IPL : 'എന്തിനാണ് നിങ്ങള്‍ സച്ചിനെ പുറത്താക്കിയത്?'; ഗാംഗുലി ഇങ്ങനെ ചോദിക്കാനുണ്ടായ സംഭവം വ്യക്തമാക്കി അക്തര്‍

2008ല്‍ മുംബൈ ഇന്ത്യന്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (MI vs KKR) മത്സരത്തിലായിരുന്നു ആ സംഭവം. സച്ചിന്‍ മുംബൈയുടെ ക്യാപ്റ്റനായിരുന്നു. ഗാംഗുലിക്ക് കീഴില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടിയാണ് അക്തര്‍ കളിച്ചിരുന്നത്. ഒരിക്കലും മറക്കാനാവാത്തെ അനുഭവമായിരുന്നുവെന്നാണ് ആ മത്സരത്തെ കുറിച്ച് അക്തര്‍ പറയുന്നത്.

shoaib akhtar reveals he once made a mistake by getting sachin tendulkar out

റാവല്‍പിണ്ടി: മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തര്‍ (Shoaib Akthar) ഒമ്പത് തവണ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ (Sachin Tendulkar) പുറത്താക്കിയിട്ടുണ്ട്. മൂന്ന് തവണ ടെസ്റ്റിലും അഞ്ച് തവണ ഏകദിനത്തിലും അദ്ദേഹം അക്തറിന് മുന്നില്‍ കീഴടങ്ങി. പ്രഥമ ഐപിഎല്‍ (IPL) സീസണിലും അക്തര്‍ സച്ചിനെ മടക്കിയിരുന്നു. 2008ല്‍ മുംബൈ ഇന്ത്യന്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (MI vs KKR) മത്സരത്തിലായിരുന്നു ആ സംഭവം. സച്ചിന്‍ മുംബൈയുടെ ക്യാപ്റ്റനായിരുന്നു. ഗാംഗുലിക്ക് കീഴില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടിയാണ് അക്തര്‍ കളിച്ചിരുന്നത്.

ഒരിക്കലും മറക്കാനാവാത്തെ അനുഭവമായിരുന്നുവെന്നാണ് ആ മത്സരത്തെ കുറിച്ച് അക്തര്‍ പറയുന്നത്. ആ വിക്കറ്റിന് ശേഷം ആരാണ് നിങ്ങളോട് ആരാണ് സച്ചിനെ പുറത്താക്കാന്‍ പറഞ്ഞതെന്ന് ഗാംഗുലി ചോദിച്ചിരുന്നതായും അക്തര്‍ പറയുന്നു. അക്തര്‍ വിവരിക്കുന്നതിങ്ങനെ... ''അന്ന് വാംഖഡെയിലായിരുന്നു കളി. സ്റ്റേഡിയം മുംബൈ ഇന്ത്യന്‍സ് ആരാധകരെകൊണ്ട് നിറഞ്ഞിരുന്നു. സച്ചിന്റെ നഗരമാണത്. ഞാനും സച്ചിനും നേര്‍ക്കുനേര്‍ വരുന്നുവെന്നുള്ള വാര്‍ത്താ പ്രാധാന്യവും മത്സരത്തിന് ലഭിച്ചിരുന്നു. മാത്രമല്ല, കൊല്‍ക്കത്ത ഫ്രാഞ്ചൈസിയുടെ ഉടമ ഷാരുഖ് ഖാനും സ്റ്റേഡിയത്തിലുണ്ടായിരുന്നു. 

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത കേവലം 67 റണ്‍സിന് പുറത്താവുകയാണുണ്ടായത്. മത്സരം മുംബൈ എട്ട് വിക്കറ്റിന് ജയിക്കുകയും ചെയ്തു. എന്നാല്‍ സച്ചിനെ റണ്‍സെടുക്കും മുമ്പ് ഞാന്‍ പുറത്താക്കിയിരുന്നു. പിന്നാലെ എന്റെ ഫീല്‍ഡിംഗ് പൊസിഷന്‍ ഗാംഗുലി മാറ്റി. ഫൈന്‍ലെഗില്‍ നിന്നിരുന്ന എന്ന സര്‍ക്കിളിന് അകത്തേക്ക് കൊണ്ടുവരികയായിരുന്നു. കാണികള്‍ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്തത് നിന്ന് ഒഴിവാക്കാന്‍ വേണ്ടിയാണ് എന്റെ ഫീല്‍ഡിംഗ് പൊസിഷന്‍ മാറ്റിയത്. 

അതുകൊണ്ടുതന്നെ സച്ചിനെ ആദ്യഓവറില്‍ തന്നെ പുറത്താക്കിയത് വലിയ തെറ്റായി എനിക്ക് തോന്നിയിരുന്നു. പിന്നീട് ഫൈന്‍ലെഗില്‍ ഫീല്‍ഡ് നിന്ന എനിക്ക് കാണികളുടെ തെറിവിളി കേള്‍ക്കേണ്ടി വന്നു. തുടര്‍ന്നാണ് ഗാംഗുലി എന്നെ മിഡ് വിക്കറ്റിലേക്ക് മാറ്റിയത്. അന്ന് എന്നോട് ഗാംഗുലി ചോദിച്ചു. ആരാണ് താങ്കളോട് സച്ചിനെ പുറത്താക്കാന്‍ പറഞ്ഞത്? അതും മുംബൈയില്‍ വച്ച്?''

എന്നാല്‍ മത്സരശേഷം എനിക്കുനേരെ തെറിവിളിയൊന്നും ഉണ്ടായില്ലെന്നും അക്തര്‍ പറഞ്ഞു. 2008ല്‍ മാത്രമാണ് പാകിസ്ഥാന്‍ താരങ്ങള്‍ ഐപിഎല്ലിന്റെ ഭാഗമായിരുന്നത്. പിന്നീട് ഏകദിന പരമ്പരയ്ക്കും 2011 ഏകദിന ലോകകപ്പിനും പാകിസ്ഥാന്‍ ഇന്ത്യയിലെത്തിയെങ്കിലും വാംഖഡെയില്‍ കളിച്ചിരുന്നില്ല.
 

Latest Videos
Follow Us:
Download App:
  • android
  • ios