രഞ്ജിയില്‍ ബംഗാളിനെതിരെ ലീഡെടുക്കാന്‍ കേരളം! സല്‍മാന്‍-അസറുദ്ദീന്‍ സഖ്യം ക്രീസില്‍
ആറിന് 78 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ ജലജ് സക്സേന - സല്‍മാന്‍ നിസാര്‍ സഖ്യം രക്ഷപ്പെടുത്തിയിരുന്നു.
കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കേരളം ഇന്നിറങ്ങും. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സെടുത്തിട്ടുണ്ട് കേരളം. സല്‍മാന്‍ നിസാര്‍ (64), മുഹമ്മദ് അസറുദ്ദീന്‍ (30) എന്നിവരാണ് ക്രീസില്‍. 84 റണ്‍സെടുത്ത ജലജ് സക്സേനയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ഇഷാന്‍ പോറല്‍ ബംഗാളിന് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തി. അവസാന ദിവസമായ ഇന്ന് 300നപ്പുറമുള്ള സ്‌കോറുണ്ടാക്കി ബംഗാളിനെ വേഗത്തില്‍ പുറത്താക്കാനായിരിക്കും കേരളത്തിന്റെ ലക്ഷ്യം. ആദ്യ ഇന്നിംഗ്‌സ് ലീഡെടുത്താല്‍ കേരളത്തിന് വിലപ്പെട്ട പോയിന്റുകള്‍ സ്വന്തമാക്കാം.
നേരത്തെ, ആറിന് 78 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ ജലജ് സക്സേന - സല്‍മാന്‍ നിസാര്‍ സഖ്യം രക്ഷപ്പെടുത്തിയിരുന്നു. 140 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ 84 റണ്‍സെടുത്ത സക്സേനയെ പുറത്താക്കി സുരജ് സിന്ധു ജയ്സ്വാള്‍ ബംഗാളിന് ബ്രേക്ക് ത്രൂ നല്‍കി. സല്‍മാന്‍ - അസറുദ്ദീന്‍ സഖ്യം മറ്റൊരു കൂട്ടുകെട്ടുണ്ടാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ലഞ്ചിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെടുത്തിരുന്ന കേരളം രണ്ടാം സെഷനില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് 200 കടന്നത്. എന്നാല്‍ സക്സേന പുറത്തായത് തിരിച്ചടിയായി. 162 പന്തുകള്‍ നേരിട്ട താരം 12 ബൗണ്ടറികള്‍ നേടിയിരുന്നു. ഇതിനിടെ സല്‍മാന്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇതുവരെ ആറ് ബൗണ്ടറികള്‍ താരം നേടി.
51-4 എന്ന സ്‌കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ ബാറ്റിലായിരുന്നു പ്രതീക്ഷ. സ്‌കോര്‍ 78ല്‍ നില്‍ക്കെ സച്ചിനെ(12) പോറല്‍ ബൗള്‍ഡാക്കിയതോടെ കേരളം ഞെട്ടി. തൊട്ടുപിന്നാലെ പൊരുതി നിന്ന അക്ഷയ് ചന്ദ്രനെ(31) കൂടി പോറല്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചതോടെ കേരളം 83-6ലേക്ക് കൂപ്പുകുത്തി. എന്നാല്‍ സല്‍മാന്‍ നിസാറിനെ കൂട്ടുപിടിച്ച് ജലജ് സക്സേന നടത്തിയ പോരാട്ടം കേരളത്തെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 200 കടത്തി. മഴമൂലം ആദ്യ ദിനം പൂര്‍ണമായും രണ്ടാം ദിനം രണ്ട് സെഷനുകളും നഷ്ടമായ കേരളത്തിന് ഒന്നാം ഇന്നിംഗ്സില്‍ മികച്ച സ്‌കോര്‍ നേടേണ്ടത് അനിവാര്യമാണ്.
വിനീഷ്യസ് കാത്തിരിക്കണം, റോഡ്രിക്ക് ബലോന്‍ ദ് ഓര്‍ പുരസ്‌കാരം! മാര്‍ട്ടിനെസ് മികച്ച ഗോള്‍ കീപ്പര്‍
ഇന്നലെ ടോസ് നേടിയ ബംഗാള്‍ കേരളത്തെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ വത്സല്‍ ഗോവിന്ദും രോഹന്‍ കുന്നുമ്മലും 33 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷം അഞ്ച് റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായതോടെയാണ് രണ്ടാം ദിനം കേരളം തകര്‍ന്നടിഞ്ഞത്. 22 പന്തില്‍ 23 റണ്‍സെടുത്ത രോഹനെ ഇഷാന്‍ പോറല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ബാബ അപരാജിതിനെ പോറല്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകകളിലെത്തിച്ചു.
പിന്നാലെ അഞ്ച് റണ്‍സെടുത്ത വത്സല്‍ ഗോവിന്ദിനെകൂടി പോറല്‍ തന്നെ സാഹയുടെ കൈകകളിലെത്തിച്ചതോടെ കേരളം ഞെട്ടി. പിന്നീടെത്തിയ ആദിത്യ സര്‍വാതെയെ(5) പ്ദീപ്ത പ്രമാണിക്കും മടക്കിയതോടെ കേരളം 33-0ല്‍ നിന്ന് 38-4ലേക്ക് കൂപ്പുകുത്തുകയായിരുന്നു.