മുഷ്താഖ് അലി ട്രോഫി; ചിരാഗ് ജാനിയുടെ വെടിക്കെട്ട് പാഴായി; സൗരാഷ്ട്രയെ വീഴ്ത്തി മധ്യപ്രദേശ് സെമിയില്‍
അവസാന നാലോവറില്‍ ജയിക്കാന്‍ 47 റണ്‍സ് വേണമായിരുന്ന മധ്യപ്രദേശിനായി ആദ്യം രജത് പാടീദാറാണ് തകര്‍ത്തടിച്ചത്.
ബെംഗളൂരു: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ സൗരാഷ്ട്രയെ ആറ് വിക്കറ്റിന് വീഴ്ത്തി മധ്യപ്രദേശ് സെമിയില്‍. ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര ചിരാഗ് ജാനിയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സടിച്ചപ്പോള്‍ മധ്യപ്രദേശ് 19.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 42 റണ്‍സെടുത്ത അര്‍പിത് ഗൗഡാണ് മധ്യപ്രദേശിന്‍റെ ടോപ് സ്കോറര്‍.
വെങ്കടേഷ് അയ്യര്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്യാപ്റ്റന്‍ രജത് പാടീദാറും(18 പന്തില്‍ 28), ഹര്‍പ്രീത് സിംഗ് ഭാട്ടിയയും(9 പന്തില്‍ 22*) ചേര്‍ന്നാണ് മധ്യപ്രദേശിന് അനായാസ ജയമൊരുക്കിയത്. സ്കോര്‍ സൗരാഷ്ട്ര 20 ഓവറില്‍ 173-7, മധ്യപ്രദേശ് 19.2 ഓവറില്‍ 174-4.
അവസാന നാലോവറില്‍ ജയിക്കാന്‍ 47 റണ്‍സ് വേണമായിരുന്ന മധ്യപ്രദേശിനായി ആദ്യം രജത് പാടീദാറാണ് തകര്‍ത്തടിച്ചത്. വിജയത്തിന് 24 റണ്‍സകലെ പാടീദാര്‍ മടങ്ങിയപ്പോള്‍ അവസാന രണ്ടോവറില്‍ മധ്യപ്രദേശിന്‍റെ ലക്ഷ്യം 24 റണ്‍സായി. അന്‍കുര്‍ പന്‍വാര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് സിക്സ് അടക്കം 17 റണ്‍സടിച്ച ഹര്‍പ്രീത് സിംഗ് മധ്യപ്രദേശിനെ ലക്ഷ്യത്തിന് അടുത്തെത്തിച്ചു. അവസാന ഓവറിലെ ആദ്യ പന്തില്‍ സിക്സും അടുത്ത പന്തില്‍ സിംഗിളുമെടുത്ത് ഭാട്ടിയ തന്നെ വിജയം പൂര്‍ത്തിയാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര തുടക്കത്തില്‍ 36-3ലേക്ക് വീണെങ്കിലും 45 പന്തില്‍ എട്ട് ഫോറും നാലു സിക്സും പറത്തി 80 റണ്‍സുമായി പുറത്താകാതെ നിന്ന ചിരാഗ് ജാനിയാണ് സൗരാഷ്ട്രയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. മധ്യപ്രദേശിനായി വെങ്കടേഷ് അയ്യര്‍ 23 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ആവേഷ് ഖാന്‍ നാലോവറില്‍ 51 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക