IPL 2022 : കിംഗ് കോലിക്ക് ശേഷം എലൈറ്റ് പട്ടികയിലേക്ക്; തോല്‍വിയിലും താരമായി രോഹിത് ശര്‍മ്മ

പഞ്ചാബിനെതിരെ 25 റൺസിലെത്തിയപ്പോഴാണ് രോഹിത് നേട്ടത്തിലെത്തിയത്

IPL 2022 pbks vs mi rohit sharma second Indian completed 10000 runs in t20 cricket

പൂനെ: ഐപിഎല്ലില്‍ (IPL 2022) പഞ്ചാബ് കിംഗ്‌സിനെതിരായ (Punjab Kings) മത്സരത്തിൽ തോറ്റെങ്കിലും മുംബൈ ഇന്ത്യന്‍സ് (Mumbai Indians) നായകൻ രോഹിത് ശർമ്മയ്ക്ക് (Rohit Sharma) റെക്കോർഡ്. 10,000 റൺസ് ക്ലബിലെത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമായി രോഹിത്. വിരാട് കോലിയാണ് (Virat Kohli) മുൻപ് കുട്ടിക്രിക്കറ്റില്‍ പതിനായിരം റൺസിലെത്തിയ ഇന്ത്യൻതാരം. പഞ്ചാബിനെതിരെ 25 റൺസിലെത്തിയപ്പോഴാണ് രോഹിത് നേട്ടത്തിലെത്തിയത്.

ടി20യില്‍ 10,000 റൺസ് നേടുന്ന ഏഴാമത്തെ ബാറ്ററാണ് രോഹിത്. 17 പന്തിൽ 2 സിക്സറും 3 ഫോറുമടക്കം 28 റൺസെടുത്താണ് രോഹിത് പുറത്തായത്. ഇതോടെ ഐപിഎല്ലിൽ 500 ബൗണ്ടറിയും രോഹിത് പൂർത്തിയാക്കി.

മുംബൈ ഇന്ത്യന്‍സിന് അഞ്ചാം തോല്‍വി; രോഹിത്തിന് ഞെട്ടല്‍      

മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സീസണിലെ അഞ്ചാം തോല്‍വി നേരിട്ടിരുന്നു. ആവേശപ്പോരിൽ പഞ്ചാബ് കിംഗ്‌സ് 12 റൺസിനാണ് മുംബൈയെ തോൽപ്പിച്ചത്. 198 റൺസ് പിന്തുടർന്ന മുംബൈക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 186 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. നായകന്‍ രോഹിത് ശര്‍മ്മ 28ഉം ഇഷാന്‍ കിഷന്‍ മൂന്നും റണ്‍സില്‍ പുറത്തായി. ഡിവാള്‍ഡ് ബ്രെവിസ് (49), സൂര്യകുമാര്‍ യാദവ് (43) എന്നിവര്‍ തിളങ്ങിയെങ്കിലും ജയിപ്പിക്കാനായില്ല. തിലക് വര്‍മ്മ 20 പന്തില്‍ 36 റണ്‍സെടുത്തു. കീറോണ്‍ പൊള്ളാര്‍ഡ് 10 റണ്ണില്‍ മടങ്ങി. രണ്ട് വിക്കറ്റ് നേടിയ കഗിസോ റബാദ പഞ്ചാബ് ബൗളര്‍മാരില്‍ തിളങ്ങി. 

നേരത്തെ ശിഖര്‍ ധവാന്‍ (70), മായങ്ക് അഗര്‍വാള്‍ (52) എന്നിവരുടെ ഇന്നിംഗ്‌സാണ് പഞ്ചാബിന് തുണയായത്. ഗംഭീര തുടക്കം പഞ്ചാബിന് ലഭിച്ചു. മായങ്ക്- ധവാന്‍ ഓപ്പണിംഗ് സഖ്യം 97 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജോണി ബെയര്‍സ്റ്റോ 12ഉം ലിയാം ലിവിംഗ്‌സ്റ്റണ്‍ രണ്ടും റണ്‍സെടുത്ത് പുറത്തായപ്പോള്‍ 15 പന്തില്‍ 30 റണ്‍സെടുത്ത ജിതേഷ് ശര്‍മ്മയുടെയും ആറ് പന്തില്‍ 15 റണ്‍സെടുത്ത ഷാരൂഖ് ഖാന്‍റെയും വെടിക്കെട്ട് നിര്‍ണായകമായി. ഒഡീന്‍ സ്‌മിത്ത് 1 റണ്ണുമായി പുറത്താകാതെ നിന്നു. മുംബൈ ഇന്ത്യന്‍സിനായി മലയാളി പേസര്‍ ബേസില്‍ തമ്പി രണ്ട് വിക്കറ്റ് വീഴ്‌ത്തി.

രോഹിത്തിന് കനത്ത തിരിച്ചടി

പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് മുംബൈ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്ക് 24 ലക്ഷം രൂപ പിഴ വിധിച്ചു. ടീമംഗങ്ങൾ ആറ് ലക്ഷമോ മാച്ച് ഫീസിന്‍റെ 25%മോ പിഴ നൽകണം. നേരത്തെ ഡൽഹിക്കെതിരെ കുറഞ്ഞ ഓവർ നിരക്കിന് 12 ലക്ഷം രൂപ രോഹിത്തിന് പിഴ ലഭിച്ചിരുന്നു. തെറ്റ് ആവർത്തിച്ചതിനാലാണ് പിഴ ശിക്ഷ ഇരട്ടിയായത്. വീണ്ടും ആവർത്തിച്ചാൽ ഒരു മത്സരത്തിൽ രോഹിത്തിന് വിലക്ക് വന്നേക്കും.

IPL 2022 : തോല്‍വിക്ക് പിന്നാലെ രോഹിത് ശർമ്മയ്ക്ക് ഇരട്ട പ്രഹരം; 24 ലക്ഷം രൂപ പിഴ

Latest Videos
Follow Us:
Download App:
  • android
  • ios