IPL 2022 : 'ബാറ്റിംഗില്‍ അവന് വളരെ കുറച്ചേ മെച്ചപ്പെടുത്താനുള്ളൂ'; യുവതാരത്തെ കുറിച്ച് ഗാവസ്‌കര്‍

ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ റണ്‍വേട്ട കൊണ്ട് ശ്രദ്ധ നേടിയ താരത്തെയാണ് സുനില്‍ ഗാവസ്‌കര്‍ പ്രശംസിക്കുന്നത് 

IPL 2022 Sunil Gavaskar names one player who very little areas only to improve in batting

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിന് (IPL 2022) മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings) ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിന് (Ruturaj Gaikwad) പ്രശംസയുമായി ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍ (Sunil Gavaskar). വളരെ കുറച്ച് മാറ്റങ്ങള്‍ മാത്രമേ റുതുരാജിന്‍റെ ബാറ്റിംഗില്‍ വരുത്തേണ്ടതായിട്ടുള്ളൂ എന്നാണ് ഗാവസ്‌കറുടെ പക്ഷം. ഐപിഎല്ലില്‍ കഴിഞ്ഞ സീസണിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനാണ് റുതുരാജ് ഗെയ്‌ക്‌വാദ്. 

റണ്ണടിച്ചുകൂട്ടട്ടേ റുതുരാജ്...

'ബാറ്റിംഗ് വളരെ കുറച്ച് മാത്രം സാങ്കേതികമായി മെച്ചപ്പെടുത്താനുള്ള താരങ്ങളില്‍ ഒരാളാണ് റുതുരാജ് ഗെയ്‌ക്‌വാദ്. അദേഹത്തിന്‍റെ പുരോഗതി പരിഗണിക്കുമ്പോള്‍ പെട്ടെന്ന് മാറ്റം വരുത്തേണ്ട കാര്യങ്ങളൊന്നുമില്ല. എല്ലാത്തരം ഷോട്ടുകളും അദേഹം കളിക്കുന്നു. റുതുരാജിന്‍റെ ഷോട്ട് സെലക്ഷനാണ് ഏറ്റവും ശ്രദ്ധേയം. ആരാധകരെ നിരാശരാക്കുന്ന ഷോട്ടുകള്‍ റുതുരാജ് ഗെയ്‌ക്‌വാദ് കളിക്കുന്നില്ല. കഴിഞ്ഞ സീസണിലെ പോലെ റുതുരാജ് റണ്‍സടിച്ചുകൂട്ടണം' എന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഗാവസ്‌കര്‍ പറഞ്ഞു. 

ഐപിഎല്‍ പതിനാലാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കിരീടം നേടാന്‍ കാരണക്കാരനായ താരങ്ങളിലൊരാള്‍ റുതുരാജ് ഗെയ്‌ക്‌വാദാണ്. 16 മത്സരങ്ങളില്‍ 39 ശരാശരിയില്‍ 635 റണ്‍സാണ് ഈ ഓപ്പണര്‍ അടിച്ചുകൂട്ടിയത്. ഇതോടെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ റുതുരാജ് എമര്‍ജിംഗ് പ്ലേയര്‍ ഓഫ് ദ് സീസണ്‍ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. മെഗാതാരലേലത്തിന് മുമ്പ് ആറ് കോടി രൂപ മുടക്കിയാണ് റുതുരാജ് ഗെയ്‌ക്‌വാദിനെ സിഎസ്‌കെ നിലനിര്‍ത്തിയത്.

ചെന്നൈയും റുതുരാജും കളത്തിലേക്ക്

റുതുരാജ് ഗെയ്‌ക്‌വാദ് അടങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് പോരാട്ടം തുടങ്ങുക. റുതുരാജിനൊപ്പം ഡെവോൺ കോൺവേ ചെന്നൈയുടെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, എം എസ് ധോണി എന്നിവരുടെ ബാറ്റിലേക്കും ചെന്നൈ ഉറ്റുനോക്കുന്നു. നായകന്‍ രവീന്ദ്ര ജഡേജയുടെ പ്രകടനവും സിഎസ്‌കെയ്‌ക്ക് നിര്‍ണായകമാകും. ഓൾറൗണ്ടര്‍മാരായ ഡ്വെയ്‌ന്‍ ബ്രാവോയും ശിവം ദുബേയും ടീമിനെ സന്തുലിതമാക്കും. 

അതേസമയം ചെന്നൈയുടെ ബൗളിംഗ് കരുത്തിലാണ് സംശയവും ആശങ്കയും. പരിക്ക് മാറാത്ത ദീപക് ചാഹറും ക്വാറന്‍റീനിലായ മൊയീൻ അലിയും ചെന്നൈ നിരയിലുണ്ടാവില്ല. ക്രിസ് ജോര്‍ദാന്‍, രാജ്‌വര്‍ധന്‍ ഹങ്കരേക്കര്‍, ആദം മില്‍നെ, തുഷാര്‍ ദേശ്‌പാണ്ഡെ തുടങ്ങിയവരില്‍ ആരൊക്കെ ടീമിലെത്തും, മലയാളി താരം കെ എം ആസിഫ് കളിക്കുമോ എന്നതും ആകാംക്ഷ സൃഷ്‌ടിക്കുന്നു. ചെന്നൈയും കൊൽക്കത്തയും മുമ്പ് 26 കളികളില്‍ ഏറ്റുമുട്ടിയപ്പോള്‍ 17ലും ജയിച്ച സിഎസ്‌കെയ്‌ക്ക് വ്യക്തമായ ആധിപത്യമുണ്ട്. 

IPL 2022 : കരുത്ത് കൂടുതല്‍ ചെന്നൈയ്‌ക്കോ കൊല്‍ക്കത്തയ്‌ക്കോ? ടീമുകളുടെ ശക്തിദൗര്‍ബല്യങ്ങള്‍ അറിയാം

Latest Videos
Follow Us:
Download App:
  • android
  • ios