IPL 2022 : ഒഡെയ്ന്‍ സ്മിത്തിന് നാല് വിക്കറ്റ്; മുംബൈ ഇന്ത്യന്‍സിന് അഞ്ചാം തോല്‍വി, പഞ്ചാബ് വിജയവഴിയില്‍

പവര്‍പ്ലേയില്‍ തന്നെ മുംബൈക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ആദ്യം മടങ്ങിയത്. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വിഭിന്നമായി രോഹിത് നന്നായി തുടങ്ങി. കേവലം 17 പന്തുകള്‍ മാത്രം നേരിട്ട രോഹിത്തിന്റെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും മൂന്ന് ഫോറുമുണ്ടായിരുന്നു.

ipl 2022  punjab kings won over mumbai indians by 12 runs

പൂനെ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് അഞ്ചാം തോല്‍വി. പൂനെയില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ 12 റണ്‍സിനാണ് മുംബൈ തോറ്റത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടാനാണ് സാധിച്ചത്. ഡിവാള്‍ഡ് ബ്രേവിസ് (49), സൂര്യകുമാര്‍ യാദവ് (43) എന്നിവര്‍ തിളങ്ങിയെങ്കിലും ജയിപ്പിക്കാനായില്ല. രണ്ട് വിക്കറ്റ് നേടിയ കഗിസോ റബാദ പഞ്ചാബ് ബൗളര്‍മാരില്‍ തിളങ്ങി. നേരത്തെ ശിഖര്‍ ധവാന്‍ (70), മായങ്ക് അഗര്‍വാള്‍ (52) എന്നിവരുടെ ഇന്നിംഗ്‌സാണ് പഞ്ചാബിന് തുണയായത്. 

പവര്‍പ്ലേയില്‍ തന്നെ മുംബൈക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ആദ്യം മടങ്ങിയത്. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വിഭിന്നമായി രോഹിത് നന്നായി തുടങ്ങി. കേവലം 17 പന്തുകള്‍ മാത്രം നേരിട്ട രോഹിത്തിന്റെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും മൂന്ന് ഫോറുമുണ്ടായിരുന്നു. കിഷനൊപ്പം 31 റണ്‍സ് കൂട്ടിചേര്‍ത്താണ് രോഹിത് മടങ്ങുന്നത്. പിന്നാലെ ഇഷാന്‍ മടങ്ങിയത് മുംബൈക്ക് തിരിച്ചടിയായി. അറോറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയ്ക്ക് ക്യാച്ച്. ഇതോടെ 4.1 ഓവറില്‍ രണ്ടിന് 32 എന്ന നിലയിലായി മുംബൈ. 

പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന് ഡിവാള്‍ഡ് ബ്രേവിസ് (25 പന്തില്‍ 49)- തിലക് വര്‍മ (20 പന്തില്‍ 36) മുംബൈക്ക് വിജയപ്രതീക്ഷ നല്‍കി. എന്നാല്‍ ബ്രേവിസ് പുറത്തായതോടെ മുംബൈയുടെ പ്രതീക്ഷകള്‍ മങ്ങി. 25 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു ബ്രേവിസിന്റെ ഇന്നിംഗ്‌സ്. ഒഡെയ്ന്‍ സ്മിത്തിനായിരുന്നു വിക്കറ്റ്. തിലക് റണ്ണൗട്ടാവകയും ചെയ്തതോടെ മുംബൈ പ്രതിരോധത്തിലായി. 30 പന്തില്‍ 43 റണ്‍സ് നേടിയ സൂര്യകുമാര്‍ പ്രതീക്ഷ നല്‍കിയെങ്കിലും 19-ാം ഓവറില്‍ പുറത്തായത് തിരിച്ചടിയായി. 

