IPL 2022 : 'ആയിരം' വാട്ട് ശിഖര്‍ ധവാന്‍; ചരിത്രനേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം
വിരാട് കോലിയും രോഹിത് ശര്‍മ്മയും അടക്കമുള്ള വമ്പന്‍മാര്‍ വരെ പിന്നില്‍, ധവാന്‍ ലോക ക്രിക്കറ്റില്‍ എലൈറ്റ് പട്ടികയിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍
മുംബൈ: ടി20 ക്രിക്കറ്റില്‍ 1000 ഫോറുകള്‍ തികച്ച ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തില്‍ പഞ്ചാബ് കിംഗ്‌സ് (Punjab Kings) ഓപ്പണര്‍ ശിഖര്‍ ധവാന്‍ (Shikhar Dhawan). ലോക ക്രിക്കറ്റില്‍ ആയിരം ബൗണ്ടറികള്‍ നേടുന്ന അഞ്ചാമത്തെ മാത്രം ബാറ്ററും കൂടിയാണ് ധവാന്‍. കരിയറിലെ 307-ാം ടി20 മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ( Gujarat Titans) പഞ്ചാബ് കിംഗ്‌സ് (Punjab Kings) ഓപ്പണറുടെ നേട്ടം.
മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയുടെ ആദ്യ ഓവറില്‍ ഇന്‍സൈഡ് എഡ്‌ജില്‍ നിന്ന് രക്ഷപ്പെട്ടാണ് ശിഖര്‍ ധവാന്‍ ബാറ്റിംഗ് തുടങ്ങിയത്. രണ്ടാം ഓവറില്‍ മുഹമ്മദ് ഷമിക്കെതിരെയും ഇന്‍സൈഡ് എഡ്‌ജായി ബൗണ്ടറി നേടി. പിന്നാലെ ലോക്കീ ഫെര്‍ഗൂസന്‍റെ ഓവറില്‍ ബൗണ്ടറി കണ്ടെത്തിയാണ് ധവാന്‍ നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ 30 പന്ത് ബാറ്റ് ചെയ്‌ത താരം നാല് ഫോറുകള്‍ സഹിതം 35 റണ്‍സെടുത്തു. സ്‌പിന്നര്‍ റാഷിദ് ഖാനായിരുന്നു വിക്കറ്റ്.
വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ല്‍(1132), ഇംഗ്ലണ്ടിന്‍റെ അലക്‌സ് ഹെയ്‌ല്‍സ്(1054), ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍(1005), ആരോണ്‍ ഫിഞ്ച്(1004) എന്നിവരാണ് ഫോറുകളുടെ എണ്ണത്തില്‍ ധവാന് മുന്നില്‍. ഇന്ത്യന്‍ താരങ്ങളില്‍ വിരാട് കോലി(917), രോഹിത് ശര്‍മ്മ(875), സുരേഷ് റെയ്‌ന(779) എന്നിവരാണ് ധവാന് പിന്നിലുള്ളത്. 10 വര്‍ഷത്തോളം നീണ്ട ടി20 കരിയറില്‍ 8850ലേറെ റണ്‍സ് ധവാനുണ്ട്. 2007ല്‍ ഡല്‍ഹിയിലായിരുന്നു അരങ്ങേറ്റം. 2011ല്‍ ടീം ഇന്ത്യക്കായി അരങ്ങേറി. 68 രാജ്യാന്തര ടി20കളില്‍ 1759 റണ്‍സ് നേടി. ഐപിഎല്ലില്‍ 5880ലേറെ റണ്‍സ് ധവാനുണ്ട്.