IPL 2022: രാജസ്ഥാന്‍റെ പുതിയ 'ക്യാപ്റ്റന്‍' ചാഹലിന് മറുപടിയുമായി സഞ്ജു സാംസണ്‍
ചാഹലിന് അഭിനന്ദങ്ങള്‍ അറിയിച്ച് സഞ്ജു സാംസണും ട്വീറ്റിന് താഴെ മറുപടി നല്‍കി. ഇതിന് അസൂയ, അസൂയ എന്നായിരുന്നു ചാഹലിന്‍റെ മറുപടി. രാജസ്ഥാന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് പിന്നീടുവന്ന ട്വീറ്റുകള്‍ കണ്ട ആരാധകര്‍ അന്തം വിട്ടെങ്കിലും ഒടുവിലാണ് അവര്‍ക്ക് സംഗതി പിടികിട്ടിയത്. ഇതെല്ലാം ചാഹലിന്‍റെ പണിയാണെന്ന്.
ജയ്പൂര്‍: ഐപിഎല്ലില്‍(IPL 2022) ആദ്യ പന്തെറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ രാജസ്ഥാന്‍ റോയല്‍സിന്‍റെ(Rajasthan Royals) ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ഹാക്ക് ചെയ്ത് ക്യാപ്റ്റനായി സ്വയം പ്രഖ്യാപിച്ച യുസ്‌വേന്ദ്ര ചാഹലിന്(Yuzvendra Chahal) മറുപടിയുമായി ടീമിന്‍റെ യഥാര്‍ത്ഥ നായകന്‍ മലയാളി താരം സഞ്ജു സാംസണ്‍(Sanju Samson). ഇന്നലെയാണ് ഒരു ദിവസത്തേക്ക് ചാഹലിനെ രാജസ്ഥാന്‍ റോയല്‍സിന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലിന്‍റെ അഡ്മിനാക്കിയത്. കിട്ടിയ അവസരം മുതലാക്കി ചാഹലിനെ രാജസ്ഥാന്‍റെ പുതിയ നായകനായി തെരഞ്ഞെടുത്തുവെന്ന് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ചാഹലിട്ട ട്വീറ്റ് ആരാധകരെ അമ്പരപ്പിച്ചു.
ചാഹലിന് അഭിനന്ദങ്ങള്‍ അറിയിച്ച് സഞ്ജു സാംസണും ട്വീറ്റിന് താഴെ മറുപടി നല്‍കി. ഇതിന് അസൂയ, അസൂയ എന്നായിരുന്നു ചാഹലിന്‍റെ മറുപടി. രാജസ്ഥാന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് പിന്നീടുവന്ന ട്വീറ്റുകള്‍ കണ്ട ആരാധകര്‍ അന്തം വിട്ടെങ്കിലും ഒടുവിലാണ് അവര്‍ക്ക് സംഗതി പിടികിട്ടിയത്. ഇതെല്ലാം ചാഹലിന്‍റെ പണിയാണെന്ന്.
ഇന്ന് ആരാധകരുമായി ഇന്‍സ്റ്റഗ്രാമില്‍ സംവദിക്കവെയാണ് രാജസ്ഥാന്‍റെ പുതിയ നായകനായ ചാഹലിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ആരാധകര്‍ സഞ്ജുവിനോട് ചോദിച്ചത്. വളരെ സന്തോഷം, ടോസിട്ട ശേഷം നാണയങ്ങളെല്ലാം അദ്ദേഹം എനിക്ക് വേണ്ടി എടുത്തുവെക്കുമെന്ന് കരുതട്ടെ എന്നായിരുന്നു സഞ്ജുവിന്‍റെ തമാശ കലര്‍ന്ന മറുപടി. ടോസിട്ടശേഷം ആ നാണയം സ്വന്തം പോക്കറ്റിലാക്കുന്നത് സഞ്ജുവിന്‍റെ ശീലമാണ്. കഴിഞ്ഞ സീസണില്‍ ആദ്യമായി രാജസ്ഥാന്‍ നായകനായതോടെയാണ് സഞ്ജു ടോസിട്ട നാണയങ്ങള്‍ സ്വന്തം പോക്കറ്റിലാക്കുന്നത് ആരാധകര്‍ ശ്രദ്ധിച്ചു തുടങ്ങിയത്.
