IPL 2022 : ഹാര്‍ദിക് പാണ്ഡ്യ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുമോ? സുനില് ഗവാസ്‌കറുടെ മറുപടിയിങ്ങനെ
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya), സഞ്ജു സാംസണ്‍ (Sanju Samson), പൃഥ്വി ഷാ, റിതുരാജ് ഗെയ്കവാദ് എന്നിവര്‍ക്കൊന്നും വാതിലുകള്‍ അടഞ്ഞിട്ടില്ല. ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക്കിന്റെ പ്രകടനമാണ് സെലക്റ്റര്‍മാര്‍ ഉറ്റുനോക്കുന്നത്.
മുംബൈ: ഐപിഎല്‍ (IPL 2022) 15-ാം സീസണ്‍ പല താരങ്ങള്‍ക്കളും പ്രധാനപ്പെട്ടതാണ്. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം നേടണമെങ്കില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya), സഞ്ജു സാംസണ്‍ (Sanju Samson), പൃഥ്വി ഷാ, റിതുരാജ് ഗെയ്കവാദ് എന്നിവര്‍ക്കൊന്നും വാതിലുകള്‍ അടഞ്ഞിട്ടില്ല. ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക്കിന്റെ പ്രകടനമാണ് സെലക്റ്റര്‍മാര്‍ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ ടി20 ലോകകപ്പില്‍ ടീമിലുണ്ടായിരുന്നെങ്കിലും പിന്നീട് തഴയപ്പെട്ടു. അടുത്ത നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നെസ് തെളിയിക്കാന്‍ എത്തിയിരുന്നു ഹാര്‍ദിക്. ഇപ്പോള്‍ താരത്തിന് ആത്മവിശ്വാസം നല്‍കുന്ന വാക്കുകള്‍ പങ്കുവെക്കുകയാണ് ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. ലോകകപ്പ് ടീമില്‍ ഹാര്‍ദിക് ഉണ്ടാവുമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഹാര്‍ദിക്കിന്റെ കാര്യത്തില്‍ യാതൊരുവിധ സംശയങ്ങള്‍ക്കും സ്ഥാനമില്ല. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അവനുണ്ടാവും. അവന്‍ പന്തെറിയാന്‍ ആരംഭിച്ചു. പഞ്ചാബ് കിംഗ്‌സിനെതിരെ ഭേദപ്പെട്ട രീതിയില്‍ പന്തെറിയുകയും ചെയ്തു.
ഐപിഎല്ലില്‍ ഹാര്‍ദിക്കിന്റെ പ്രകടനം ഗുജറാത്ത് ടൈറ്റന്‍സ് മാത്രമല്ല ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ ആരാധകര്‍ മുഴുവന്‍ നോക്കുന്നുണ്ട്. ഹാര്‍ദിക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. ഒരു തര്‍ക്കത്തിനും വഴി വെക്കാതെ അവിന്‍ ലോകകപ്പ് ടീമിലുണ്ടാവും.'' ഗവാസ്‌കര്‍ വിശദീകരിച്ചു.
ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ടീം ഇന്ത്യ കൂടുതലും പരിഗണിച്ചിരുന്നത് വെങ്കടേഷ് അയ്യരേയാണ്. ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്യാന്‍ വെങ്കടേഷിന് സാധിക്കുകയും ചെയ്തു. എന്നാലും ഹാര്‍ദിക്കിനോളം പോന്ന പ്രകടനം വെങ്കടേഷില്‍ നിന്നുണ്ടായിട്ടില്ലെന്ന വിലയിരുത്തലും ഒരു ഭാഗത്ത് നിന്നുണ്ട്്. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന് ഇനിയും തിരിച്ചെത്താനുള്ള അവസരമുണ്ട്.
ഇടക്കാലത്ത് തുടര്‍ച്ചയായി പരിക്ക് വേട്ടയാടിയതും ഫോം നഷ്ടപ്പെട്ടതും ഹര്‍ദിക്കിന് തിരിച്ചടിയായി. ഇത്തവണ ഐപിഎല്ലില്‍ കളിച്ച് മികവ് കാട്ടിയാല്‍ ഇന്ത്യന്‍ ടീമിലേക്ക് ഹര്‍ദിക്കിന് തിരിച്ചെത്താമെന്ന നിലപാടാണ് സെലക്ടര്‍മാര്‍ സ്വീകരിച്ചത്.