പുതിയ രണ്ട് ഐപിഎല്‍ ടീമുകളായി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ‍ിനും അദാനി ഗ്രൂപ്പിനും ടീമില്ല

ലക്നോ ടീമിനെ സ്വന്തമാക്കിയ സഞ്ജീവ് ഗോയങ്ക മുമ്പ് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്‍റ്സിന്‍റെ ഉടമകളായിരുന്നു. രണ്ട് പുതിയ ടീമുകള്‍ കൂടി എത്തുന്നതോടെ ഐപിഎല്ലിലെ ആകെ ടീമുകളുടെ എണ്ണം പത്തായി. പുതിയ ടീമുകള്‍ എത്തുന്ന പശ്ചാത്തലത്തില്‍ അടുത്തവര്‍ഷം മെഗാ താരലേലം നടക്കും.

IPL 2022: Sanjiv Goenkas RPSG Group, CVC Capital win bids for Lucknow Ahmedabad IPL teams

ദുബായ്: അടുത്ത ഐപിഎല്‍(IPL 2022) സീസണില്‍ ലക്നോവും(Lucknow), അഹമ്മദാബാദും(Ahmedabad) ആസ്ഥാനമായി രണ്ട് പുതിയ രണ്ട് ടീമുകളെ(IPL teams) കൂടി ഉള്‍പ്പെടുത്തി. ബിസിസിഐ ടീമുകളെ സ്വന്തമാക്കാനുള്ള ടെന്‍ഡര്‍ തുറന്നപ്പോള്‍ സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ആര്‍പിഎസ്‌ജി(RPSG) ഗ്രൂപ്പ് 7090 കോടി രൂപക്ക് ലക്നോ ആസ്ഥാനമായി ടീമിനെയും 5624 കോടി രൂപക്ക് അഹമ്മദാബാദ് ആസ്ഥാനമായി ഫ്രാഞ്ചൈസിയെ സിവിസി ക്യാപിറ്റലും(CVC Capital) സ്വന്തമാക്കി.

ടീമുകളെ സ്വന്തമാക്കാനുള്ള ടെന്‍ഡറില്‍ പങ്കെടുത്ത ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിനും(Adani Group) മാഞ്ചസ്റ്റര്‍ യുനൈറ്റഡ്( Manchester United) ഫുട്ബോള്‍ ക്ലബ്ബിനും ടീമിനെ ലഭിച്ചില്ല. പ്രാഥമികഘട്ടത്തില്‍ 22 പേരാണ് 10 ലക്ഷം രൂപ കെട്ടിവെച്ച് ബിസിസിഐയില്‍ നിന്ന് ടെന്‍ഡര്‍ ഫോമുകള്‍ വാങ്ങിയിരുന്നത്. താജ് ദുബായില്‍ നടന്ന അവസാനഘട്ട ടെന്‍ഡറില്‍ പത്ത് പേരാണ് ഉണ്ടായിരുന്നത്. ടെന്‍ഡറില്‍ പങ്കെടുത്തവര്‍ക്ക് അഹമ്മദാബാദ്, ലക്നോ, കട്ടക്ക്, ധര്‍മശാല, ഗോഹട്ടി, ഇന്‍ഡോര്‍ എന്നീ നഗരങ്ങളായിരുന്നു ആസ്ഥാനമായി തെര‍ഞ്ഞെടുക്കാനായി ബിസിസിഐ നിര്‍ദേശിച്ചിരുന്നത്. ഇതില്‍ ആര്‍പിഎസ്‌ജി ഗ്രൂപ്പ് ലക്നോ തെരഞ്ഞെടുത്തപ്പോള്‍ സിവിസി ക്യാപിറ്റല്‍ അഹമ്മദാബാദ് തെരഞ്ഞെടുത്തു.

ലക്നോ ടീമിനെ സ്വന്തമാക്കിയ സഞ്ജീവ് ഗോയങ്ക മുമ്പ് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്‍റ്സിന്‍റെ ഉടമകളായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സിന് വിലക്കുവന്നപ്പോള്‍ രണ്ട് സീസണുകളില്‍ ഐപിഎല്‍ കളിച്ച പൂനെയ്ക്കു വേണ്ടിയായിരുന്നു എം എസ് ധോണി കളിച്ചത്. അന്ന് ധോണിയുടെ ക്യാപ്റ്റന്‍സിയെ ട്വീറ്റുകളിലൂടെ വിമര്‍ശിച്ച ഗോയങ്കയുടെ പ്രതികരണങ്ങള്‍ വലിയ വിവാദമാകുകയും ചെയ്തിരുന്നു. പിന്നീട് ധോണിയെ മാറ്റി സ്റ്റീവ് സ്മിത്തിനെ പൂനെ ക്യാപ്റ്റനാക്കുകയും ചെയ്തു.

രണ്ട് പുതിയ ടീമുകള്‍ കൂടി എത്തുന്നതോടെ ഐപിഎല്ലിലെ ആകെ ടീമുകളുടെ എണ്ണം പത്തായി. പുതിയ ടീമുകള്‍ എത്തുന്ന പശ്ചാത്തലത്തില്‍ അടുത്തവര്‍ഷം മെഗാ താരലേലം നടക്കും. നിശ്ചിത എണ്ണം കളിക്കാരെ മാത്രമെ നിലവിലെ ടീമുകള്‍ക്ക് നിലനിര്‍ത്താന്‍ അവസരമുണ്ടാകുകയുള്ളു.

2012ലാണ് ടെന്‍ഡര്‍ നടപടികളിലൂടെ അവസാനമായി ഒരു ടീമിനെ ഐപിഎല്ലില്‍ ഉള്‍പ്പെടുത്തിയത്. 850 കോടി രൂപക്കാണ് അന്ന് സണ്‍ ഗ്രൂപ്പ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ സ്വന്തമാക്കിയത്. പുതിയ രണ്ട് ടീമുകള്‍ക്ക് അടിസ്ഥാനവിലയായി ബിസിസിഐ നിശ്ചയിച്ചത് 2000 കോടി രൂപയായിരുന്നു. ഇതിന്‍റെ നാലിരട്ടി തുകക്കാണ് സഞ്ജീവ ഗോയങ്ക ലക്നോ ടീമിനെ ഇപ്പോള്‍ സ്വന്തമാക്കിയത്.

Latest Videos
Follow Us:
Download App:
  • android
  • ios