റണ്‍ (27), മാത്യൂ ബ്രീറ്റ്‌സ്‌കെ (0) എന്നിവരേയും തയ്ജുല്‍ മടക്കി. അതിന് മുമ്പ് സോര്‍സിയേയും തയ്ജുല്‍ വീഴ്ത്തിയിരുന്നു. ഇതോടെ അഞ്ച് വിക്കറ്റ് നേട്ടവും. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ കൈല്‍ വെറെയ്നെ (18), വിയാന്‍ മള്‍ഡര്‍ (17) എന്നിവരാണ് ക്രീസില്‍.
നേരത്തെ, നാല് പേര്‍ക്ക് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്. മഹ്മുദുല്‍ ഹസന് പുറമെ മുഷ്ഫിഖുര്‍ റഹീം (11), മെഹിദി ഹസന്‍ മിറാസ് (13), തയ്ജുല്‍ ഇസ്ലാം (16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഷദ്മാന്‍ ഇസ്ലാം (0), മൊമിനുള്‍ ഹഖ് (4), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (7) ലിറ്റണ്‍ ദാസ് (1) നിരാശപ്പെടുത്തി. ജാകര്‍ അലി (2), നയീം ഹസന്‍ (8), തയ്ജുല്‍ ഇസ്ലാം (16) എന്നിവരും പുറത്തായി. ഇന്ത്യയുടെ പരമ്പര തോറ്റാണ് ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തം നാട്ടില്‍ ഇറങ്ങുന്നത്.
ബംഗ്ലാദേശ്: ഷാദ്മാന്‍ ഇസ്ലാം, മഹ്മൂദുല്‍ ഹസന്‍ ജോയ്, നജ്മുല്‍ ഹുസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മോമിനുല്‍ ഹഖ്, മുഷ്ഫിഖുര്‍ റഹീം, ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), മെഹിദി ഹസന്‍ മിറാസ്, ജാക്കര്‍ അലി, നയീം ഹസന്‍, തൈജുല്‍ ഇസ്ലാം, ഹസന്‍ മഹ്മൂദ്.
ദക്ഷിണാഫ്രിക്ക: ടോണി ഡി സോര്‍സി, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്സ്, ഡേവിഡ് ബെഡിംഗ്ഹാം, റയാന്‍ റിക്കല്‍ടണ്‍, മാത്യു ബ്രീറ്റ്സ്‌കെ, കൈല്‍ വെറെയ്നെ (വിക്കറ്റ് കീപ്പര്‍), വിയാന്‍ മള്‍ഡര്‍, കേശവ് മഹാരാജ്, കഗിസോ റബാഡ, ഡെയ്ന്‍ പീഡ്.