കീറണ്‍ പൊള്ളാര്‍ഡ് (10) നിരാശപ്പെടുത്തിയതോടെ മുംബൈയുടെ പോരാട്ടം അവസാനിച്ചു. ജയ്‌ദേവ് ഉനദ്ഖട് (12), ജസ്പ്രിത് ബുമ്ര (0), തൈമല്‍ മില്‍സ് (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഒഡെയ്ന്‍ സ്മിത് നാല് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, ഗംഭീര തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. മായങ്ക്- ധവാന്‍ ഓപ്പണിംഗ് സഖ്യം 97 റണ്‍സ് കൂട്ടിചേര്‍ത്തത്. എന്നാല്‍ പത്താം ഓവറില്‍ മായങ്കിനെ നഷ്ടമായി. മുരുഗന്‍ അശ്വിന്റെ പന്തില്‍ സൂര്യകുമാര്‍ യാദിവിന് ക്യാച്ച്് നല്‍കിയാണ് മായങ്ക് മടങ്ങുന്നത്. രണ്ട് സിക്‌സും ആറ് ഫോറും അടങ്ങുന്നതായിരുന്നു മായങ്കിന്റെ ഇന്നിംഗ്‌സ്. മൂന്നാമനായി ക്രീസിലെത്തിയ വലിയ സംഭാവനയൊന്നും നല്‍കാനായില്ല. 13 പന്തില്‍ 12 റണ്‍സ് നേടിയ താരത്തെ ജയ്‌ദേവ് ഉനദ്ഖട് ബൗള്‍ഡാക്കി. 

ലിയാം ലിവിംഗ്‌സറ്റണും നിരാശപ്പെടുത്തി. ബുമ്രയുടെ പന്തില്‍ ബൗള്‍ഡ്. ഇതിനിടെ ധവാനും പവലിയനില്‍ മടങ്ങിയെത്തി. 50 പന്തില്‍ 70 റണ്‍സെടുത്ത ധവാനെ ബേസില്‍ തമ്പിയാണ് മടക്കിയത്. അവസാന ഓവറില്‍ ഷാരുഖ് ഖാന്‍ (15) ബേസിലിന്റെ ന്തില്‍ ബൗള്‍ഡായി. 14 പന്തില്‍ 30 റണ്‍സുമായി പുറത്താവാതെ നിന്ന ജിതേശ് ശര്‍മ നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഒഡെയ്ന്‍ സ്മിത്തും (1) പുറത്താവാതെ നിന്നു. 

സീസണിലെ ആദ്യജയം തേടിയാണ് മുംബൈ ഇറങ്ങുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളിലും അവര്‍ പരാജയപ്പെട്ടു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് രോഹിത് ശര്‍മയും സംഘവും. പഞ്ചാബിന് നാല് മത്സരങ്ങളില്‍ രണ്ട് വീതം ജയവും തോല്‍വിയുമാണുള്ളത്. ഏഴാം സ്ഥാനത്താണ് പഞ്ചാബ്. അവസാന മത്സരത്തില്‍ പഞ്ചാബ് ആറ് വിക്കറ്റിന് ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍ക്കുകയായിരുന്നു. 

പഞ്ചാബ് കിംഗ്‌സ്: മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ജോണി ബെയര്‍‌സ്റ്റോ, ലിയാം ലിവിംഗ്‌സ്റ്റണ്‍, ജിതേഷ് ശര്‍മ, ഒഡെയ്ന്‍ ്‌സമിത്, ഷാരുഖ് ഖാന്‍, കഗിസോ റബാദ, രാഹുല്‍ ചാഹര്‍, വൈഭവ് അറോറ, അര്‍ഷ്ദീപ് സിംഗ്.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ഡിവാള്‍ഡ് ബ്രേവിസ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, കീറണ്‍ പൊള്ളാര്‍ഡ്, ജയ്‌ദേവ് ഉനദ്ഖട്, മുരുഗന്‍ അശ്വിന്‍, ജസ്പ്രിത് ബുമ്ര, തൈമല്‍ മില്‍സ്, ബേസില്‍ തമ്പി.
 

Latest Videos
Follow Us:
Download App:
  • android
  • ios