IPL 2022: സഞ്ജുവിന്‍റെയും പടിക്കലിന്‍റെയും ആറാട്ട്; രാജസ്ഥാനെതിരെ ഹൈദരാബാദിന് 211 റണ്‍സ് വിജയലക്ഷ്യം

പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ജോസ് ബട്‌ലറെ രാജസ്ഥാന് നഷ്ടമായതായിരുന്നു. ഭുവനേശ്വര്‍ കുമാറിന്‍റെ സ്വിംഗില്‍ അടിതെറ്റിയ ബട്‌ലര്‍ അക്കൗണ്ട് തുറക്കും മുമ്പെ നാലാം പന്തില്‍ സ്ലിപ്പില്‍ അബ്ദുള്‍ സമദിന് ക്യാച്ച് നല്‍കി. എന്നാല്‍ നോ ബോളാണെന്ന് റീ പ്ലേകളില്‍ വ്യക്തമായതോടെ ബട്‌ലറെ തിരിച്ചുവിളിച്ചു. ആദ്യ മൂന്നോവറില്‍ 13 റണ്‍സ് മാത്രം നേടിയ രാജസ്ഥാന്‍ ഉമ്രാന്‍ മാലിക് എറിഞ്ഞ നാലാം ഓവറില്‍ 21 റണ്‍സടിച്ച് ടോപ് ഗിയറിലായി.

PL 2022: Hyderabad vs Rajasthan Live Updates, Sanju Samson Shines, SRH need 211 to win against RR

പൂനെ: ഐപിഎല്‍ സീസണിലെ ആദ്യ മത്സരത്തില്‍ തകര്‍ത്തടിക്കുന്ന ശീലം സഞ്ജു സാംസണ്‍ ഇത്തവണയും തെറ്റിച്ചില്ല. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ (Hyderabad vs Rajasthan)  പോരാട്ടത്തില്‍ സഞ്ജുവിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും ദേവ്ദത്ത് പടിക്കലിന്‍റയെും ഇന്നിംഗ്സിന്‍റെ അവസാനം ഷിമ്രോണ്‍ ഹെറ്റ്മെയറിന്‍റെയും ബാറ്റിംഗ് വെടിക്കെട്ടിന്‍റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. 27 പന്തില്‍ 55 റണ്‍സെടുത്ത സഞ്ജുവാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ഹൈദരാബാദിനായി ഉമ്രാന്‍ മാലിക്ക് രണ്ടും ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു.

ബട്ലറുടെ ഭാഗ്യം, രാജസ്ഥാന്‍റെയും

പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ജോസ് ബട്‌ലറെ രാജസ്ഥാന് നഷ്ടമായതായിരുന്നു. ഭുവനേശ്വര്‍ കുമാറിന്‍റെ സ്വിംഗില്‍ അടിതെറ്റിയ ബട്‌ലര്‍ അക്കൗണ്ട് തുറക്കും മുമ്പെ നാലാം പന്തില്‍ സ്ലിപ്പില്‍ അബ്ദുള്‍ സമദിന് ക്യാച്ച് നല്‍കി. എന്നാല്‍ നോ ബോളാണെന്ന് റീ പ്ലേകളില്‍ വ്യക്തമായതോടെ ബട്‌ലറെ തിരിച്ചുവിളിച്ചു. ആദ്യ മൂന്നോവറില്‍ 13 റണ്‍സ് മാത്രം നേടിയ രാജസ്ഥാന്‍ ഉമ്രാന്‍ മാലിക് എറിഞ്ഞ നാലാം ഓവറില്‍ 21 റണ്‍സടിച്ച് ടോപ് ഗിയറിലായി.

ഉമ്രാന്‍ മാലിക്കിന്‍റെ വേഗമേറിയ പന്തുകളെ രണ്ട് തവണ ബൗണ്ടറിയും സിക്സിനും പറത്തിയാണ് ബട്‌ലര്‍ വരവേറ്റത്. ഇതിനിടെ മാലിക്കിന്‍റെ പന്തില്‍ ബട്‌ലര്‍ നല്‍കിയ ക്യാച്ച് സ്ലിപ്പില്‍ സമദ് കൈവിട്ടു. ക്യാച്ചെടുത്തിരുന്നെങ്കിലും നോ ബോളായതിനാല്‍ ബട്‌ലര്‍ വീണ്ടും വീണ്ടും രക്ഷപ്പെടുമായിരുന്നു.

