IPL 2022 : ഈ സീസണിലും പഞ്ചാബ് കിംഗ്‌സിന്‍റെ കാര്യം പോക്കാ... കാരണം പറഞ്ഞ് സുനില്‍ ഗാവസ്‌കര്‍

ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാത്ത ടീമാണ് പഞ്ചാബ് കിംഗ്‌സ്

IPL 2022 This is why Sunil Gavaskar feels Punjab Kings cant win title this year also

മുംബൈ: ഐപിഎല്ലില്‍ (IPL) പഞ്ചാബ് കിംഗ്‌സിന് (Punjab Kings) ഈ സീസണിലും കിരീടം നേടാന്‍ കഴിഞ്ഞേക്കില്ലെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍ (Sunil Gavaskar). എതിരാളികള്‍ക്ക് മേല്‍ ആഘാതം സൃഷ്‌ടിക്കാന്‍ കഴിയുന്നൊരു താരം പഞ്ചാബ് നിരയിൽ ഇല്ലാത്തതാണ് ടീമിന്‍റെ പോരായ്‌മയെന്നും ഗാവസ്‌കർ പറഞ്ഞു. ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാത്ത ടീമാണ് പഞ്ചാബ് കിംഗ്‌സ്. എന്നാല്‍ ഇത്തവണ മികച്ച താരങ്ങളെ പാളയത്തിലെത്തിച്ചാണ് ടീം പോരാട്ടത്തിന് തയ്യാറെടുക്കുന്നത്. എങ്കിലും ടീമില്‍ പോരായ്‌മയുണ്ടെന്ന് ഗാവസ്‌കര്‍ പറയുന്നു. 

'ഇത്തവണത്തെ പഞ്ചാബ് കിംഗ്‌സ് ടീമിൽ ഒറ്റയ്ക്ക് ജയിപ്പിക്കാൻ കഴിയുന്നൊരു താരമില്ല. ചിലപ്പോൾ സർപ്രൈസ് താരമായി ആരെങ്കിലും ഉയർന്നുവന്നേക്കാം. എങ്കിലും എതിരാളികളുടെ മികവുകൂടി പരിഗണിക്കുമ്പോൾ പഞ്ചാബ് കിരീടം നേടാനുള്ള സാധ്യത കുറവാ'ണെന്നും ഗാവസ്‌കര്‍ വ്യക്തമാക്കി.

വരുമോ ഇംപാക്‌ട് പ്ലേയര്‍ ?

ഐപിഎല്ലിൽ ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത ടീമുകളില്‍ ഒന്നാണ് പഞ്ചാബ്. മായങ്ക് അഗര്‍വാള്‍ നയിക്കുന്ന ടീമിൽ അര്‍ഷ്‌ദീപ് സിംഗ്, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, ജോണി ബെയര്‍‌സ്റ്റോ, ശിഖര്‍ ധവാന്‍, ലിയാം ലിവിങ്‌സ്റ്റണ്‍, ഒഡീന്‍ സ്‌മിത്ത് തുടങ്ങിയവരുണ്ട്. അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യന്‍ കിരീടധാരണത്തില്‍ നിര്‍ണായമായ രാജ് ബാവയും പഞ്ചാബിലുണ്ട്.

ഇതുവരെ ഐപിഎല്‍ കിരീടം നേടാത്ത പഞ്ചാബ് കിംഗ്‌സിനെ ഇതിഹാസ സ്‌പിന്നറും ടീം ഇന്ത്യയുടെ മുന്‍ കോച്ചുമായ അനില്‍ കുംബ്ലെയാണ് പരിശീലിപ്പിക്കുന്നത്. കുംബ്ലെ സ്‌പിന്‍ താരങ്ങളുടെ പരിശീലനത്തിനും മേല്‍നോട്ടം വഹിക്കുമ്പോള്‍ ഡാമിയന്‍ റൈറ്റാണ് പേസ് ബൗളിംഗ് കോച്ച്. ജോണ്ടി റോഡ്‌സാണ് ഫീല്‍ഡിംഗ് കോച്ചും ബാറ്റിംഗ് പരിശീലകനും. 2014ലാണ് പഞ്ചാബ് ടീം അവസാനമായി ഫൈനല്‍ കളിച്ചത്. ഞായറാഴ്‌ച ബാംഗ്ലൂരിന് എതിരെയാണ് സീസണിൽ ഈ സീസണില്‍ പഞ്ചാബിന്‍റെ ആദ്യ മത്സരം. 

മായങ്കിന് ദൗത്യം 

ഐപിഎല്ലില്‍ വലിയ പരിചയസമ്പത്തുള്ള ഇന്ത്യന്‍ ബാറ്ററായ മായങ്ക് അഗര്‍വാളാണ് പഞ്ചാബ് കിംഗ്‌സിന്‍റെ നായകന്‍. 95 ഇന്നിംഗ്‌സില്‍ ഒരു സെഞ്ചുറിയും 11 അര്‍ധ സെഞ്ചുറിയും സഹിതം 2135 റണ്‍സാണ് സമ്പാദ്യം. ബാറ്റിംഗ് ശരാശരി 23.46 ആണെങ്കില്‍ സ്‌ട്രൈക്ക് റേറ്റ് 135.73. 2018ലെ താരലേലത്തിലാണ് മായങ്ക് അഗര്‍വാളിനെ പഞ്ചാബ് കിംഗ്‌സ് (കിംഗ്‌സ് ഇലവന്‍ പഞ്ചാബ്) സ്വന്തമാക്കിയത്. 2021 സീസണില്‍ 12 മത്സരങ്ങളില്‍ 441 റണ്‍സ് മായങ്ക് നേടി. 

പഞ്ചാബ് കിംഗ്‌സ് സ്‌‌ക്വാഡ്: മായങ്ക് അഗര്‍വാള്‍, അര്‍ഷ്‌ദീപ് സിംഗ്, ശിഖര്‍ ധവാന്‍, കാഗിസോ റബാഡ, ജോണി ബെയര്‍സ്റ്റോ, രാഹുല്‍ ചാഹര്‍, ഹര്‍പ്രീത് ബ്രാര്‍, ഷാരൂഖ് ഖാന്‍, പ്രഭ്‌സിമ്രാന്‍ സിംഗ്, ജിതേഷ് ശര്‍മ്മ, ഇഷാന്‍ പോരല്‍, ലിയാം ലിവിംഗ്‌‌സ്റ്റണ്‍, ഒഡീന്‍ സ്‌മിത്ത്, സന്ദീപ് ശര്‍മ്മ, രാജ് ബാവ, റിഷി ധവാന്‍, പ്രേരക് മങ്കാദ്, വൈഭവ് അറോറ, ഋത്വിക് ചാറ്റര്‍ജി, ബാല്‍തെജ് ദന്ധാ, അന്‍ഷ് പട്ടേല്‍, നേഥന്‍ എല്ലിസ്, അഥര്‍വാ തൈഡേ, ഭാനുകാ രജപക്‌സെ, ബെന്നി ഹവെല്‍. 

IPL 2022 : ക്യാപ്റ്റന്‍സി അംഗീകാരം, മത്സരത്തിനനുസരിച്ച് ബാറ്റിംഗിനിറങ്ങും: ശ്രേയസ് അയ്യര്‍

Latest Videos
Follow Us:
Download App:
  • android
  • ios