IPL 2022: ഐപിഎല്ലില്‍ തിളങ്ങി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനല്ല ശ്രമിക്കുന്നതെന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിക്കാന്‍ നേരത്തെ ഹാര്‍ദ്ദിക്കിനോട് ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും പാണ്ഡ്യ അതിന് തയാറായിരുന്നില്ല. പിന്നീട് ഐപിഎല്ലിന് മുമ്പ് ബിസിസിഐയുമായി കരാറുള്ള കളിക്കാര്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് ടെസ്റ്റ് പാസാകണമെന്ന നിബന്ധനയുടെ ഭാഗമായി ഫിറ്റ്നെസ് ടെസ്റ്റ് പാസായശേഷം പ്രതികരിക്കുകയായിരുന്നു പാണ്ഡ്യ.
അഹമ്മദാബാദ്: ഐപിഎല്ലില്‍(IPL 2022) മികവ് കാട്ടി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താമെന്ന ലക്ഷ്യത്തോടെയല്ല കളിക്കാനിറങ്ങുന്നതെന്ന് ഐപിഎല്‍ ടീമായ ഗുജറാത്ത് ടൈറ്റന്‍സിന്റെ(Gujarat Titans) നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യ(Hardik Pandya). പരിക്കുമൂലം നീണ്ട ഇടവേള എടുത്ത കാലം തനിക്ക് പല പുതിയ തിരിച്ചറിവുകളും ലഭിച്ചുവെന്നും പാണ്ഡ്യ പറഞ്ഞു.
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിക്കാന്‍ നേരത്തെ ഹാര്‍ദ്ദിക്കിനോട് ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും പാണ്ഡ്യ അതിന് തയാറായിരുന്നില്ല. പിന്നീട് ഐപിഎല്ലിന് മുമ്പ് ബിസിസിഐയുമായി കരാറുള്ള കളിക്കാര്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് ടെസ്റ്റ് പാസാകണമെന്ന നിബന്ധനയുടെ ഭാഗമായി ഫിറ്റ്നെസ് ടെസ്റ്റ് പാസായശേഷം പ്രതികരിക്കുകയായിരുന്നു പാണ്ഡ്യ.
പരിക്കുമൂലം നീണ്ട ഇടവേള എടുത്ത സമയത്ത് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞു. ഒപ്പം എപ്പോഴത്തെയും പോലും കഠിനാധ്വാനം ചെയ്തു. മത്സരങ്ങള്‍ക്കായി തയാറെടുത്തു. അതുപോലെ ഈ നീണ്ട ഇടവേള എനിക്ക് പല പുതിയ തിരിച്ചറിവുകളും തന്നു. ഒരുപാട് പേര് എനിക്ക് യോജിക്കുന്നത് എന്താണെന്ന് പറയുകയും ഞാന്‍ ചെയ്യേണ്ടത് എന്താണെന്ന് അറിയിക്കുകയും ചെയ്തു. മുന്നോട്ടുള്ള പോക്കില്‍ ഇതിനെല്ലാം ഉത്തരം കണ്ടെത്താനാണ് എന്റെ ശ്രമം-പാണ്ഡ്യ പറഞ്ഞു.
ഐപിഎല്ലില്‍ മികവ് കാട്ടി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താമെന്നതിനല്ല ഞാനിപ്പോള്‍ മുന്‍ഗണന കൊടുക്കുന്നത്. ഐപിഎല്ലില്‍ ടീമിനെ മികച്ച രീതിയില്‍ നയിക്കുക എന്നതിനാണ്. അതില്കൂടുതല് ഒന്നും ഞാനിപ്പോള്‍ ചിന്തിക്കുന്നില്ല. ഒരേസമയം ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എന്റെ ശ്രമം. എന്റെ നിയന്ത്രണത്തിലല്ലാത്ത ഒരുപാട് കാര്യങ്ങള്‍ അലോചിച്ചാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടിവരും.
ഗുജറാത്ത് ടൈറ്റന്‍സിനായി മികവ് കാട്ടിയാല്‍ ഭാവിയില്‍ പിന്നീടുള്ള കാര്യങ്ങളെല്ലാം പ്രതീക്ഷിക്കുന്നപോലം നടക്കും. ഐപിഎല്ലിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. കാരണം, മത്സരക്രിക്കറ്റില്‍ നിന്ന് നീണ്ട ഇടവേളക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. വീണ്ടും കളിക്കാനിറങ്ങുന്നതിന്റെ ആവേശമുണ്ട്. കഴിഞ്ഞ മൂന്ന് മാസം ഞാന്‍ ചെയ്ത കഠിനാധ്വാനത്തിന് എന്താണ് ഫലം ലഭിക്കുക എന്നറിയാനുള്ള ആകാംക്ഷയുണ്ട്. കഠിനാധ്വാനമാണ് പ്രധാനം. കാരണം, കഠിനാധ്വാനം ചെയ്താലും എപ്പോഴും വിജയിക്കണമെന്നില്ല എന്ന് എനിക്കറിയാം.
മുംബൈയോട് നന്ദി
ഐപിഎല്ലില്‍ കളിക്കാനും ഇന്ത്യക്കായി കളിക്കാനും കാരണം മുംബൈ ഇന്ത്യന്‍സില്‍ അവസരം ലഭിച്ചതാണ്. അതുകൊണ്ടു തന്നെ മുംബൈയോട് എനിക്ക് നന്ദിയുണ്ട്. മുംബൈക്കൊപ്പമുള്ള നേട്ടങ്ങളെല്ലാം എല്ലായ്പ്പോഴും എന്റെ ഹൃദയത്തിലുണ്ടാകും. പക്ഷെ ഇപ്പോള്‍ പുതിയ അവസരങ്ങളും വെല്ലുവിളികളും ഏറ്റെടുക്കാനുള്ള സമയമാണെന്നും പാണ്ഡ്യ പറഞ്ഞു.
ഇത്തവണത്തെ ഐപിഎല്‍ താരലേലത്തിന് മുമ്പ് നാല് കളിക്കാരെ നിലനിര്‍ത്തിയ മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക് പാണ്ഡ്യയെ കൈവിട്ടിരുന്നു. ഇതില്‍ പാണ്ഡ്യ അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നീട് ലേലത്തിന് മുമ്പ് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റന്‍സ് 15 കോടി രൂപക്ക് ടീമിലെടുക്കുകയും നായകനായി പ്രഖ്യാപിക്കുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിലാണ് പാണ്ഡ്യ അവസാനമായി ഇന്ത്യക്കായി കളിച്ചത്. അടുത്തവര്‍ഷത്തേക്കുള്ള ബിസിസിഐ വാര്‍ഷിക കരാറില്‍ പാണ്ഡ്യയെ എ ഗ്രേഡില്‍ നിന്ന് സി ഗ്രേഡിലേക്ക് തരം താഴ്ത്തിയിരുന്നു.