'ഇവന് നീ ഏത് പന്തെറിഞ്ഞാലും കുഴപ്പമില്ല', നൂറാം ടെസ്റ്റിനിറങ്ങിയ ജോണി ബെയര്‍സ്റ്റോയെയും വെറുതെ വിടാതെ രോഹിത്
ക്രീസിലെത്തിയപാടെ ബാസ്ബോള്‍ അടിയുമായി 18 പന്തില്‍ 29 റണ്‍സെടുത്തെങ്കിലും കുല്‍ദീപ് യാദവിന്‍റെ സ്പിന്നിന് മുന്നില്‍ ബെയര്‍സ്റ്റോ വീണു.
ധരംശാല: ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്റ്റോയുടെ നൂറാം ടെസ്റ്റ് കൂടിയായിരുന്നു. ഇന്ത്യൻ സ്പിന്നര്‍ അശ്വിനെപ്പോലെ നൂറാം ടെസ്റ്റിനിറങ്ങിയ ബെയര്‍സ്റ്റോക്ക് പക്ഷെ നിര്‍ണായക മത്സരത്തില്‍ തിളങ്ങാനായില്ല.
ക്രീസിലെത്തിയപാടെ ബാസ്ബോള്‍ അടിയുമായി 18 പന്തില്‍ 29 റണ്‍സെടുത്തെങ്കിലും കുല്‍ദീപ് യാദവിന്‍റെ സ്പിന്നിന് മുന്നില്‍ ബെയര്‍സ്റ്റോ വീണു. ഓപ്പണറായി ഇറങ്ങി അര്‍ധസെഞ്ചുറി നേടിയ സാക് ക്രോളിയെ അവിശ്വസനീയമായൊരു പന്തില്‍ കുല്‍ദീപ് ക്ലീന്‍ ബൗള്‍ഡാക്കിയപ്പോഴാണ് ബെയര്‍സ്റ്റോ ക്രീസിലെത്തിയത്. ജോ റൂട്ടായിരുന്നു ഈ സമയം മറുവശത്ത്.
ക്രോളിയുടെ ഓഫ് സ്റ്റംപില്‍ പിച്ച് ചെയ്ത പന്ത് കുത്തിത്തിരിഞ്ഞ് ലെഗ് സ്റ്റംപ് ബെയില്‍സിളക്കിയപ്പോള്‍ ഇംഗ്ലണ്ട് താരത്തിന് അത് വിശ്വസിക്കാനായില്ല. ക്രീസിലെത്തിയ ബെയര്‍സ്റ്റോ പിച്ച് പരിശോധിച്ചശേഷം ജോ റൂട്ടിനോട് സംസാരിക്കവെ ക്യപ്റ്റന്‍ രോഹിത് ശര്‍മ സ്ലിപ്പില്‍ നിന്ന് കുല്‍ദീപിനോട് വിളിച്ചു പറയുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു.
ഇവന് നീ എങ്ങനെ വേണമെങ്കിലും എറിഞ്ഞോ എന്നായിരുന്നു രോഹിത് കുല്‍ദീപിനോട് വിളിച്ചു പറഞ്ഞത്. പരമ്പരയിലെ ബെയര്‍സ്റ്റോയുടെ മോശം ഫോമിനെ പരാമര്‍ശിച്ചായിരുന്നു രോഹിത്തിന്‍റെ കമന്‍റ്. ഈ പരമ്പരയില്‍ ഇതുവരെ തിളങ്ങാനാവാത്ത ബെയര്‍സ്റ്റോയുടെ ടീമിലെ സ്ഥാനം പോലും ഭീഷണിയിലാണ്. തകര്‍പ്പന്‍ തുടക്കമിട്ടശേഷം മോശം ഷോട്ട് കളിച്ചാണ് ബെയര്‍ സ്റ്റോ പരമ്പരയിലെ എല്ലാ മത്സരങ്ങളിലും പുറത്തായത്. ഇന്നും രണ്ട് ഫോറും രണ്ട് സിക്സും പറത്തി 18 പന്തില്‍ 29 റണ്‍സടിച്ച് തുടങ്ങിയെങ്കിലും കുല്‍ദീപിന്‍റെ പന്തില്‍ ധ്രുവ് ജുറെലിന് ക്യാച്ച് നല്‍കി ബെയര്‍സ്റ്റോ മടങ്ങി.
On 100th test ~
— Bishontherockz 2.0 (prev account - BishOnTheRockz) (@BishOnTheRockx) March 7, 2024
"isko toh kuch bhi daal"
"Haan inko thik hai" 😂😂😂 pic.twitter.com/si7mTSdblQ
ബെയര്‍സ്റ്റോ പുറത്തായതിന് പിന്നാലെ ജോ റൂട്ട്, ബെന്‍ സ്റ്റോക്സ് എന്നിവരും മടങ്ങിയതോടെ 175-3ല്‍ നിന്ന് ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാതെ ഇംഗ്ലണ്ട് 175-6ലേക്ക് കൂപ്പുകുത്തി. 218 റണ്‍സിന് ഓള്‍ ഔട്ടായ ഇംഗ്ലണ്ടിന് അവസാന ഏഴ് വിക്കറ്റുകള്‍ 43 റണ്‍സിനാണ് നഷ്ടമായത്. അതിന് കാരണമായതാകട്ടെ ബെയര്‍സ്റ്റോയുടെ പുറത്താകലും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക