IPL 2022: ഹൈദരാബാദിനെ എറിഞ്ഞിട്ടു, സഞ്ജുവിന്‍റെ നൂറാം മത്സരത്തില്‍ രാജസ്ഥാന് വമ്പന്‍ ജയം

41 പന്തില്‍ 57 റണ്‍സുമായി പുറത്താകാതെ നിന്ന ഏയ്ഡന്‍ മാര്‍ക്രവും വാലറ്റത്ത് തകര്‍ത്തടിച്ച വാഷിംഗ്ടണ്‍ സുന്ദറും(14 പന്തില്‍ 40) ഹൈദരാബാദിന്‍റെ തോല്‍വിഭാരം കുറച്ചത്.

IPL 2022:Rajasthan Royals beat Sunrisers Hyderabad by 61 runs

പൂനെ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയുള്ള നൂറാം മത്സരത്തില്‍ ബാറ്റിംഗിലും ക്യാപ്റ്റന്‍സിയിലും നൂറില്‍ നൂറു മാര്‍ക്കുമായി സഞ്ജു സാംസണ്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ 61 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി സഞ്ജുവും രാജസ്ഥാനും ഐപിഎല്‍ പതിനഞ്ചാം സീസണ് വിജയത്തുടക്കമിട്ടു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സടിച്ചപ്പോള്‍ ഹൈദരാബാദിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

41 പന്തില്‍ 57 റണ്‍സുമായി പുറത്താകാതെ നിന്ന ഏയ്ഡന്‍ മാര്‍ക്രവും വാലറ്റത്ത് തകര്‍ത്തടിച്ച വാഷിംഗ്ടണ്‍ സുന്ദറും(14 പന്തില്‍ 40) ഹൈദരാബാദിന്‍റെ തോല്‍വിഭാരം കുറച്ചത്. രാജസ്ഥാനു വേണ്ടി യുസ്‌വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പ്രസിദ്ധ് കൃഷ്ണയും ട്രെന്‍റ് ബോള്‍ട്ടും രണ്ട് വിക്കറ്റ് വീതമെടുത്തു. സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 210-6, സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 149-7.

തലയറുത്ത് പ്രസിദ്ധ് നടുവൊടിച്ച് ചാഹല്‍

പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടമായ ഹൈദരാബാദിന് പിന്നീടൊരു ഘട്ടത്തിലും മത്സരത്തിലേക്ക് തിരിച്ചുവരനായില്ല. ഹൈദരാബാദിന്‍റെ ബാറ്റിംഗ് പ്രതീക്ഷയായ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ രണ്ടാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ നല്‍കിയ ക്യാച്ച് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്‍റെയ ഗ്ലൗസില്‍ തട്ടിത്തെറിച്ചെങ്കിലും സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന ദേവ്ദത്ത് പടിക്കല്‍ പറന്നു പിടിച്ചു. രണ്ട് റണ്‍സായിരുന്നു വില്യംസണ്‍ന്‍റെ സംഭാവന. രാഹുല്‍ ത്രിപാഠിയെ(0) പൂജ്യനാക്കി മടക്കിയ പ്രസിദ്ധ് ഇരട്ട പ്രഹമേല്‍പ്പിച്ചതിന് പിന്നാലെ നിക്കൊളാസ് പുരാനെ(0) ബോള്‍ട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കി ഹൈദരാബാദിന്‍റെ തലയറുത്തു.

പ്രസിദ്ധും ബോള്‍ട്ടും തലയരിഞ്ഞതിന് പിന്നാലെ അഭിഷേക് ശര്‍മ(9), അബ്ദുള്‍ സമദ്(4), റൊമാരിയോ ഷെപ്പേര്‍ഡ്(18 പന്തില്‍ 24) എന്നിവരെ മടക്കി ചാഹല്‍ രാജസ്ഥാന്‍ കുപ്പായത്തിലെ അരങ്ങേറ്റം ഗംഭീരമാക്കി. ഏയ്ഡന്‍ മാര്‍ക്രം അര്‍ധസെഞ്ചുറിയുമായി പൊരുതി നിന്നെങ്കിലും കൂട്ടിന് ആളില്ലാതായി. 37-5ലേക്കും 78-6ലേക്കും കൂപ്പുകുത്തിയ ഹൈദരാബാദിനെ മാര്‍ക്രത്തിന്‍റെയും സുന്ദറിന്‍റെയും പോരാട്ടമാണ് 100 കടത്തിയത്.

രാജസ്ഥാനുവേണ്ടി പ്രസിദ്ധ് കൃഷ്ണ നാലോവറില്‍ 16 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ചാഹല്‍ നാലോവറില്‍ 22ന് മൂന്നും ബോള്‍ട്ട് നാലോവറില്‍ 22 ന് രണ്ടും വിക്കറ്റെടുത്തു. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ സഞ്ജുവിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും ദേവ്ദത്ത് പടിക്കലിന്‍റയെും ഇന്നിംഗ്സിന്‍റെ അവസാനം ഷിമ്രോണ്‍ ഹെറ്റ്മെയറിന്‍റെയും ബാറ്റിംഗ് വെടിക്കെട്ടിന്‍റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. 27 പന്തില്‍ 55 റണ്‍സെടുത്ത സഞ്ജുവാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ഹൈദരാബാദിനായി ഉമ്രാന്‍ മാലിക്ക് രണ്ടും ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios