IPL 2022: രക്ഷകനായി തിലക് വര്‍മ, മുംബൈക്കെതിരെ ചെന്നൈക്ക് 156 റണ്‍സ് വിജയലക്ഷ്യം
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈ രണ്ടാം പന്തില്‍ തന്നെ ഞെട്ടി. മുകേഷ് ചൗധരിയുടെ പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പൂജ്യത്തിന് പുറത്ത്. രോഹിത് മടങ്ങിയതിന്‍റെ ഞെട്ടല്‍ മാറും മുംബൈ വീണ്ടും ഞെട്ടി. നേരിട്ട ആദ്യ പന്തില്‍ തന്നെ നിലതെറ്റിയ ഇഷാന്‍ കിഷന്‍ ക്ലീന്‍ ബൗള്‍ഡ്. ആദ്യ ഓവറിലെ രണ്ട് വിക്കറ്റ് നഷ്ടമായി പതറിയ മുംബൈയെ പിന്നെയും ചെന്നൈ പ്രഹരിച്ചു.
മുംബൈ: ഐപിഎല്ലില്‍(IPL 2022) മുംബൈ ഇന്ത്യന്‍സിനെതിരെ(Mumbai Indians) ചെന്നൈ സൂപ്പര്‍ കിംഗ്സിന്(Chennai Super Kings) 156 റണ്‍സ് വിജയലക്ഷ്യം. ചെന്നൈക്കെതിരെ ടോസ് നഷ്ടമായി ബാറ്റ് ചെയ്ത മുംബൈർ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെത്തു. 43 പന്തില്‍ 51 റണ്‍സെടുത്ത യുവതാരം തിലക് വര്‍മയാണ് മുംബൈയുടെ ടോപ് സ്കോറര്‍. സൂര്യകുമാര്‍ യാദവ് 32 റണ്‍സടിച്ചപ്പോള്‍ ഹൃതിക് ഷൊക്കീന്‍ 25 റണ്‍സ് നേടി. ചെന്നൈക്കായി മഹേഷ് ചൗധരി മൂന്നും ഡ്വയിന്‍ ബ്രാവോ രണ്ടും വിക്കറ്റെടുത്തു.
തലയരിഞ്ഞ് ചൗധരി
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈ രണ്ടാം പന്തില്‍ തന്നെ ഞെട്ടി. മുകേഷ് ചൗധരിയുടെ പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പൂജ്യത്തിന് പുറത്ത്. രോഹിത് മടങ്ങിയതിന്‍റെ ഞെട്ടല്‍ മാറും മുംബൈ വീണ്ടും ഞെട്ടി. നേരിട്ട ആദ്യ പന്തില്‍ തന്നെ നിലതെറ്റിയ ഇഷാന്‍ കിഷന്‍ ക്ലീന്‍ ബൗള്‍ഡ്. ആദ്യ ഓവറിലെ രണ്ട് വിക്കറ്റ് നഷ്ടമായി പതറിയ മുംബൈയെ പിന്നെയും ചെന്നൈ പ്രഹരിച്ചു.
മിച്ചല്‍ സാന്‍റ്നര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ സൂര്യകുമാര്‍ യാദവിനെ സ്റ്റംപ് ചെയ്യുന്നതില്‍ എം എസ് ധോണിക്ക് പിഴച്ചപ്പോള്‍ മുംബൈ ആശ്വസിച്ചു. തൊട്ടുപിന്നാലെ ഡെവാള്‍ഡ് ബ്രെവിസ് നല്‍കിയ അനായാസ ക്യാച്ച് ധാരണപ്പിശകില്‍ ജഡേജ കൈവിട്ടു. എന്നാല്‍ തന്‍റെ രണ്ടാം ഓവറില്‍ ബ്രെവിസിനെ(4) വിക്കറ്റിന് പിന്നില്‍ ധോണിയുടെ കൈകളിലെത്തിച്ച് ചൗധരി സാന്‍റ്നറുടെ സങ്കടം തീര്‍ത്തു.
