IPL 2022 : വിദേശ താരങ്ങള്‍ എത്താന്‍ വൈകും, ഐപിഎല്ലില്‍ ഈ ടീമുകള്‍ക്ക് കനത്ത തിരിച്ചടി
ഓപ്പണിംഗിൽ ആദ്യ രണ്ട് മത്സരങ്ങളിൽ ഓസീസ് സ്റ്റാര്‍ ഡേവിഡ് വാർണറിന് പകരക്കാരനെ തേടണം നായകൻ റിഷഭ് പന്തിന്
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണ്‍ (IPL 2022) തുടങ്ങും മുമ്പ് ആശങ്കയില്‍ ടീമുകള്‍. മെഗാതാരലേലത്തിൽ (IPL Auction 2022) മികച്ച താരങ്ങളെ സ്വന്തമാക്കിയെങ്കിലും വിദേശികളുടെ കാര്യത്തില്‍ ആദ്യ മത്സരങ്ങളിൽ പ്രതിസന്ധിയിലാണ് പല ഐപിഎൽ ടീമുകളും (IPL Teams). ഡൽഹി ക്യാപിറ്റല്‍സിന്‍റെയും (Delhi Capitals) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റേയും (Kolkata Knight Riders) പ്രധാന താരങ്ങളൊന്നും ആദ്യ മത്സരങ്ങളിലുണ്ടാകില്ല.
കഴിഞ്ഞ ഐപിഎൽ സീസണിൽ ലീഗ് ഘട്ടത്തിൽ ഒന്നാമന്മാരായ ഡൽഹി ക്യാപ്പിറ്റൽസ് ഇത്തവണ കിരീടമുറപ്പിക്കാൻ കരുത്തരെ തന്നെയാണ് അണിനിരത്തുന്നത്. ഓപ്പണിംഗിൽ ആദ്യ രണ്ട് മത്സരങ്ങളിൽ ഓസീസ് സ്റ്റാര്‍ ഡേവിഡ് വാർണറിന് പകരക്കാരനെ തേടണം നായകൻ റിഷഭ് പന്തിന്. ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചൽ മാർഷ് മൂന്ന് കളികളിൽ ഉണ്ടാകില്ല. ബംഗ്ലാദേശിന്‍റെ ദക്ഷിണാഫ്രിക്കൻ പര്യടനം കാരണം ലുംഗി എൻഗിഡി, മുസ്‌തഫിസുർ റഹ്മാൻ എന്നീ വിദേശ താരങ്ങളേയും ആദ്യ മത്സരത്തിൽ ഡൽഹിക്ക് ഇറക്കാനാകില്ല. പരിക്കിൽ നിന്ന് പൂർണമായി മോചിതനാകാത്ത ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആൻറിച്ച് നോർക്കിയയും തുടക്കത്തിൽ പുറത്തിരിക്കും.
പുതിയ നായകൻ ശ്രേയസ് അയ്യർക്ക് കീഴിലെത്തുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും തുടക്കം പ്രതിസന്ധിയാണ്. ഓസീസ് താരങ്ങളായ ആരോൺ ഫിഞ്ചിനും പാറ്റ് കമ്മിൻസിനും ആദ്യ നാല് മത്സരങ്ങളിൽ കളിക്കാനാകില്ല. പാകിസ്ഥാനുമായുള്ള ഓസ്ട്രേലിയയുടെ പരമ്പര തീരുന്ന ഏപ്രിൽ 5 വരെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ താരങ്ങളെ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നത്.
പഞ്ചാബ് കിംഗ്‌സിനും പ്രധാന വിദേശതാരങ്ങളുടെ അഭാവം തിരിച്ചടിയാകും. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ ആദ്യ മത്സരത്തിന് ഉണ്ടാകില്ല. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര കളിക്കുന്ന ഇംഗ്ലീഷ് ബാറ്റര്‍ ജോണി ബെയർസ്റ്റോയും ആദ്യ രണ്ട് മത്സരങ്ങൾ കളിക്കില്ല. പരിക്കേറ്റ മാർക്ക് വുഡിന് പകരം ആൻഡ്രൂ ടൈയെ ടീമിലെത്തിച്ചെങ്കിലും ആദ്യ ആഴ്‌ച ലഖ്‌നൗ ടീമിനും തലവേദനയാണ്. മാർക്കസ് സ്റ്റോയിനിസ്, ജേസൺ ഹോൾഡർ, കൈൽ മയേഴ്‌സ് എന്നീ വിദേശ താരങ്ങളേയും ആദ്യ മത്സരത്തിൽ ഇറക്കാനാകില്ല.
ഐപിഎൽ പതിനഞ്ചാം സീസണിന് നാളെയാണ് മുംബൈയിൽ തുടക്കമാവുന്നത്. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. വാംഖഡേ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കഴിഞ്ഞ സീസണിലെ ഫൈനലിന്‍റെ ആവർത്തനമാണ് ഇത്തവണത്തെ ആദ്യ മത്സരം. ഗുജറാത്ത് ടൈറ്റൻസും ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സും വന്നതോടെ ഈ സീസൺ മുതൽ ഐപിഎല്ലിൽ പത്ത് ടീമുകളാണ് മത്സരിക്കുന്നത്.