IPL 2022 : ടി20 ലോകകപ്പില്‍ നീലക്കുപ്പായം അണിയണം; ആഗ്രഹം പരസ്യമാക്കി ദിനേശ് കാർത്തിക്
ഐപിഎല്ലില്‍ മിന്നും ഫോമിലാണ് ദിനേശ് കാർത്തിക്. കഴിഞ്ഞ 7 കളികളിൽ നിന്ന് 210 റൺസ് നേടി.
മുംബൈ: ട്വന്‍റി 20 ലോകകപ്പിനുള്ള (ICC Men's T20 World Cup 2022) ഇന്ത്യൻ ടീമിൽ (Team India) ഇടം കിട്ടാൻ ആഗ്രഹിക്കുന്നുവെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (Royal Challengers Bangalore) താരം ദിനേശ് കാർത്തിക് (Dinesh Karthik). ഐപിഎല്ലില്‍ (IPL 2022) മിന്നും ഫോമിലുള്ള ദിനേശ് കാർത്തിക്കിനെ ടീം ഇന്ത്യ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇതിഹാസ താരവും കമന്‍റേറ്ററുമായ സുനിൽ ഗാവസ്‌കറും (Sunil Gavaskar) പറഞ്ഞു.
ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തിന് പിന്നാലെയാണ് ദിനേശ് കാർത്തിക് തന്‍റെ ആഗ്രഹം തുറന്നുപറഞ്ഞത്. 'ഒക്ടോബർ-നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ നീലക്കുപ്പായം അണിയണം. കഴിഞ്ഞ ലോകകപ്പിൽ കളിക്കാൻ കഴിയാത്തതിൽ നിരാശയുണ്ടെന്നും' ബാംഗ്ലൂരിന്‍റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ പറഞ്ഞു.
ഐപിഎല്ലില്‍ മിന്നും ഫോമിലാണ് ദിനേശ് കാർത്തിക്. കഴിഞ്ഞ 7 കളികളിൽ നിന്ന് 210 റൺസ് നേടി. സ്ട്രൈക്ക് റേറ്റ് 205. ആറ് മത്സരങ്ങളിൽ പുറത്തായിട്ടില്ലെന്നത് സവിശേഷത. വമ്പനടികളുമായി കളംനിറയുന്ന ദിനേശ് കാർത്തിക്കിനെ കണ്ടില്ലെന്ന് നടിക്കാൻ ഇന്ത്യൻ ടീം സെലക്‌ടർമാർക്ക് എങ്ങനെ കഴിയുമെന്ന് ആരാധകരും ചോദിക്കുന്നു. ഇതേ അഭിപ്രായമാണ് സുനിൽ ഗാവസ്‌കറിനും. ടി20 ലോകകപ്പിനുള്ള ടീമിലേക്ക് ദിനേശ് കാർത്തിക്കിനെയും പരിഗണിക്കണം. ഫിനിഷറുടെ റോളിൽ ദിനേശ് കാർത്തിക്കിന് തിളങ്ങാനാകുമെന്നാണ് ഗാവസ്‌കറിന്‍റെ അഭിപ്രായം.
ഇന്നലെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ ജയത്തോടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാമതെത്തി. 18 റണ്ണിനാണ് ആര്‍സിബിയുടെ ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തില്‍ 163 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ ഏഴ് കളികളില്‍ 10 പോയിന്‍റുമായി ബാംഗ്ലൂര്‍ പോയന്‍റ് പട്ടികയില്‍ ഗുജറാത്ത് ടൈറ്റന്‍സിന് പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. രാജസ്ഥാന്‍ റോയല്‍സിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബാംഗ്ലൂരിന്‍റെ മുന്നേറ്റം. സ്കോര്‍: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍- 20 ഓവറില്‍ 181-6, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറില്‍ 163-8.
IPL 2022: അടിതെറ്റി ലഖ്നൗ; ജയത്തോടെ ബാംഗ്ലൂര്‍ രണ്ടാമത്