ന്യൂസിലന്‍ഡിനെതിരെ അവസാന ടെസ്റ്റില്‍ ബുമ്ര കളിക്കില്ല! ഇന്ത്യയുടെ സാധ്യത ഇലവന്‍ അറിയാം
ബുമ്ര അവസാന ടെസ്റ്റ് കളിക്കില്ലെന്ന് ടീം മാനേജ്‌മെന്റുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മുംബൈ: നാളെ ന്യൂസിലന്‍ഡിനെതിരെ ആരംഭിക്കുന്ന അവസാന ടെസ്റ്റില്‍ ജസ്പ്രിത് ബുമ്ര കളിക്കില്ല. ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി വിശ്രമം നല്‍കിയിരിക്കുകയാണ് ബുമ്രയ്ക്ക്. ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി മുന്നില്‍ നില്‍ക്കെയാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. നവംബര്‍ 10ന് ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലേക്ക് പറക്കുന്നത്. ബുധനാഴ്ച്ച തന്നെ ബുമ്ര സ്വന്തം നാട്ടിലേക്ക് തിരിച്ചിരുന്നു. പൂനെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ബുമ്രയ്ക്ക് വിശ്രമം നല്‍കണമെന്ന് ഇന്ത്യന്‍ ടീം മാനേജ്മെന്റ് ആദ്യം കരുതിയിരുന്നു. എന്നാല്‍ ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടതോടെ താരത്തോട് തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.
ബുമ്ര അവസാന ടെസ്റ്റ് കളിക്കില്ലെന്ന് ടീം മാനേജ്‌മെന്റുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ''അദ്ദേഹം മുംബൈ ടെസ്റ്റ് കളിക്കില്ല, നാട്ടിലേക്ക് മടങ്ങി. ആരോഗ്യവും കരുത്തും വീണ്ടെടുക്കാന്‍ അല്‍പ്പം വിശ്രമിക്കണമെന്നാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ ആവശ്യം. ടീം ഓസ്ട്രേലിയയിലേക്ക് പോകുമ്പോള്‍ അദ്ദേഹം ഇന്ത്യന്‍ ടീമിനൊപ്പം ചേരും.'' ടീമുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് പരിശീലനത്തിന് ഇന്ത്യന്‍ ടീമിനൊപ്പം ബുമ്ര എത്തിയെങ്കിലും നെറ്റ്‌സില്‍ പന്തെറിഞ്ഞില്ല. പകരം വ്യയാമത്തില്‍ ഏര്‍പ്പെട്ടു.
ഇന്ത്യന്‍ ടീം ബാറ്റിംഗ് കോച്ച് അഭിഷേക് നായരും ബുമ്രയെ കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹം പരിശീലനത്തിനിടെ അധികം പന്തെറിഞ്ഞിട്ടില്ലെന്ന് നായര്‍ പറഞ്ഞിരുന്നു. ബുമ്ര ടീമിലെ പ്രധാന താരമാണെന്നും ജോലിഭാരം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ക്ക് അറിയാമെന്നും അഭിഷേക് പറഞ്ഞു. പരമ്പരയില്‍ താന്‍ കളിച്ച രണ്ട് ടെസ്റ്റുകളില്‍ 41 ഓവറുകളാണ് ബുമ്ര എറിഞ്ഞത്. കൂടാതെ ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളിലും കളിച്ചു.
മുംബൈയില്‍ ഇറങ്ങുമ്പോള്‍ രോഹിത് ശര്‍മ്മയ്ക്കും സംഘത്തിനും ഇത് നിലനില്‍പ്പിന്റെ പോരാട്ടമാണ് 2000ത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നയിച്ച ഇന്ത്യക്കെതിരെ ഹാന്‍സി ക്രോണ്യേയുടെ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയില്‍ അവസാനമായി ഒരു ടെസ്റ്റ് പരമ്പര തൂത്തുവാരിയത്. മുംബൈയില്‍ നാല് വിക്കറ്റിനും ബെംഗളൂരുവില്‍ ഇന്നിംഗ്‌സിനും 71 റണ്‍സിനുമായിരുന്നു അന്ന് ഇന്ത്യയുടെ തോല്‍വി. ഈ നാണക്കേടൊഴിവാക്കാന്‍ ഇന്ത്യയ്ക്ക് വാംഖഡേയില്‍ ജയിച്ചേതീരൂ.
മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയസ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍ / കെ എല്‍ രാഹുല്‍ / അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.