അവിടംകൊണ്ടും നിര്‍ത്താന്‍ മുകേഷ് ചൗധരി ഒരുക്കമായിരുന്നില്ല. പവര്‍ പ്ലേയില്‍ മൂന്നാം ഓവര്‍ എറിയാനെത്തിയ ചൗധരി ആദ്യ പന്തില്‍ തിലക് വര്‍മയെ പുറത്താക്കേണ്ടതായിരുന്നു. ചൗധരിയുടെ പന്തില്‍ തിലക് വര്‍മ നല്‍കിയ ക്യാച്ച് സ്ലിപ്പില്‍ ബ്രാവോ കൈവിട്ടത് മുംബൈക്ക് അനുഗ്രഹമായി. പവര്‍പ്ലേയിലെ അവസാന ഓവറില്‍ മഹേഷ് തീക്ഷണയെ സിക്സിന് പറത്തി സൂര്യകുമാര്‍ യാദവ് മുംബൈ സ്കോറിന് അല്‍പമെങ്കിലും മാന്യത നല്‍കിയെങ്കിലും പവര്‍ പ്ലേക്ക് പിന്നാസെ സൂര്യയെ(21 പന്തില്‍ 32) വീഴ്ത്തി സാന്‍റ്നര്‍ മുംബൈയുടെ കുതിപ്പ് തടഞ്ഞു.
കരകയറ്റി തിലക് വര്‍മ
അഞ്ചാം വിക്കറ്റില്‍ തിലക് വര്‍മയും അരങ്ങേറ്റക്കാരന്‍ ഹൃതിക് ഷൊക്കീനും ചേര്‍ന്ന കൂട്ടുകെട്ടാണ് മുംബൈ ഇന്നിംഗ്സിന് അല്‍ുമെങ്കിലും മാന്യത നല്‍കിയത്. 25 പന്തില്‍ 25 റണ്‍സെടുത്ത ഷൊക്കീന്‍ ടീം സ്കോര്‍ 85ല്‍ നില്‍ക്കെ മടങ്ങി. പിന്നീടെത്തിയ കെയ്റോണ്‍ പൊള്ളാര്‍ഡുമായി ചേര്‍ന്ന് തിലക് വര്‍മ മുംബൈയെ 100 കടത്തിയെങ്കിലും നിലയുറപ്പിക്കും മുമ്പെ പൊള്ളാര്‍ഡിനെ(9 പന്തില്‍ 14) തീക്ഷണ മടക്കി. 42 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച തിലക് വര്‍മയുടെ ഇന്നിംഗ്സാണ് മുംബൈയെ ഇത്രയെങ്കിലും എത്തിച്ചത്. പന്തില്‍ റണ്‍സുമായി തിലക് പുറത്താകാതെ നിന്നു. ചെന്നൈ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകള്‍ ആണ് മുംബൈക്ക് അല്‍പമെങ്കിലും ആശ്വാസമായത്. ബ്രാവോ എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സടിച്ച ജയദേവ് ഉനദ്ഘട്ട്(9 പന്തില്‍19*) ആണ് മുംബൈയെ 150 കടത്തിയത്.
ചെന്നൈക്കായി മുകേഷ് ചൗധരി മൂന്നോവറില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ബ്രാവോ നാലോവറില്‍ 36 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ചെന്നൈ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളോടെയാണ് മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങുന്നത്. ഡാനിയേല്‍ സാംസ് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ റെ മെറിഡിത്ത് അന്തിമ ഇലവനില്‍ ഇടം നേടി. ഓഫ് സ്പിന്നര്‍ ഹൃതിക് ഷൊക്കീന്‍ ഇന്ന് മുംബൈ ടീമില്‍ അരങ്ങേറ്റം കുറിച്ചു..
ചെന്നൈയും രണ്ട് മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. മൊയിന്‍ അലിക്കും ക്രിസ് ജോര്‍ദാനും പകരം പ്രിട്ടോറിയസും മിച്ചല്‍ സാന്‍റ്നറും ചെന്നൈയുടെ അന്തിമ ഇലവനിലെത്തി.