തോന്നിയത് പോലെ നടക്കാന്‍ പറ്റില്ല! പൃഥ്വി ഷായെ മുംബൈ ടീമില്‍ നിന്നും ഒഴിവാക്കി, കാരണമറിയാം
കൃത്യമായി പരിശീലന സെഷനില്‍ പങ്കെടുത്താതും ഫിറ്റ്‌നെസ് സൂക്ഷിക്കാത്തതുമാണ് ടീമീല്‍ നിന്നുള്ള പുറത്താകലിന് വഴിവച്ചത്.
മുംബൈ: വരാനിരിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിനുള്ള മുംബൈ ടീമില്‍ നിന്ന് യുവ ഓപ്പണര്‍ പൃഥ്വി ഷായെ ഒഴിവാക്കി. അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് ഒഴിവാക്കല്‍ എന്നറിയുന്നത്. കൃത്യമായി പരിശീലന സെഷനില്‍ പങ്കെടുത്താതും ഫിറ്റ്‌നെസ് സൂക്ഷിക്കാത്തതുമാണ് ടീമീല്‍ നിന്നുള്ള പുറത്താകലിന് വഴിവച്ചതെന്നാണ് റിപ്പോര്‍ട്ട്. ശരീരഭാരം കൂടിയതിനാല്‍ കളിക്കാന്‍ യോഗ്യനല്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. സഞ്ജയ് പാട്ടീല്‍ (ചെയര്‍മാന്‍), രവി താക്കര്‍, ജീതേന്ദ്ര താക്കറെ, കിരണ്‍ പൊവാര്‍, വിക്രാന്ത് യെലിഗെതി എന്നിവരടങ്ങുന്ന മുംബൈ സെലക്ഷന്‍ കമ്മിറ്റി ഒരു മത്സരത്തിനെങ്കിലും പൃഥ്വി ഷായെ ഒഴിവാക്കണമെന്ന നിലപാട് സ്വീകരിച്ചു.
പിന്നീടുള്ള മത്സരങ്ങളില്‍ അദ്ദേഹത്തെ കളിപ്പിക്കുമോ എന്നുള്ള കാര്യത്തില്‍ ഉറപ്പില്ല. എന്നാല്‍ ഈയൊരു ഇടവേള 24കാരന് പാഠമാകുമെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. ടീമിലെ മറ്റ് ഇന്ത്യന്‍ താരങ്ങളായ ശ്രേയസ് അയ്യര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ എന്നിവരെല്ലാം കൃത്യമായി പരിശീലനത്തില്‍ പങ്കെടുക്കാറുണ്ട്. അതേസമയം പൃഥ്വി ഷാ സെഷനുകളില്‍ നിന്ന വിട്ടുനില്‍ക്കുകയാണ്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, പൃഥ്വി ഷായെ ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തില്‍ സെലക്ടര്‍മാരും ക്യാപ്റ്റനും പരിശീലകനും ഉള്‍പ്പെടെ ടീം മാനേജ്മെന്റ് ഒറ്റക്കെട്ടായിരുന്നുവെന്നാണ്.
അഖില്‍ ഹെര്‍വാദ്കറാണ് പൃഥ്വിക്ക് പകരം ടീമിലെത്തിയത്. 41 രഞ്ജി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് അദ്ദേഹം. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തനുഷ് കോട്ടിയന് പകരം കര്‍ഷ് കോത്താരിയും ടീമിലെത്തി. അഞ്ച് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും ഒരു ടി20 മത്സരവും പൃഥ്വി ഷാ കളിച്ചിട്ടുണ്ട്. 2018ല്‍ രാജ്കോട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ തന്റെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടി പ്ലയര്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ക്രിക്കറ്റുമായി ബന്ധമില്ലാത്ത ഫീല്‍ഡിന് പുറത്തുള്ള പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ കരിയറിനെ താറുമാരാക്കി.
ഈ സീസണില്‍ ഇതുവരെ രണ്ട് രഞ്ജി ട്രോഫി മത്സരങ്ങാണ് താരം കളിച്ചത്. ബറോഡയ്‌ക്കെതിരെ 7, 12 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. മഹാരാഷ്ട്രക്കെതിരെ ആദ്യ ഇന്നിംഗ്‌സില്‍ ഒരു റണ്‍സുമായി പുറത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ 39 റണ്‍സുമായി പുറത്താവാതെ നിന്നു. ഒരു ജയവും ഒരു തോല്‍വിയുമാണ് മുംബൈക്ക്. 26ന് അഗര്‍ത്തലയില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ മുംബൈ, ത്രിപുരയെ നേരിടും.
മുംബൈ ടീം: അജിന്‍ക്യാ രഹാനെ (ക്യാപ്റ്റന്‍), ആയുഷ് മാത്രെ, അംഗ്കൃഷ് രഘുവംശി, അഖില്‍ ഹെര്‍വാദ്കര്‍, ശ്രേയസ് അയ്യര്‍, സിദ്ധേഷ് ലാഡ്, സൂര്യാന്‍ഷ് ഷെഡ്ഗെ, ഹാര്‍ദിക് താമോര്‍ (വിക്കറ്റ് കീപ്പര്‍), സിദ്ധാന്ത് അദ്ധാത്റാവു (വിക്കറ്റ് കീപ്പര്‍), ഷംസ് മുലാനി, കര്‍ഷ് സിംഗ് താവുര്‍, ഹിദ്മാന്‍ സിംഗ് കോതാരി, മോഹിത് അവസ്തി, ജുനെദ് ഖാന്‍, റോയിസ്റ്റണ്‍ ഡയസ്.