IPL 2022: ബാംഗ്ലൂരിന്‍റെ പുതിയ നായകനെ നാളെ അറിയാം, ആകാംക്ഷയുടെ മുള്‍മുനയില്‍ ആരാധകര്‍
താരലേലത്തിൽ ഏഴേകാൽ കോടി രൂപയ്ക്ക് സ്വന്തമാക്കിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസി ആർ സി ബിയുടെ പുതിയ നായകനായേക്കുമെന്നാണ് സൂചന. ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്‍വെല്‍, കൊല്‍ക്കത്ത മുന്‍ നായകന്‍ ദിനേശ് കാര്‍ത്തിക്ക് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
ബാംഗ്ലൂര്‍: ഐപിഎല്ലില്‍(IPL 2022) ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ(Royal Challengers Bangalore) പുതിയ നായകനെ നാളെ അറിയാം. ബെംഗലൂരുവില്‍ ഉച്ചക്ക് 12 മണിക്ക് നടക്കുന്ന പ്രത്യേക ചടങ്ങിലായിരിക്കും പ്രഖ്യാപനം. ചടങ്ങിൽ ഈ സീസണിലെ പുതിയ ജേഴ്സിയും പ്രകാശനം ചെയ്യും.വിരാട് കോലിയാകും(Virat Kohli) പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കുക എന്നാണ് സൂചന.
താരലേലത്തിൽ ഏഴേകാൽ കോടി രൂപയ്ക്ക് സ്വന്തമാക്കിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസി ആർ സി ബിയുടെ പുതിയ നായകനായേക്കുമെന്നാണ് സൂചന. ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്‍വെല്‍, കൊല്‍ക്കത്ത മുന്‍ നായകന്‍ ദിനേശ് കാര്‍ത്തിക്ക് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെ നയിച്ച് പരിചയമുള്ള മാക്സ്‌വെല്ലിനെയാണ് ആര്‍സിബി ആദ്യം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാനിരുന്നതെങ്കിലും തുടക്കത്തിലെ മത്സരങ്ങളില്‍ മാക്സ്‌വെല്ലിന് കളിക്കാനാകാത്തത് തിരിച്ചടിയായേക്കും. വിവാഹവുമായി ബന്ധപ്പെട്ടാണ് സീസണിലെ ആദ്യ മത്സരങ്ങള്‍ മാക്സ്‌വെല്ലിന് നഷ്ടമാകുക.
മറ്റ് ടീമുകളെ പോലെ ഇന്ത്യന്‍ നായകനെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെങ്കില്‍ ദിനേശ് കാര്‍ത്തിക്ക് ക്യാപ്റ്റന്‍ സ്ഥാനത്തെത്തും. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് മികച്ച റെക്കോര്‍ഡില്ലാത്തത് കാര്‍ത്തിക്കിന് തിരിച്ചടിയാകും.അതേസമയം വിരാട് കോലിയുടെ രാജി ആര്‍സിബി അധികൃതര്‍ അംഗീകരിച്ചില്ലെന്ന് ചിലദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ടി20 ലോകകപ്പിനുശേഷം ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോലി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായക സ്ഥാനവും ഒഴിഞ്ഞത്.നായകനെന്ന നിലയില്‍ ആര്‍സിബിയെ പത്ത് സീസണുകളിലായി 132 മത്സരങ്ങളില്‍ നയിച്ചെങ്കിലും ഒരു തവണ ഫൈനലില്‍ എത്തിച്ചതൊഴിച്ചാല്‍ ഐപിഎല്ലില്‍ കിരീടം നേടിക്കൊടുക്കാന്‍ കോലിക്കായിട്ടില്ല. ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് 15 കോടി രൂപ നല്‍കിയാണ് കോലിയെ ആര്‍സിബി ഇത്തവണ നിലനിര്‍ത്തിയത്. ഈമാസം ഇരുപത്തിയാറിനാണ് ഐപിഎല്ലിന് തുടക്കമാവുക.