ഇന്നലെ ഉച്ചയോടെ രാജസ്ഥാന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ചാഹല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന വീഡിയോ ട്വീറ്റ് ചെയ്തായിരുന്നു രസകരമായ സംഭവങ്ങളുടെ തുടക്കം. ഈ വീഡിയോക്ക് മറുപടിയായി താനിപ്പോള്‍ രാജസ്ഥാന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യുമെന്ന് ചാഹല്‍ കുറിച്ചു. ഒപ്പം പാസ്‌വേഡ് നല്‍കിയതിന് രാജസ്ഥാന്‍ സിഇഒ ജേക് ലഷ് മക്‌ക്രമിന് നന്ദിയും പറഞ്ഞു.
പിന്നീടായിരുന്നു ക്യാപ്റ്റനായി തെരഞ്ഞെടുത്തുവെന്നും ജോസ് ബട്‌ലര്‍ക്കൊപ്പം ഇത്തവണ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക ചാഹലാണെന്നുമുളള ട്വീറ്റുകള്‍ വന്നത്. പതിനായിരത്തോളം പേരാണ് ഇത് റീട്വീറ്റ് ചെയ്തത്. അവിടംകൊണ്ടും നിര്‍ത്തിയില്ല ചാഹല്‍ എന്നതാണ് രസകരം. രാജസ്ഥാന്‍ താരമായ ജോസ് ബട്‌ലറോട് താങ്കളെ വളരെയധികം സ്നേഹിക്കുന്നുവെന്ന് ട്വീറ്റ് ചെയ്തും ഈ സീസണില്‍ രാജസ്ഥാനിലെത്തിയ അശ്വിനോട് എവിടെയാണ് താങ്കള്‍ ഒരു വിവരവും ഇല്ലല്ലോ എന്ന് ചോദിച്ചും ചാഹല്‍ തമാശ പൊട്ടിച്ചുകൊണ്ടിരുന്നു.
കഴിഞ്ഞ സീസണിലാണ് രാജസ്ഥാന്‍ റോയല്‍സ് മലയാളി താരം സഞ്ജു സാംസണെ നായകനായി തെരഞ്ഞെടുത്തത്. ഈ സീസണില്‍ സഞ്ജുവിനെയും ജോസ് ബട്‌ലറെയും യശസ്വി ജയ്‌സ്വാളിനെയും രാജസ്ഥാന്‍ നിലനിര്‍ത്തിയിരുന്നു. ഇത്തവണ താരലേലത്തില്‍ 6.5 കോടി രൂപ നല്‍കിയാണ് രാജസ്ഥാന്‍ ബാംഗ്ലൂരില്‍ നിന്ന് ചാഹലിനെ സ്വന്തമാക്കിയത്. അഞ്ച് കോടി രൂപക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ ആര്‍ അശ്വിനെയും രാജസ്ഥാന്‍ ടീമിലെടുത്തിരുന്നു.
ഐപിഎല്ലില്‍ അശ്വിന്‍-ചാഹല്‍ സഖ്യം ഇത്തവണ രാജസ്ഥാന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 31കാരനായ ചാഹലിന് 114 ഐപിഎല്‍ മത്സങ്ങളില്‍ നിന്ന് 139 വിക്കറ്റും 35കാരനായ അശ്വിന് 145 ഐപിഎല്‍ വിക്കറ്റുമുണ്ട്. ഇരുവര്‍ക്കും പുറമെ പേസര്‍ പ്രസിദ്ധ് കൃഷ്ണ(10 കോടി), ട്രെന്‍റ് ബോള്‍ട്ട്(10 കോടി), ഷെമ്രോണ്‍ ഹെറ്റ്‌മെയര്‍(8.50 കോടി), ദേവ്‌ദത്ത് പടിക്കല്‍(7.75 കോടി), നേഥന്‍ കോള്‍ട്ടര്‍നൈല്‍(2 കോടി), നവദീപ് സെയ്നി(2.6 കോടി), ജെയിംസ് നീഷാം(1.5 കോടി), റാസി വാന്‍ഡര്‍ ഡസ്സന്‍(1 കോടി) എന്നിവരെയും രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു.