സുഖമില്ലാതായത് അമ്മയ്ക്ക്, ഉലഞ്ഞ് അശ്വിന്‍, ഉടനടി തീരുമാനമെടുത്തു; കാരണം പുറത്തുവിട്ട് ബിസിസിഐ ഉന്നതന്‍

ആർ അശ്വിന്‍ ചെന്നൈയിലേക്ക് മടങ്ങിയതിന്‍റെ യഥാർഥ കാരണം പുറത്തുവിട്ടിരിക്കുകയാണ് ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല

Rajiv Shukla reveals Why Ravichandran Ashwin has withdrawn from the third Test against England in Rajkot

രാജ്കോട്ട്: കരിയറിലെ 500-ാം ടെസ്റ്റ് വിക്കറ്റ് തികച്ചതിന് പിന്നാലെ ഇന്ത്യന്‍ വൈറ്ററന്‍ സ്പിന്നർ രവിചന്ദ്രന്‍ അശ്വിന്‍ ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്. കുടുംബത്തില്‍ ആർക്കോ ആരോഗ്യപ്രശ്നം വന്നതിനെ തുടർന്നാണ് അശ്വിന്‍റെ പിന്‍മാറ്റം എന്ന് വാർത്താകുറിപ്പിലൂടെ ബിസിസിഐ സൂചിപ്പിച്ചിരുന്നു. എന്നാല്‍ എന്താണ് സംഭവിച്ചത് എന്ന് ബിസിസിഐ വിശദീകരിച്ചില്ല. അശ്വിന്‍റെ കുടുംബവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പുറത്തുവന്നതിന് പിന്നാലെ യഥാർഥ കാരണം പുറത്തുവിട്ടിരിക്കുകയാണ് ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല. 

സുഖമില്ലാതായ അമ്മയ്ക്ക് അരികിലേക്കാണ് ആർ അശ്വിന് പാഞ്ഞെത്തിയിരിക്കുന്നത് എന്നാണ് ഇതോടെ വ്യക്തമായിരിക്കുന്നത്. ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല സാമൂഹ്യമാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 'അശ്വിന്‍റെ മാതാവ് വേഗത്തില്‍ സുഖംപ്രാപിക്കാന്‍ ആശംസകള്‍ നേരുന്നു. അമ്മയ്ക്കൊപ്പമായിരിക്കാന്‍ അശ്വിന് അടിയന്തരമായി രാജ്കോട്ടില്‍ നിന്ന് ചെന്നൈയിലേക്ക് എത്തേണ്ട സാഹചര്യം വന്നിരിക്കുകയാണ്' എന്നുമാണ് രാജീവ് ശുക്ലയുടെ ട്വീറ്റ്. 

ബിസിസിഐ വാർത്താകുറിപ്പ്

'അശ്വിനും കുടുംബത്തിനും എല്ലാ പിന്തുണയും അറിയിക്കുന്നു. താരങ്ങളുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ഈ പ്രതിസന്ധിക്കാലത്ത് അശ്വിന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യതയെ ബിസിസിഐ മാനിക്കുന്നു. അശ്വിന് എല്ലാവിധ സഹായങ്ങളും ഒരുക്കാന്‍ ബോർഡ് സജ്ജമാണ്. അശ്വിന്‍റെ സാഹചര്യം ആരാധകരും മാധ്യമങ്ങളും മനസിലാക്കും എന്ന് കരുതുന്നു- ഇത്രയുമാണ് അശ്വിന്‍ രാജ്കോട്ട് ടെസ്റ്റിലെ അവശേഷിക്കുന്ന ദിനങ്ങള്‍ കളിക്കില്ല എന്ന് അറിയിച്ചുകൊണ്ടുള്ള ബിസിസിഐയുടെ വാർത്താകുറിപ്പിലുണ്ടായിരുന്നത്. 

രവിചന്ദ്രന്‍ അശ്വിന് പിന്‍മാറിയതോടെ രാജ്കോട്ട് ടെസ്റ്റില്‍ ടീം ഇന്ത്യ പത്ത് താരങ്ങളായി ചുരുങ്ങി. ഏതെങ്കിലും താരത്തിന് പരിക്കോ കൊവിഡ് ബാധയോ സംഭവിച്ചാല്‍ മാത്രമേ സബ്സ്റ്റിറ്റ്യൂട്ട് താരത്തെ അനുവദിക്കൂ എന്നാണ് ഐസിസി ചട്ടം. ഇംഗ്ലണ്ടിനെതിരെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ കൂടിയും അശ്വിന് നഷ്ടമാകുന്ന സാഹചര്യമുണ്ടായാല്‍ താരത്തിന് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിക്കും. 

Read more: അപ്രതീക്ഷിത ആഘാതം; ആർ അശ്വിന്‍ കുടുംബപരമായ കാരണങ്ങളാല്‍ രാജ്കോട്ട് ടെസ്റ്റില്‍ നിന്ന് പിന്‍മാറി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios