ഗെയ്‌ലിനെ നിലനിര്‍ത്തി മാക്സ്‌വെല്ലിനെ കൈവിട്ട് പഞ്ചാബ്, മലിംഗയെ ഒഴിവാക്കി മുംബൈ
വമ്പനടിക്ക് പേരുകേട്ട മാക്സ്‌വെല്ലിന് ടൂര്‍ണമെന്‍റില്‍ ഒറ്റ സിക്സ് പോലും നേടാനായില്ല. ഇതോടെ വന്‍തുക മുടക്കി ടീമിലെടുത്ത മാക്സ്‌വെല്ലിനെ കൈവിടാന്‍ പഞ്ചാബ് തീരുമാനിക്കുകയായിരുന്നു.
ചണ്ഡീഗഡ്: ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്സ്‌വെല്ലിനെ കൈവിട്ട് കിംഗ്സ് ഇലവന്‍ പഞ്ചാബ്. കഴിഞ്ഞ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ മാക്സ്‌വെല്‍ 13 മത്സരങ്ങളില്‍ 108 റണ്‍സ് മാത്രമാണ് പഞ്ചാബിനായി നേടിയത്. 32 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍. വമ്പനടിക്ക് പേരുകേട്ട മാക്സ്‌വെല്ലിന് ടൂര്‍ണമെന്‍റില്‍ ഒറ്റ സിക്സ് പോലും നേടാനായില്ല. ഇതോടെ വന്‍തുക മുടക്കി ടീമിലെടുത്ത മാക്സ്‌വെല്ലിനെ കൈവിടാന്‍ പഞ്ചാബ് തീരുമാനിക്കുകയായിരുന്നു.
മാക്സ്‌വെല്ലിന് പുറമെ മലയാളി താരം കരുണ്‍ നായരെയും പഞ്ചാബ് ഒഴിവാക്കി. കഴിഞ്ഞ സീസണില്‍ പഞ്ചാബിനായി നാല് മത്സരങ്ങളില്‍ മാത്രം ഗ്രൗണ്ടിലിറങ്ങിയ കരുണ്‍ നായര്‍ക്ക് 16 റണ്‍സ് മാത്രമാണ് നേടാനായത്. ഇരുവര്‍ക്കും പുറമെ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാന്‍, ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ ജിമ്മി നീഷാം, വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ർ കോട്രല്‍ എന്നിവരെയും പഞ്ചാബ് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, വെറ്ററന്‍ താരം ക്രിസ് ഗെയ്‌ലിനെ പഞ്ചാബ് ടീമില്‍ നിലനിര്‍ത്തി.
അതേസമയം, കഴിഞ്ഞ സീസണില്‍ മുംബൈക്കായി കളിക്കാതിരുന്ന സ്റ്റാര്‍ പേസര്‍ ലസിത് മലിംഗയെ മുംബൈ ഇന്ത്യന്‍സും ഒഴിവാക്കി. മലിംഗക്ക് പുറമെ കഴിഞ്ഞ സീസണില്‍ ഒറ്റ മത്സരത്തില്‍ പോലും അവസരം ലഭിക്കാതിരുന്ന കീവീസ് പേസര്‍ മിച്ചല്‍ മക്‌ലഘാഗ്നനെയും ജെയിംസ് പാറ്റിന്‍സണെയും നേഥാന്‍ കോള്‍ട്ടര്‍നൈലിനെയും റൂഥര്‍ഫോര്‍ഡിനെയും മുംബൈ ഒഴിവാക്കി.