ഇന്ത്യന്‍ ഇതിഹാസത്തിന്‍റെ ഓട്ടോഗ്രാഫ് വേണം; അണ്ടര്‍ 19 ലോകകപ്പ് ഹീറോ ബാറ്റുമായി കാത്തിരിക്കുന്നു
അണ്ടര്‍ 19 ലോകകപ്പിലെ കലാശപ്പോരില്‍ അഞ്ച് വിക്കറ്റും 35 റണ്‍സുമാണ് രാജ് അങ്കത് ബാവ പേരിലാക്കിയത്
ദില്ലി: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ (ICC Under 19 World Cup 2022) ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ ഫൈനലിലെ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം ഓള്‍റൗണ്ടര്‍ രാജ് അങ്കത് ബാവയ്‌ക്കായിരുന്നു (Raj Angad Bawa). എന്നാല്‍ ഇംഗ്ലണ്ടിനെതിരെ കലാശപ്പോരിലുപയോഗിച്ച ബാറ്റ് പിന്നീട് കൈകൊണ്ട് തൊട്ടിട്ടില്ല താരം. ഈ ബാറ്റില്‍ ഇന്ത്യന്‍ ഇതിഹാസം യുവ്‌രാജ് സിംഗിന്‍റെ (Yuvraj Singh) ഓട്ടോഗ്രാഫ് കിട്ടാന്‍ കാത്തിരിക്കുകയാണ് രാജ് ബാവ.
'യുവ്‌രാജ് സിംഗിനെ ഐപിഎല്ലിനിടയിലോ പിന്നീട് കണ്ടുമുട്ടാനായാല്‍ എന്‍റെ ലോകകപ്പ് ബാറ്റില്‍ ഓട്ടോഗ്രാഫ് സ്വീകരിക്കണം. എന്‍റെ ഫേവറേറ്റ് താരമാണ് യുവ്‌രാജ്. ഏറെ പ്രചോദിപ്പിക്കുന്ന താരം. യുവിയുടെ പഴയ ക്രിക്കറ്റ് വീഡിയോകള്‍ കണ്ട് മനസിലാക്കാറുണ്ട്. വ്യത്യസ്ത മത്സര സാഹചര്യങ്ങളില്‍, സമ്മര്‍ദത്തില്‍ കളിക്കുന്നതും ടീമിനെ ജയിപ്പിക്കുന്നതും ശ്രദ്ധിക്കുന്നു. ഭയരഹിതനായ താരമാണ് യുവ്‌രാജ്. അദേഹത്തെ പോലെ എനിക്കും ഭയമില്ലാതെ കളിക്കണം. ടീമിനെ സമ്മര്‍ദഘട്ടത്തില്‍ പലപ്പോഴും രക്ഷിച്ചിട്ടുണ്ട് അദേഹം എന്നതാണ് എന്നെ ആകര്‍ഷിച്ചത്' എന്നും രാജ് അങ്കത് ബാവ പറഞ്ഞു.
അണ്ടര്‍ 19 ലോകകപ്പിലെ കലാശപ്പോരില്‍ അഞ്ച് വിക്കറ്റും 35 റണ്‍സുമാണ് രാജ് അങ്കത് ബാവ പേരിലാക്കിയത്. ഐപിഎല്ലില്‍ പഞ്ചാബാ കിംഗ്‌സ് സ്‌ക്വാഡിനൊപ്പമുള്ള താരം യുവിയെ കാണാനുള്ള കാത്തിരിപ്പിലാണ്. മെഗാതാരലേലത്തില്‍ രണ്ട് കോടി രൂപയ്‌ക്കാണ് രാജ് ബാവയെ പഞ്ചാബ് ടീം സ്വന്തമാക്കിയത്. 'പഞ്ചാബില്‍ നിന്നുതന്നെയുള്ള എന്നെ ടീം സ്വന്തമാക്കിയതില്‍ ഇരട്ടി സന്തോഷമുണ്ട്. സീനിയര്‍ താരങ്ങളില്‍ നിന്ന് ഏറെ പഠിക്കാന്‍ പറ്റി. ഏറെ പരിചയസമ്പത്തുള്ള രാജ്യാന്തര താരങ്ങളാണിവര്‍. അതിനാല്‍ അവരില്‍ നിന്ന് പരമാവധി കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണ്' എന്നും രാജ് അങ്കത് ബാവ ടൈംസ് ഓഫ് ഇന്ത്യയോട് കൂട്ടിച്ചേര്‍ത്തു.
അണ്ടര്‍ 19 ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ 63 ശരാശരിയില്‍ ഒരു സെഞ്ചുറിയുള്‍പ്പടെ 252 റണ്‍സും 9 വിക്കറ്റും സ്വന്തമാക്കിയ രാജ് അങ്കത് ബാവയ്‌ക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് യുവ്‌രാജ് സിംഗ്.
ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ രാജ് ബാവയുടെ ഓള്‍റൗണ്ട് മികവിലാണ് ഇന്ത്യയുടെ കൗമാരപ്പട കിരീടത്തില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ രാജ് ബാവയുടെയും രവി കുമാറിന്‍റെയും പേസ് മികവില്‍ 189 റണ്‍സില്‍ തളച്ച ഇന്ത്യ 47.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അടിച്ചെടുത്താണ് കഴിഞ്ഞ തവണ ബംഗ്ലാദേശിന് മുന്നില്‍ കൈവിട്ട കിരീടം തിരിച്ചുപിടിച്ചത്. അഞ്ച് വിക്കറ്റെടുക്കുകയും ബാറ്റിംഗിനിറങ്ങി നിര്‍ണായക 35 റണ്‍സെടുക്കുകയും ചെയ്ത രാജ് ബാവയാണ് ഫൈനലിലെ താരം.