IPL 2022 : ആവേഷ് തുടക്കിമിട്ടു, ഹോള്‍ഡര്‍ തീര്‍ത്തു; ഹൈദരാബാദിന് തോല്‍വി, ലഖ്നൗവിന് രണ്ടാം ജയം
നാല് വിക്കറ്റ് നേടിയ ആവേഷ് ഖാനാണ് കെയ്ന്‍ വില്യംസണിനേയും സംഘത്തേയും തകര്‍ത്തത്. ജേസണ്‍ ഹോള്‍ഡര്‍ക്ക് മൂന്ന് വിക്കറ്റുണ്ട്. 44 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയാണ് അവരുടെ ടോപ് സകോറര്‍.
മുംബൈ: ഐപിഎല്ലില്‍ (IPL 2022) ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് തുടര്‍ച്ചയായ രണ്ടാം ജയം. അവസാന ഓവര്‍ വരെ നീണ്ടുന്നിന്ന ആവേശത്തിനൊടുവില്‍ സണ്‍റൈസേഴ്സ് ഹൈദാരാബാദിനെതിരെ (Sunrisers Hyderabad) 12 റണ്‍സിനാണ് ലഖ്നൗ തോല്‍പ്പിച്ചത്. മുംബൈ ഡിവൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലഖ്നൗ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഹൈദരാബാദിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടാനാണ് സാധിച്ചത്. നാല് വിക്കറ്റ് നേടിയ ആവേഷ് ഖാനാണ് കെയ്ന്‍ വില്യംസണിനേയും സംഘത്തേയും തകര്‍ത്തത്. ജേസണ്‍ ഹോള്‍ഡര്‍ക്ക് മൂന്ന് വിക്കറ്റുണ്ട്. 44 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയാണ് അവരുടെ ടോപ് സകോറര്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലഖ്നൗ തുടക്കത്തില്‍ തകര്‍ന്നെങ്കിലും ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (68), ദീപക് ഹൂഡ (51) എന്നിവരുടെ ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്, റൊമാരിയ ഷെഫേര്‍ഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നാലാം ഓവറില്‍ ഹൈദരാബാദിന് ക്യാപ്റ്റന്‍ വില്യംസണിനെ നഷ്ടമാകുന്നത്. ആവേഷിന്റെ പന്ത് സ്കൂപ്പിന് ശ്രമിക്കവെ ഷോര്‍്ട്ട് ഫൈനല്‍ ലെഗില്‍ ആന്‍ഡ്രൂ ടൈക്ക് ക്യാച്ച് നല്കി. വൈകാതെ അഭിഷേകും മടങ്ങി. ആവേഷിന്റെ തന്നെ പന്തില്‍ കൂറ്റനടിക്ക് ശ്രമിക്കുമ്പോള്‍ പിഴച്ചു. കവറില്‍ മനീഷ് പാണ്ഡെയ്ക്ക് ക്യാച്ച്. ഇതോടെ രണ്ടിന് 38 എന്ന നിലയിലായി ഹൈദരാബാദ്. പിന്നീട് ത്രിപാഠിയുടെ ഇന്നിംഗ്സാണ് ഹൈദരാബാദിന് പ്രതീക്ഷ നല്‍കിയത്. ഇതിനിടെ എയ്ഡന്‍ മാര്‍ക്രം (12) പുറത്തായും തിരിച്ചടിയായി. 14ാ-ാ ഓവറില്‍ ത്രിപാഠി മടങ്ങിയതോടെ ഹൈദരാബാദ് നാലിന് 95 എന്ന നിലയിലായി. നിക്കോളാസ് പുരാന് (34) - വാഷിംഗ്ടണ്‍ സുന്ദര്‍ (18) പ്രതീക്ഷ നല്‍കിയെങ്കിലും ആവേഷ് തല്ലികെടുത്തി. പുരാനേയും അബ്ദുള്‍ സമദിനേയും (0) പുറത്താക്കി ആവേഷ് ലഖ്നൗവിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. സുന്ദറിനേയും ഭുവനേശ്വര്‍ കുമാറിനേയും (1), റൊമാരിയോ ഷെഫേര്‍ഡിനേയും (8) അവസാന ഓവറില്‍ പുറത്താക്കി ജേസണ്‍ ഹോള്‍ഡര്‍ക്ക് ലഖ്നൗവിന് വിജയം സമ്മാനിച്ചു. ഉമ്രാന് മാലിക് (1) പുറത്താവാതെ നിന്നു.
നേരത്തെ തകര്‍ച്ചയോടെയായിരുന്നു ലഖ്നൗവിന്റെ തുടക്കം. രണ്ടാം ഓവറില്‍ ലഖ്നൗവിന് ഡി കോക്കിനെ നഷ്ടമായി. സുന്ദറിനെതിരെ കവറിലൂടെ ഷോട്ട് കളിക്കാന്‍ ശ്രമിക്കുമ്പോള്‍ വില്യംസണിന് ക്യാച്ച്. നാലാം ഓവറില്‍ ലൂയിസിനെയും ഹൈദരാബാദിന് നഷ്ടമായി. സുന്ദറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. തൊട്ടടുത്ത ഓവറില്‍ മനീഷും മടങ്ങി. റൊമാരിയോ ഷെഫേര്‍ഡിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ചപ്പോള്‍ മിഡ് ഓഫില്‍ ഭുവനേശ്വര്‍ കുമാറിന് ക്യാച്ച്.
പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന രാഹുല്‍- ഹൂഡ സഖ്യമാണ് ലഖ്നൗവവിനെ തര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 87 റണ്‍സ് കൂട്ടിചേര്‍ത്തു. മൂന്ന് വീതം സിക്സും ഫോറും നേടിയ ഹൂഡയെ പുറത്താക്കി ഷെഫേര്ഡ്് ലഖ്നൗവിന് ബ്രേക്ക് ത്രൂ നല്കി. അധികം വൈകാതെ രാഹുലും പവലിയനില്‍ തിരിച്ചെത്തി. നടരാജന്റെ പന്തിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്ന താരം. ക്രുനാല്‍ പാണ്ഡ്യയെ (6) നടരാജന് ബൗള്‍ഡാക്കി. ആയുഷ് ബദോനി (19), ജേസണ്‍ ഹോള്‍ഡര്‍ 98) എന്നിവരാണ് വിജയലക്ഷ്യം 170ലെത്തിച്ചത്. അവസാന പന്തില്‍ ബദോനി റണ്ണൗട്ടായി.
സണ്‍റൈസേഴ്സ് ഹൈദരാബാദ്: കെയ്ന്‍ വില്യംസണ്, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്, അബ്ദുള്‍ സമദ്, വാഷിംഗ്ടണ്‍ സുന്ദര്‍, റൊമാരിയ ഷെഫേര്‍ഡ്, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്, ഉമ്രാന് മാലിക്.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: കെ എല്‍ രാഹുല്‍, ക്വിന്റണ്‍ ഡി കോക്ക്, മനീഷ് പാണ്ഡെ, എവിന്‍ ലൂയിസ്, ദീപക് ഹൂഡ, ആയുഷ് ബദോനി, ക്രുനാല്‍ പാണ്ഡ്യ, ജേസണ്‍ ഹോള്‍ഡര്‍, ആന്‍ഡ്രൂ ടൈ, രവി ബിഷ്ണോയ്, ആവേശ് ഖാന്.