പവര്‍ പ്ലേയില്‍ വാഷിംഗ്ടണ്‍ സുന്ദറെ പന്തേല്‍പ്പിക്കാനുള്ള വില്യംസണിന്‍റെ തീരുമാനവും തിരിച്ചടിച്ചു. സുന്ദര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ രണ്ട് സിക്സ് അടക്കം 18 റണ്‍സടിച്ച് യശസ്വി ജയ്‌സ്വാളും ബട്‌ലര്‍ക്കൊപ്പം കൂടിയതോടെ അഞ്ചാം ഓവറില്‍ രാജസ്ഥാന്‍ 50 കടന്നു. പവര്‍പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ ടി നടരാജനെ ബൗണ്ടറിയടിച്ചാണ് ജയ്‌സ്വാള്‍ വരവേറ്റത്. ആ ഓവറില്‍ റണ്‍സടിച്ച് രാജസ്ഥാന്‍ പവര്‍പ്ലേ പവറാക്കി. പവര്‍ പ്ലേയില്‍ മാത്രം നാലു നോ ബോളുകളെറിഞ്ഞ് ഹൈദരാബാദ് ബൗളര്‍മാരും രാജസ്ഥാനെ കൈയയച്ച് സഹായിച്ചു.

സഞ്ജുവിന്‍റെയും പടിക്കലിന്‍റെയും ആറാട്ട്

പവര്‍ പ്ലേക്ക് പിന്നാലെ ജയ്‌സ്വാളും(16 പന്തില്‍ 20), ബട്‌ലറും(28 പന്തില്‍ 35) മടങ്ങിയതോടെ രാജസ്ഥാന്‍ കിതക്കുമെന്ന് കരുതിയ ഹൈദരാബാദിന് പിഴച്ചു. ക്രീസിലെത്തി മലയാളി താരങ്ങളായ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും തകര്‍ത്തടിച്ചതോടെ രാജസ്ഥാന്‍ സ്കോര്‍ ബോര്‍ഡ് കുതിച്ചു. പതിനൊന്നാം ഓവറില്‍ 100 കടന്ന രാജസ്ഥാന്‍ സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറെയും ഉമ്രാന്‍ മാലിക്കിനെയും ടി നടരാജനെയും മധ്യ ഓവറുകളില്‍ അടിച്ചു പറത്തി.

സഞ്ജു 18 പന്തില്‍ 37 രണ്‍സിലെത്തിയപ്പോള്‍ 14 പന്തില്‍ 16 റണ്‍സിലായിരുന്ന പടിക്കല്‍ പിന്നീട് സഞ്ജുവിനെയും പിന്നിലാക്കി കുതിച്ചു. പതിനഞ്ചാം ഓവറിലെ പടിക്കലിനെ(29 പന്തില്‍ 41) ബൗള്‍ഡാക്കി ഉമ്രാന്‍ മാലിക്ക് ഹൈദരാബാദിന് ആശ്വസിക്കാന്‍ വക നല്‍കിയെങ്കിലും സഞ്ജു അടി തുടര്‍ന്നു. വാഷിംഗ്ടണ്‍ സുന്ദറിനെതിരെ തുടര്‍ച്ചയായ രണ്ട് സിക്സുകളുമായി 25 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സഞ്ജു പതിനാറാം ഓവറില്‍ ഭുവനേശ്വര്‍ കുമാറിനെ സിക്സടിക്കാനുള്ള ശ്രമത്തില്‍ പുറത്തായി.

സഞ്ജുവും പടിക്കലും പുറത്തായശേഷം ആക്രമണം ഏറ്റെടുത്ത ഹെറ്റ്മെയറും അവസാന നാലോവറില്‍ 47 റണ്‍സടിച്ച്  രാജസ്ഥാനെ 210ല്‍ എത്തിച്ചു. ഹെറ്റ്മെയര്‍ 13 പന്തില്‍ 32 റണ്‍സടിച്ചപ്പോള്‍ പരാഗ് ഒമ്പത് പന്തില്‍ 12 റണ്‍സടിച്ചു പുറത്തായി.

നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ട്രെന്‍റ് ബോള്‍ട്ട്, കൂള്‍ട്ടര്‍നൈല്‍, ഹെറ്റ്മെയര്‍, ബട്‌ലര്‍ എന്നിവരാണ് രാജസ്ഥാന്‍റെ വിദേശതാരങ്ങള്‍. അശ്വിനും ചാഹലും പ്രസിദ്ധ് കൃഷ്ണും ബൗളര്‍മാരായി ടീമിലുണ്ട്. നായകന്‍ വില്യംസണ് പുറമെ നിക്കൊളാസ് പുരാന്‍, ഏയ്ഡന്‍ മാര്‍ക്രം, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരാണ് ഹൈദരാബാദിന്‍റെ വിദേശതാരങ്ങള്‍.

Latest Videos
Follow Us:
Download App:
  • android
  • ios