IPL 2022 : കനത്ത നാണക്കേടിനരികെ മുംബൈ ഇന്ത്യന്‍സ്; ചെന്നൈയുമായുള്ള കണക്കും സാധ്യതകളും

ഇതുവരെയുള്ള 32 മത്സരങ്ങളില്‍ 19ലും ജയിച്ച മുംബൈ ഇന്ത്യന്‍സിനാണ് നേര്‍ക്കുനേര്‍ ചരിത്രത്തില്‍ മേൽക്കൈ

IPL 2022 Mumbai Indians vs Chennai Super Kings Head To Head Records

മുംബൈ: ഐപിഎല്ലില്‍ (IPL 2022) എല്‍ ക്ലാസിക്കോ വിശേഷണങ്ങളുണ്ടെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഇന്നിറങ്ങുന്ന മുംബൈ ഇന്ത്യന്‍സ് (MI vs CSK) കനത്ത ഭയത്തിലാണ്. ഇന്നും തോറ്റാല്‍ ഒരു വമ്പന്‍ നാണക്കേട് രോഹിത് ശര്‍മ്മയുടെയും (Rohit Sharma) സംഘത്തിന്‍റേയും പേരിലാകും. ഐപിഎൽ ചരിത്രത്തില്‍ ആദ്യമായി 7 തുടര്‍തോൽവികളോടെ സീസൺ തുടങ്ങിയ ടീമെന്ന നാണക്കേടിന് അരികിലാണ് രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സ് (Mumbai Indians). 

സീസണിലെ ആറ് കളികളും തോറ്റാണ് മുംബൈയുടെ വരവ്. ചെന്നൈയാവട്ടെ ഒരു കളിയില്‍ ജയിച്ചു. മുന്‍ കണക്കുകള്‍ മാത്രമാണ് ചെന്നൈക്കെതിരെ പോരാട്ടത്തിന് മുമ്പ് മുംബൈയ്‌ക്ക് ആശ്വാസമായുള്ളത്. ഇതുവരെയുള്ള 32 മത്സരങ്ങളില്‍ 19ലും ജയിച്ച മുംബൈ ഇന്ത്യന്‍സിനാണ് നേര്‍ക്കുനേര്‍ ചരിത്രത്തില്‍ മേൽക്കൈ. ചെന്നൈ 13 കളികളില്‍ വിജയിച്ചു. അവസാന അഞ്ചില്‍ മൂന്ന് വിജയങ്ങളും മുംബൈക്കൊപ്പമായിരുന്നു. കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും ഓരോ ജയം നേടി. ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഒരിക്കല്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ചെന്നൈക്കൊപ്പം നിന്നു. 

എന്നാല്‍ ഈ കണക്കുകള്‍ മുംബൈയെ തുണയ്‌ക്കുമോ എന്ന് ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ കണ്ടറിയണം. അത്ര ദയനീയ പ്രകടനമാണ് ടീം സീസണില്‍ കാഴ്‌ചവെക്കുന്നത്. ഐപിഎല്‍ പ‍തിനഞ്ചാം സീസണില്‍ ഒരു ജയം പോലും നേടാത്ത ഏക ടീം മുംബൈയാണ്. അഞ്ച് തവണ ചാമ്പ്യന്‍മാരായിട്ടുള്ള ടീമാണ് ഫോം കണ്ടെത്താനാവാതെ ഉഴലുന്നത്. അക്കൗണ്ട് തുറക്കാതെ പോയിന്‍റ് പട്ടികയില്‍ ഏറ്റവും താഴെ മുംബൈ നില്‍ക്കുമ്പോള്‍ ഒരു ജയം മാത്രമേ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുള്ളൂ. 

നായകന്‍ രോഹിത് ശര്‍മ്മയുടെ ബാറ്റ് റണ്‍സ് കണ്ടെത്താത്തതാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ഏറ്റവും വലിയ പിന്തുണ. മെഗാതാരലേലത്തിലെ കോടിപതി ഇഷാന്‍ കിഷനും ഫോമിലല്ല. തകര്‍ത്തടിക്കുന്ന ദക്ഷിണാഫ്രിക്കന്‍ കൗമാര വിസ്‌മയം ഡെവാള്‍ഡ് ബ്രെവിസും എവര്‍ഗ്രീന്‍ സൂര്യകുമാര്‍ യാദവും മാത്രമാണ് മുംബൈയുടെ ആശ്വാസം. ബൗളിംഗ് നിരയുടെ മൂര്‍ച്ചയില്ലായ്‌മയാണ് ഇരു ടീമുകളുടെയും പ്രധാന പ്രശ്നം. 6 കളിയിൽ നാലിലും ജസ്‌പ്രീത് ബുമ്ര വിക്കറ്റില്ലാതെ മടങ്ങിയത് മുംബൈയ്ക്ക് തിരിച്ചടിയായി.

IPL 2022 : ഇന്ന് നിറംമങ്ങിയ ഐപിഎല്‍ ക്ലാസിക്കോ! നാണക്കേടിനരികെ മുംബൈ, എതിരാളികള്‍ ചെന്നൈ 

Latest Videos
Follow Us:
Download App:
  • android
  • ios