സിപിഎമ്മിന് മറുപടിയുമായി മെക് സെവൻ കൂട്ടായ്മ; മെക് സെവന് ആശംസ നേര്‍ന്ന് മന്ത്രി റിയാസ് അയച്ച കത്ത് പുറത്ത്
മെക് സെവൻ കൂട്ടായ്മ വിവാദത്തിൽ സിപിഎമ്മിന് മറുപടിയുമായി മെക് സെവൻ കൂട്ടായ്മ കോ-ഓഡിനേറ്റര്‍. കൂട്ടായ്മക്ക് ആശംസ നേർന്ന് മന്ത്രി മുഹമ്മദ് റിയാസ് അയച്ച കത്തും പുറത്തുവിട്ടു.
കോഴിക്കോട്: മെക് സെവൻ കൂട്ടായ്മ വിവാദത്തിൽ സിപിഎമ്മിന് മറുപടിയുമായി മെക് സെവൻ കൂട്ടായ്മയുടെ കാലിക്കറ്റ് ചീഫ് കോ-ഓഡിനേറ്റര്‍ ടിപിഎം ഹാഷിറലി. മെക് സെവൻ കൂട്ടായ്മക്ക് പിന്നിൽ ജമാഅത്തെ ഇസ്ലാമിയോ പോപ്പുലർ ഫ്രണ്ടോ അല്ലെന്ന് കാലിക്കറ്റ് ചീഫ് കോഡിനേറ്റർ ടി പിഎം ഹാഷിറലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഈ കൂട്ടായ്മക്ക് ആശംസ നേർന്ന് മന്ത്രി മുഹമ്മദ് റിയാസ് കത്തയച്ചിട്ടുണ്ട്. കൂട്ടായ്‌മ വ്യാപിപ്പിക്കണമെന്ന് മുഹമ്മദ് റിയാസ് തന്നെ ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് കോർഡിനേറ്റർ ടി.പി.എം ഹാഷിറലി മെക് സെവന്‍റെ കോഴിക്കോട് നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് മുൻ മന്ത്രി അഹമദ് ദേവർകോവിലാണ്. കോഴിക്കോട് മേയർ ബീന ഫിലിപ്പും പരിപാടികൾ ഉദ്ഘാടനം ചെയ്തിരുന്നു. മെക് സെവൻ കൂട്ടായ്മയിൽ സിപിഎം നേതാക്കളും ഉണ്ട്.
സിപിഎം വ്യായാമം നടത്തുന്നവരുടെ കൂട്ടായ്മ സമാന്തരമായി സംഘടിപ്പിക്കാൻ ഒരുങ്ങുന്നുണ്ടെന്നും അത് കൊണ്ടാകാം ഇതിനെ എതിർക്കുന്നതെന്നും ടിപിഎം ഹാഷിറലി പറഞ്ഞു. നിയമ വിരുദ്ധ പ്രവർത്തനം ഉണ്ടെങ്കിൽ പൊലീസ് അന്വേഷിക്കട്ടെയെന്നും ഹാഷിറലി പറഞ്ഞു.മന്ത്രി മുഹമ്മദ് റിയാസ് അയച്ച കത്തും മേയർ ബീന ഫിലിപ് പങ്കെടുക്കുന്ന പരിപാടിയുടെ ഫോട്ടോകളും സംഘടാകർ പുറത്തുവിട്ടു.