IPL 2022: ഇന്ത്യന്‍ കുപ്പായത്തില്‍ സഞ്ജു കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടതായിരുന്നു; അക്തര്‍
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ആകെ 14 മത്സരങ്ങള്‍ മാത്രമെ 27 സഞ്ജു ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചിട്ടുള്ളു.ഇതില്‍ 13 ടി20 മത്സരങ്ങളും ഒരു ഏകദിനവും ഉള്‍പ്പെടുന്നു.
ലാഹോര്‍: ഐപിഎല്ലിലെ(IPL 2022) മിന്നും പ്രകടനങ്ങളുടെ കരുത്തില്‍ ഇന്ത്യന്‍ ടീമിലെത്തി സ്ഥിരം സാന്നിധ്യമായ നിരവധി താരങ്ങളുണ്ട്. റുതുരാജ് ഗെയ്‌ക്‌വാദും സൂര്യകുമാര്‍ യാദവും ടി നടരാജനും വാഷിംഗ്‌ടണ്‍ സുന്ദറുമെല്ലാം ഇവരില്‍ പെടുന്നു. എന്നാല്‍ ഇവര്‍ക്കൊക്കെ മുമ്പെ ഐപിഎല്ലിലെ പ്രകടന മികവില്‍ ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായി മലയാളി താരം സഞ്ജു സാംസണ്‍(Sanju Samson). ഏഴ് വര്‍ഷം മുമ്പ് 2015ലാണ് സഞ്ജു ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറിയത്.
എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ആകെ 14 മത്സരങ്ങള്‍ മാത്രമെ 27 സഞ്ജു ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചിട്ടുള്ളു.ഇതില്‍ 13 ടി20 മത്സരങ്ങളും ഒരു ഏകദിനവും ഉള്‍പ്പെടുന്നു. എന്നാല്‍ ഇന്ത്യന്‍ കുപ്പായത്തില്‍ സഞ്ജു കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടതായിരുന്നുവെന്ന് തുറന്നുപറയുകയാണ് മുന്‍ പാക് പേസറായ ഷൊയൈബ് അക്തര്‍(Shoaib Akhtar). സഞ്ജു അസാധാരണ മികവുള്ള കളിക്കാരനാണെന്നും നിര്‍ഭാഗ്യവശാല്‍ അയാള്‍ക്ക് ഇന്ത്യക്കായി കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനായില്ലെന്നും സ്പോര്‍ട്സ് കീഡക്ക് നല്‍കിയ അഭിമുഖത്തില്‍ അക്തര്‍ പറഞ്ഞു.
ബംഗ്ലാദേശിന്‍റെ പരാതി വെറുതയല്ല, ഉറപ്പായ ഔട്ടുകള്‍ പോലും നിഷേധിച്ച് അമ്പയര്‍മാര്‍-വീഡിയോ
ഈ വര്‍ഷം ഫെബ്രുവരിയില്‍ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലാണ് ഇന്ത്യക്കായി സഞ്ജു അവസാനം കളിച്ചത്. രണ്ട് മത്സരങ്ങളില്‍ ബാറ്റ് ചെയ്ത സഞ്ജു 39, 18 എന്നിങ്ങനെയായിരുന്നു സ്കോര്‍ ചെയ്തത്. സ്ഥിരതയില്ലാ്യമാണ് ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കാത്തതിന് കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ഐപിഎല്ലില്‍ മിന്നുന്ന ഫോമിലാണെങ്കിലും അതേഫോം ഇന്ത്യക്കായി തുടരാന്‍ സഞ്ജുവിനായിട്ടില്ല. ഇന്ത്യന്‍ കുപ്പായത്തില്‍ ഇതുവരെ ഒരു അര്‍ധസെഞ്ചുറിപോലും സഞ്ജു നേടിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഏകദിന ടീമില്‍ അരങ്ങേറിയ സഞ്ജു 46 റണ്‍സെടുത്തിരുന്നു.
ഐപിഎല്ലില്‍ എല്ലാ സീസണിലും 300ന് മുകളില്‍ സ്കോര്‍ ചെയ്യാറുള്ള ബാറ്റര്‍ കൂടിയാണ് സഞ്ജു. കഴിഞ്ഞ സീസണില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും അടക്കം 484 റണ്‍സും തൊട്ടു മുന്‍ സീസണുകളില്‍ യഥാക്രമം 375, 342 റണ്‍സും സഞ്ജു നേടിയിട്ടുണ്ട്. ഈ സീസണില്‍ ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി തുടങ്ങിയ സഞ്ജു മുംബൈക്കെതിരായ രണ്ടാം മത്സരത്തില്‍ 20 പന്തില്‍ 30 റണ്‍സടിച്ചിരുന്നു.