IPL 2022 : ഡല്‍ഹി കാപിറ്റല്‍സിന് ജീവന്മരണ പോരാട്ടം; ജയത്തോടെ അവസാനിപ്പിക്കാന്‍ മുംബൈ ഇന്ത്യന്‍സ്
ജയം ഡല്‍ഹിക്കെങ്കില്‍ ആദ്യ കിരീടമെന്ന മോഹം ഫാഫ് ഡുപ്ലസിക്കും സംഘത്തിനും മാറ്റിവയ്ക്കാം. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആശ്വാസജയത്തിനിറങ്ങുന്ന മുംബൈക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല.
മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഡല്‍ഹി കാപിറ്റല്‍സിന് (Delhi Capitals) ഇന്ന് ജീവന്‍മരണ പോരാട്ടം. അവസാന സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സാണ് (Mumbai Indians) എതിരാളികള്‍. വൈകിട്ട് ഏഴരയ്ക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മുംബൈയുടെ ജയത്തിനായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൈയ്യടിക്കുമെന്നുള്ള സവിശേഷതയും ഈ മത്സരത്തിനുണ്ട്. മുംബൈ ഡല്‍ഹിയെ വീഴ്ത്തിയാല്‍ ആര്‍സിബിക്ക് പ്ലേഓഫ് ഉറപ്പിക്കാം.
ജയം ഡല്‍ഹിക്കെങ്കില്‍ ആദ്യ കിരീടമെന്ന മോഹം ഫാഫ് ഡുപ്ലസിക്കും സംഘത്തിനും മാറ്റിവയ്ക്കാം. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആശ്വാസജയത്തിനിറങ്ങുന്ന മുംബൈക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അവസാന രണ്ട് മത്സരങ്ങളും ജയിച്ചാണ് ഡല്‍ഹി വരുന്നത്. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്, ലളിത് യാദവ്, റോവ്മാന്‍ പവല്‍, അക്ഷര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍. വാലറ്റം വരെ നീളുന്ന ബാറ്റിംഗ് നിരയുണ്ട് ഡല്‍ഹിക്ക്. പനിബാധിച്ച് വിശ്രമത്തിലുള്ള പൃഥ്വി ഷാ തിരിച്ചെത്തിയില്ലെങ്കില്‍ സര്‍ഫ്രാസ് ഖാന് നറുക്ക് വീഴും. ആന്റിച്ച് നോര്‍ക്കിയയും കുല്‍ദീപ് യാദവും നേതൃത്വം നല്‍കുന്ന ബൗളിംഗ് യൂണിറ്റും കരുത്തര്‍.
ഹൈദരാബാദിനോട് തോറ്റാണ് മുംബൈ വരുന്നത്. ബാറ്റിംഗിലും ബൗളിംങ്ങിലും ആശങ്കയുണ്ട് മുംബൈക്ക്. രോഹിത് ശര്‍മയും ഇഷാന്‍ കിഷനും മികച്ച തുടക്കം നല്‍കിയാല്‍ പ്രതീക്ഷ വയ്ക്കാം. തിലക് വര്‍മ, ഡാനിയേല്‍ സാംസ്, ടിം ഡേവിഡ്, രമണ്‍ദീപ് സിംഗ്. മധ്യനിരയും ഉത്തരവാദിത്തത്തോടെ ബാറ്റ് വീശണം. ബുമ്രയ്ക്ക് പിന്തുണ നല്‍കുന്ന ബൗളര്‍മാരുടെ അഭാവമുണ്ട് ടീമില്‍. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് അരങ്ങേറ്റത്തിന് സീസണിലെ അവസാന അവസരം. നേര്‍ക്കുനേര്‍ പോരില്‍ നേരിയ മുന്‍തൂക്കം മുംബൈക്ക്. 31 കളിയില്‍ 16ല്‍ മുംബൈയും 15ല്‍ ഡല്‍ഹിയും ജയിച്ചു. സീസണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ നാല് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ ജയം. സാധ്യതാ ഇലവന്‍ അറിയാം...
ഡല്‍ഹി കാപിറ്റല്‍സ്: സര്‍ഫറാസ് ഖാന്‍, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്, ലളിത് യാദവ്, റോവ്മാന്‍ പവല്‍, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ആന്റിച്ച് നോര്‍ജെ, ഖലീല്‍ അഹമ്മദ്.
മുംബൈ ഇന്ത്യന്‍സ്: ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, ഡിവാള്‍ഡ് ബ്രേവിസ്, തിലക് വര്‍മ, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ടിം ഡേവിഡ്, രമണ്‍ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര, കുമാര്‍ കാര്‍ത്തികേയ, ജയ്‌ദേവ് ഉനദ്ഖട്/ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, റിലെ മെരെഡിത്ത്.