റണ്ണൊഴുക്കാന്‍ കൊതിച്ച് കെ എല്‍ രാഹുല്‍; ലഖ്‌നൗവില്‍ മുട്ടന്‍പണി കാത്തിരിക്കുന്നു
ലഖ്‌നൗ ഏകനാ സ്റ്റേഡിയത്തിലെ പിച്ച് റിപ്പോര്‍ട്ട് കെ എല്‍ രാഹുലിന് പൂര്‍ണമായും എതിരാണ്
ലഖ്‌നൗ: കെ എല്‍ രാഹുലിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഐപിഎല്‍ സീസണാണിത്. ടീം ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കണമെങ്കില്‍ ഇക്കുറി മികച്ച പ്രകടനം നടത്തിയേ മതിയാകൂ. ഐപിഎല്‍ പതിനാറാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ നായകനായ രാഹുല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സീസണിലെ ആദ്യ മത്സരത്തിന് ഇന്നിറങ്ങുമ്പോള്‍ അദേഹത്തിന് റണ്ണൊഴുക്കിയേ മതിയാകൂ. സ്‌ട്രൈക്ക് റേറ്റ് കുറയുന്നു എന്ന സ്ഥിരം പഴിയും മാറ്റേണ്ടതുണ്ട് രാഹുലിന്.
എന്നാല്‍ ലഖ്‌നൗ ഏകനാ സ്റ്റേഡിയത്തിലെ പിച്ച് റിപ്പോര്‍ട്ട് കെ എല്‍ രാഹുലിന് പൂര്‍ണമായും എതിരാണ്. ലഖ്‌നൗ പിച്ചിൽ ബാറ്റിംഗ് ദുഷ്‌കരമെന്നാണ് പൊതുവേ ഉള്ള വിലയിരുത്തൽ. കുറഞ്ഞ സ്‌കോറുകള്‍ക്ക് കുപ്രസിദ്ധമായ ഗ്രൗണ്ടാണിത്. ജനുവരിയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ‍് ടി20 മത്സരം ഇവിടെ നടന്നപ്പോള്‍ കിവികള്‍ ആദ്യ ഇന്നിംഗ്‌സില്‍ 99 റണ്‍സില്‍ പുറത്തായി. സ്‌പിന്നർമാര്‍ക്ക് കുറച്ച് സഹായം കിട്ടാന്‍ സാധ്യതയുള്ള പിച്ചില്‍ ക്രീസില്‍ ഏറെനേരം നില്‍ക്കുന്ന ബാറ്റര്‍മാര്‍ക്ക് മാത്രമേ റണ്‍സ് കണ്ടെത്താന്‍ കഴിയുകയുള്ളൂ. ഇതുവരെ ഇവിടെ നടന്ന ആറ് ട്വന്‍റി 20യിൽ അഞ്ചിലും ആദ്യം ബാറ്റ് ചെയ്‌ത ടീമാണ് ജയിച്ചത്.
കാലാവസ്ഥാ റിപ്പോര്‍ട്ട്
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിന് മഴ ഭീഷണിയില്ല. മത്സരം പൂര്‍ണ ഓവറുകളും നടക്കും എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ലഖ്‌നൗവില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. അരങ്ങേറ്റ സീസണിൽ പ്ലേ ഓഫിലെത്തിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് ഹോം ഗ്രൗണ്ടിൽ ആദ്യമായാണ് ഇറങ്ങുന്നത്. എതിരാളികളായ ഡല്‍ഹി ക്യാപിറ്റല്‍സിനെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണറാണ് നയിക്കുന്നത്. 2016 ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കിരീടം സമ്മാനിച്ച ക്യാപ്റ്റനാണ് വാര്‍ണര്‍. അദേഹം ഡല്‍ഹി ക്യാപിറ്റല്‍സിനേയും കിരീടത്തിലേക്ക് നയിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
ആരാധകരെ കരയിച്ച് വില്യംസണിന്‍റെ പരിക്ക്; മത്സരങ്ങള്‍ നഷ്‌ടമാകും, ഗുജറാത്തിന് ആശങ്ക