IPL 2022 : ഒറ്റയ്‌ക്ക് ജയിപ്പിക്കാന്‍ പോന്നവര്‍; രാജസ്ഥാന്‍ നിരയില്‍ ആറ് പേര്‍ ആറാടിയാല്‍ കളിമാറും
രാജസ്ഥാന്‍ റോയല്‍സ് നിരയിലെ ഏറ്റവും കരുത്തന്‍ നായകന്‍ സഞ്ജു സാംസണ്‍ തന്നെയാണ്
പൂണെ: ഐപിഎല്ലില്‍ (IPL 2022) ജയത്തുടക്കത്തിന് തയ്യാറെടുക്കുകയാണ് സഞ്ജു സാംസണ്‍ (Sanju Samson) നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals). നായകന്‍ സഞ്ജു സാംസണിനൊപ്പം ദേവ്‌ദത്ത് പടിക്കല്‍ (Devdutt Padikkal) കൂടി ഇത്തവണയെത്തിയത് രാജസ്ഥാന്‍റെ മലയാളിക്കരുത്ത് കൂട്ടുന്നു. സണ്‍റൈസേഴ്‌സിനെതിരെ (Sunrisers Hyderabad) ഇറങ്ങുമ്പോള്‍ സഞ്ജുവും ദേവ്‌ദത്തും മാത്രമല്ല, മത്സരഫലം മാറ്റിമറിക്കാന്‍ ഒറ്റയ്ക്ക് കെല്‍പുള്ള ഒരുപിടി താരങ്ങള്‍ രാജസ്ഥാന്‍ റോയല്‍സ് നിരയിലുണ്ട്.
സഞ്ജു സാംസണ്‍
രാജസ്ഥാന്‍ റോയല്‍സ് നിരയിലെ ഏറ്റവും കരുത്തന്‍ നായകന്‍ സഞ്ജു സാംസണ്‍ തന്നെയാണ്. ഗംഭീര ബാറ്റിംഗ് പ്രകടനത്തിലൂടെ ടീമിന് ചരിത്രത്തിലെ രണ്ടാം കിരീടം സമ്മാനിക്കുകയാണ് സഞ്ജുവിന്‍റെ ലക്ഷ്യം. ഐപിഎല്ലില്‍ 121 മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറിയും 15 ഫിഫ്റ്റിയും സഹിതം 3068 റണ്‍സ് കരുത്ത്. കഴിഞ്ഞ സീസണില്‍ 14 കളിയില്‍ 484 റണ്‍സ് നേടി.
ദേവ്‌ദത്ത് പടിക്കല്‍
ആര്‍സിബിയിലെ റണ്‍വേട്ട ദേവ്‌ദത്ത് പടിക്കല്‍ തുടരും എന്നാണ് ആരാധകരുടെ പ്രതീക്ഷ. മുമ്പ് കളിച്ച 29 മത്സരങ്ങളില്‍ 31.57 ശരാശരിയില്‍ ഒരു ശതകമടക്കം 884 റണ്‍സ് സ്‌കോര്‍ ചെയ്‌തത് പടിക്കലിന്‍റെ ബാറ്റിംഗ് പവറിന് ഉദാഹരണം.
ജോസ് ബട്‌ലര്‍
വിക്കറ്റിന് മുന്നിലും പിന്നിലും രാജസ്ഥാന്‍റെ നിര്‍ണായക താരങ്ങളിലൊരാളാണ് ജോസ് ബട്‌ലര്‍. ക്രീസിലുറച്ചാല്‍ വലിയ അപകടകാരിയാവുന്ന ബാറ്റര്‍. ഐപിഎല്ലിലാകെ 65 മത്സരങ്ങളില്‍ 35.14 ശരാശരിയിലും 150.00 സ്‌ട്രൈക്ക് റേറ്റിലും 1968 റണ്‍സുണ്ട് ബട്‌ലര്‍ക്ക്. കഴിഞ്ഞ സീസണില്‍ ഏഴ് കളിയില്‍ നേടിയത് 254 റണ്‍സ്.
രവിചന്ദ്ര അശ്വിന്‍
ബൗളിംഗ് മാത്രമല്ല, ആര്‍ അശ്വിന്‍റെ പരിചയസമ്പത്തുകൂടിയാണ് രാജസ്ഥാന് ഇക്കുറി മുതല്‍ക്കൂട്ട്. 167 കളിയില്‍ 145 വിക്കറ്റും 456 റണ്‍സും നേടിയിട്ടുണ്ട് അശ്വിന്‍. അശ്വിന്‍റെ നിര്‍ണായക ബ്രേക്ക് ത്രൂകള്‍ മത്സരത്തിന്‍റെ ഗതി മാറ്റിമറിക്കുന്നതാവും. കഴിഞ്ഞ സീസണില്‍ 15 കളിയില്‍ 13 വിക്കറ്റ് നേട്ടം.
യുസ്‌വേന്ദ്ര ചാഹല്‍
കഴിഞ്ഞ സീസണില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയ സ്‌പിന്നറാണ് യുസ്‌വേന്ദ്ര ചാഹല്‍. ഐപിഎല്ലിന്‍റെ രണ്ടാംപകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്തു. 15 കളിയില്‍ 18 വിക്കറ്റുമായി കഴിഞ്ഞവട്ടം തിളങ്ങിയ ചാഹലില്‍ രാജസ്ഥാന് ഏറെ പ്രതീക്ഷകളുണ്ട്. ഐപിഎല്ലിലാകെ 114 മത്സരങ്ങളില്‍ 139 വിക്കറ്റ് സമ്പാദ്യം.
ട്രെന്‍റ് ബോള്‍ട്ട്
ഇക്കുറി ബൗളിംഗ് കരുത്ത് കൂട്ടിയാണ് രാജസ്ഥാന്‍ റോയല്‍ വരുന്നത് എന്ന സവിശേഷതയുണ്ട്. ജോഫ്ര ആര്‍ച്ചര്‍ ഇല്ലെങ്കിലും ന്യൂസിലന്‍ഡ് പേസര്‍ ട്രെന്‍റ് ബോള്‍ട്ടിന്‍റെ ഓവറുകള്‍ നിര്‍ണായകമാകും. ഐപിഎല്ലില്‍ 62 മത്സരങ്ങളില്‍ 76 വിക്കറ്റ് ബോള്‍ട്ടിന്‍റെ പേരിലുണ്ട്. കഴിഞ്ഞ സീസണില്‍ 14 കളിയില്‍ 13 വിക്കറ്റ് നേടി.