IPL 2022: പുതിയ നായകനെ പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ്, അഭിനന്ദിച്ച് സഞ്ജു; അന്തംവിട്ട് ആരാധകര്‍
ഇത്തവണ താരലേലത്തില്‍ ബാംഗ്ലൂരില്‍ നിന്ന് സ്വന്തമാക്കിയ ചാഹലിനെ രാജസ്ഥാന്‍ ടീം ഒരു ദിവസത്തേക്ക് രാജസ്ഥാന്‍ റോയല്‍സിന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലിന്‍റെ അഡ്മിന്‍ ആക്കിയതായിരുന്നു സംഗതി. എന്നാല്‍ ചാഹലിനെ ക്യാപ്റ്റനായി തെരഞ്ഞെടത്തുവെന്ന് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന ട്വീറ്റ് റോയല്‍സിലെ തന്നെ പലരെയും ഞെട്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ജയ്പൂര്‍: ഐപിഎല്ലില്‍(IPL 2022) ആദ്യ പന്തെറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന ട്വീറ്റ് കണ്ട് മലയാളികളടക്കമുള്ള രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals) ആരാധകര്‍ അന്തം വിട്ടു. രാജസ്ഥാന്‍റെ പുതിയ നായകനായി യുസ്‌വേന്ദ്ര ചാഹലിനെ(Yuzvendra Chahal) തെരഞ്ഞെടുത്തുവെന്നായിരുന്നു ട്വീറ്റ്. ഇതോടെ മലയാളി താരം സഞ്ജു സാംസണെ(Sanju Samson) എന്തിന് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് അവസാന നിമിഷം മാറ്റി എന്ന ചോദ്യവുമായി ആരാധകര്‍ രംഗത്തെത്തി. രാജസ്ഥാന്‍റെ ട്വീറ്റിന് താഴെ സഞ്ജു സാംസണ്‍ ആശംസകളുമായി എത്തിയതോടെ സംഗതി സത്യമാണെന്ന് ആരാധകര്‍ കരുതി.
എന്നാല്‍ പിന്നീടാണ് ആരാധകര്‍ക്ക് സംഗതി പിടികിട്ടിയത്. ഇത്തവണ താരലേലത്തില്‍ ബാംഗ്ലൂരില്‍ നിന്ന് സ്വന്തമാക്കിയ ചാഹലിനെ രാജസ്ഥാന്‍ ടീം ഒരു ദിവസത്തേക്ക് രാജസ്ഥാന്‍ റോയല്‍സിന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലിന്‍റെ അഡ്മിന്‍ ആക്കിയതായിരുന്നു സംഗതി. എന്നാല്‍ ചാഹലിനെ ക്യാപ്റ്റനായി തെരഞ്ഞെടത്തുവെന്ന് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന ട്വീറ്റ് റോയല്‍സിലെ തന്നെ പലരെയും ഞെട്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
രാജസ്ഥാന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ചാഹല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന രസകരമായൊരു വീഡിയോ ട്വീറ്റ് ചെയ്തായിരുന്നു തുടക്കം. ഈ വീഡിയോക്ക് മറുപടിയായി താനിപ്പോള്‍ രാജസ്ഥാന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യുമെന്ന് ചാഹല്‍ കുറിച്ചു. ഒപ്പം പാസ്‌വേഡ് നല്‍കിയതിന് രാജസ്ഥാന്‍ സിഇഒ ജേക് ലഷ് മക്‌ക്രമിന് നന്ദിയും പറഞ്ഞു.
പിന്നീടായിരുന്നു ക്യാപ്റ്റനായി തെരഞ്ഞെടുത്തുവെന്നും ജോസ് ബട്‌ലര്‍ക്കൊപ്പം ഇത്തവണ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക ചാഹലാണെന്നുമുളള ട്വീറ്റുകള്‍ വന്നത്. പതിനായിരത്തോളം പേരാണ് ഇത് റീട്വീറ്റ് ചെയ്തത്. അവിടംകൊണ്ടും നിര്‍ത്തിയില്ല ചാഹല്‍ എന്നതാണ് രസകരം. രാജസ്ഥാന്‍ താരമായ ജോസ് ബട്‌ലറോട് താങ്കളെ വളരെയധികം സ്നേഹിക്കുന്നുവെന്ന് ട്വീറ്റ് ചെയ്തും ഈ സീസണില്‍ രാജസ്ഥാനിലെത്തിയ അശ്വിനോട് എവിടെയാണ് താങ്കള്‍ ഒരു വിവരവും ഇല്ലല്ലോ എന്ന് ചോദിച്ചും ചാഹല്‍ തമാശ പൊട്ടിച്ചുകൊണ്ടിരുന്നു.
കഴിഞ്ഞ സീസണിലാണ് രാജസ്ഥാന്‍ റോയല്‍സ് മലയാളി താരം സഞ്ജു സാംസണെ നായകനായി തെരഞ്ഞെടുത്തത്. ഈ സീസണില്‍ സഞ്ജുവിനെയും ജോസ് ബട്‌ലറെയും യശസ്വി ജയ്‌സ്വാളിനെയും രാജസ്ഥാന്‍ നിലനിര്‍ത്തിയിരുന്നു.