IPL 2022 : ലിയാം ലിവിംഗ്‌സ്റ്റണോ ഒഡീന്‍ സ്‌മിത്തോ അല്ല; പഞ്ചാബിന്‍റെ എക്‌സ് ഫാക്‌ടറെ പ്രവചിച്ച് സെവാഗ്
രാത്രി ഏഴരയ്ക്ക് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് പഞ്ചാബ് കിംഗ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) ഇന്ന് പഞ്ചാബ് കിംഗ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് (Punjab Kings vs Gujarat Titans) പോരാട്ടമാണ്. മത്സരത്തിന് മുന്നോടിയായി പഞ്ചാബിന്‍റെ എക്‌സ് ഫാക്‌ടര്‍ ആരായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍താരം വീരേന്ദര്‍ സെവാഗ് (Virender Sehwag). ഹാര്‍ഡ് ഹിറ്റര്‍ എന്ന വിശേഷണമുള്ള ഷാരൂഖ് ഖാന്‍ (Shahrukh Khan) മത്സരത്തിലെ നിര്‍ണായക താരമാകും എന്നാണ് വീരു പറയുന്നത്.
'ഷാരൂഖ് ഖാനായിരിക്കും നിര്‍ണായക താരം എന്ന് തോന്നുന്നു. ലിയാം ലിവിംഗ്‌സ്റ്റണിന്‍റെ ബാറ്റിംഗ് ഇതിനകം കണ്ടിട്ടുണ്ട്. എന്നാല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ താഴെയിറങ്ങി ബാറ്റിംഗ് വിസ്‌ഫോടനം കാഴ്‌ചവെച്ചാല്‍ ഷാരൂഖായിരിക്കും പഞ്ചാബിന്‍റെ എക്‌സ് ഫാക്‌ടര്‍' എന്നും സെവാഗ് പ്രവചിച്ചു. രാജ്യത്തെ മികച്ച ഫിനിഷര്‍മാരില്‍ ഒരാളെന്ന വിശേഷണമുണ്ടെങ്കിലും ഈ ഐപിഎല്ലില്‍ കാര്യമായ പ്രകടനം ഷാരൂഖ് പുറത്തെടുത്തിട്ടില്ല. മൂന്ന് മത്സരങ്ങളില്‍ 83.33 സ്‌ട്രൈക്ക് റേറ്റില്‍ 30 റണ്‍സ് മാത്രമാണ് താരം നേടിയത്.
രാത്രി ഏഴരയ്ക്ക് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് പഞ്ചാബ് കിംഗ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം. കന്നിക്കാരെങ്കിലും ഹാട്രിക് ജയത്തിനായി കച്ചകെട്ടുകയാണ് ഗുജറാത്ത്. പഞ്ചാബിന്‍റെ ബാറ്റര്‍മാരും ഗുജറാത്തിന്‍റെ ബൗളര്‍മാരും തമ്മിലുള്ള പോരാട്ടമാകും മുംബൈയില്‍. ലഖ്‌നൗവിനെയും ഡല്‍ഹിയെയും മറികടന്നാണ് ഗുജറാത്ത്, പഞ്ചാബിനെതിരെയെത്തുന്നത്.
മൂന്ന് വമ്പന്‍ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബ് ഗുജറാത്തിനെതിരെയെത്തുന്നത്. ഭയമില്ലാതെ ബാറ്റ് വീശുമെങ്കിലും സീസണില്‍ പഞ്ചാബ് ബാറ്റര്‍മാരുടെ അക്കൗണ്ടിലുള്ളത് ഒരേയൊരു അര്‍ധ സെഞ്ച്വറി മാത്രം. ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കിയ ജോണി ബെയ്ര്‍സ്റ്റോ ടീമിലെത്തുന്നതോടെ ബാറ്റിംഗ് നിരയ്ക്ക് കരുത്ത് കൂടും. ഭാനുക രജപക്‌സെയ്ക്ക് സ്ഥാനം നഷ്‌ടമാകാനാണ് സാധ്യത. 170ന് താഴെയുള്ള സ്‌കോര്‍ റണ്ണൊഴുകുന്ന ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ സുരക്ഷിതമാകില്ല.