IPL 2022 : 'അവനെ മധ്യനിരയില്‍ പ്രതീക്ഷിക്കാം'; ആദ്യ മത്സരത്തിന് രാജസ്ഥാന്റെ പ്രതീക്ഷകള്‍ പങ്കുവച്ച് സഞ്ജു
മത്സരത്തിന് മുമ്പ് ടീമിന്റെ സാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് മലയാളി താരം സഞ്ജു. രാജസ്ഥാന്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് സഞ്ജു മത്സരത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവച്ചത്.
പൂനെ: ഐപിഎല്‍ 15-ാം സീസണില്‍ നാളെയാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരം. കെയ്ന്‍ വില്യംസണിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് രാജസ്ഥാന്‍ റോയല്‍സ് നേരിടുക. മത്സരത്തിന് മുമ്പ് ടീമിന്റെ സാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് മലയാളി താരം സഞ്ജു. രാജസ്ഥാന്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് സഞ്ജു മത്സരത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവച്ചത്.
സഞ്ജുവിന്റെ വാക്കുകള്‍... ''പൂനെയിലേത് പുതിയ പിച്ചായിരിക്കും. അതുകൊണ്ടുതന്നെ വലിയ സ്‌കോറാണ് പ്രതീക്ഷിക്കുന്നത്. ടീം ക്യാംപില്‍ എല്ലാവരും ആവേശത്തിലാണ്. ക്യാംപ് മുഴുവന്‍ സന്തോഷം മാത്രം. ഒരുപാട് പുതിയ താരങ്ങള്‍, പുതിയ കോച്ചിംഗ് സ്റ്റാഫുകള്‍. രസകരമായിട്ടാണ് ക്യാംപ് മുന്നോട്ടുപോകുന്നത്. എല്ലാവരേയും മനസിലാക്കുന്നതിന്റെ ഭാഗമായിട്ടാണത്. ശരിയായ വഴിയിലാണ് ടീം മുന്നോട്ടുപോകുന്നത്. ഈ സീസണില്‍ രാജസ്ഥാന് റോയല്‍സിന് മികച്ച സ്‌ക്വോഡ് ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.'' സഞ്ജു പറഞ്ഞു.
ബൗളിംഗ് കോച്ച് ലസിത് മലിംഗയെ കുറിച്ചും സഞ്ജു സംസാരിച്ചു. ''മലിംഗയും കുമാര്‍ സംഗക്കാരയും ഇന്ന് ഞങ്ങള്‍ക്കൊപ്പമുണ്ട്. ഞങ്ങളെല്ലാം അവരുടെ കളി കണ്ട് വളര്‍ന്നവരാണ്. ടീമിലെ യുവതാരങ്ങള്‍ക്ക് പ്രചോദനമാണ് ഇരുവരുടേയും സാന്നിധ്യം. അവരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ലാളിത്യത്തോടെയാണ് അദ്ദേഹം താരങ്ങളോട് പെരുമാറുന്നതും സംസാരിക്കുന്നതും. എല്ലാ ചോദ്യങ്ങള്‍ക്കും അദ്ദേഹം വ്യക്തതയോടെയുള്ള മറുപടി താരം. മാത്രമല്ല, ഇത്തരം പരിചയസമ്പന്നരുണ്ടാകുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ എനിക്ക് കാര്യങ്ങള്‍ എളുപ്പമാവും. എതിര്‍ ടീം താരങ്ങളുടെ ദൗര്‍ബല്യങ്ങള്‍ എന്താണെന്ന് കൃത്യമായി പറഞ്ഞുതരാന്‍ അവര്‍ക്ക് സാധിക്കും.'' സഞ്ജു വിശദീകരിച്ചു.
''ടി20 ഫോര്‍മാറ്റില്‍ ഭയമില്ലാതെ കളിക്കുകയാണ് വേണ്ടത്. രണ്ടാമതൊരു ചിന്തയ്ക്ക് സമയമില്ല. ടീമിന്റെ ഡെത്ത് ബൗളിംഗ് ഓപ്ഷനും ശക്തമാണ്. ഒരുപാട് സാധ്യതകളുണ്ട് ടീമിന്. വലിയ ടൂര്‍ണമെന്റായതിനാല്‍ താരങ്ങളെ മാറ്റി മാറ്റി ഉപയോഗിക്കേണ്ടതായി വരും. ക്യാപ്റ്റനെ നിലയില്‍ കഴിഞ്ഞ വര്‍ഷം എനിക്ക് പഠനകാലയളവായിരുന്നു. ഈ സീസണില്‍ കഴിവുള്ള താരങ്ങള്‍ ടീമിലുണ്ട്.'' സഞ്ജു വിലയിരുത്തി.
യുവതാരം റിയാന്‍ പരാഗിനെ കുറിച്ചും സഞ്ജു സംസാരിച്ചു. ''പരിശീലന മത്സരങ്ങൡ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ഈ വര്‍ഷം അവന്‍ കഴിവിനോട് നീതി പുലര്‍ത്തുമെന്നാണ് ഞാന്‍ കരുതുന്നത്. മധ്യനിരയില്‍ അവനെ പ്രതീക്ഷിക്കാം. ടി20 ഫോര്‍മാറ്റില്‍ 20 മുതല്‍ 30 റണ്‍സ് പോലും മത്സരഗതി മാറ്റാന്‍ കഴിയുന്ന സ്‌കോറാണ്.'' സഞ്ജു വിശദമാക്കി.