IPL 2022:ഹസരങ്ക കറക്കി വീഴ്ത്തി, കൊല്‍ക്കത്തക്കെതിരെ ബാഗ്ലൂരിന് 129 റണ്‍സ് വിജയലക്ഷ്യം
കൊല്‍ക്കത്തയുടെ ബാറ്റിംഗ് പ്രതീക്ഷയായ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ(13) വീഴ്ത്തി വിക്കറ്റ് വേട്ട തുടങ്ങിയ ഹസരങ്ക, സുനില്‍ നരെയ്ന്‍(12), ഷെല്‍ഡണ്‍ ജാക്സണ്‍(0), ടിം സൗത്തി(1) എന്നിവരെയും പുറത്താക്കി കൊല്‍ക്കത്തയുടെ കുതിപ്പിന് കടിഞ്ഞാണിട്ടു.
മുംബൈ: ഐപിഎല്ലില്‍ വാനിന്ദു ഹസരങ്കയുടെ(Wanindu Hasaranga) ലെഗ് സ്പിന്നിന് മുന്നില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കറങ്ങി വീണു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ(RCB vs KKR) ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 18.5 ഓവറില്‍ 128 റണ്‍സിന് ഓള്‍ ഔട്ടായി. നാല് വിക്കറ്റെടുത്ത ഹസരങ്കയും മൂന്ന് വിക്കറ്റെടുത്ത ആകാശ് ദീപുംരണ്ട് വിക്കറ്റെടുത്ത ഹര്‍ഷല്‍ പട്ടേലുമാണ് കൊല്‍ക്കത്തയെ എറിഞ്ഞിട്ടത്. 18 പന്തില്‍ 25 റണ്‍സെടുത്ത ആന്ദ്രെ റസലാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. അവസാന വിക്കറ്റില്‍ ഉമേഷ് യാദവ്-വരുണ്‍ ചക്രവര്‍ത്തി സഖ്യം 27 റണ്‍സടിച്ചതാണ് കൊല്‍ക്കത്ത ഇന്നിംഗ്സിന് കുറച്ചെങ്കിലും മാന്യത നല്‍കിയത്.
പവര്‍പ്ലേയിലെ അടിതെറ്റി കൊല്‍ക്കത്ത
പവര്‍പ്ലേയിലെ ആദ്യ മൂന്നോവറില്‍ വിക്കറ്റ് പോവാതെ 14 റണ്‍സെടുത്ത കൊല്‍ക്കത്തക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത് പേസര്‍ ആകാശ് ദീപ് ആയിരുന്നു. 14 പന്തില്‍ 10 റണ്‍സെടുത്ത വെങ്കടേഷ് അയ്യരെ ആകാശ് ദീപ് സ്വന്തം ബൗളിംഗില്‍ പിടികൂടി. അഞ്ചാം ഓവറില്‍ അജിങ്ക്യാ രഹാനെയെ(9) മുഹമ്മദ് സിറാജും പവര്‍പ്ലേ പിന്നിടും മുമ്പെ നീതീഷ് റാണയെ ആകാശ് ദീപും മടക്കിയതോടെ പവര്‍പ്ലേയില്‍ 46-3 എന്ന സ്കോറിലായി കൊല്‍ക്കത്ത.
നടുവൊടിച്ച് ഹസരങ്ക
കൊല്‍ക്കത്തയുടെ ബാറ്റിംഗ് പ്രതീക്ഷയായ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ(13) വീഴ്ത്തി വിക്കറ്റ് വേട്ട തുടങ്ങിയ ഹസരങ്ക, സുനില്‍ നരെയ്ന്‍(12), ഷെല്‍ഡണ്‍ ജാക്സണ്‍(0), ടിം സൗത്തി(1) എന്നിവരെയും പുറത്താക്കി കൊല്‍ക്കത്തയുടെ കുതിപ്പിന് കടിഞ്ഞാണിട്ടു. പിടിച്ചു നില്‍ക്കാണ്‍ ശ്രമിച്ച സാം ബില്ലിംഗ്സിനെയും(14) ആന്ദ്രെ റസലിനെയും(18 പന്തില്‍ 25) ഹര്‍ഷല്‍ പട്ടേലും വീഴ്ത്തിയതോടെ കൊല്‍ക്കത്ത 100 കടക്കാന്‍ പോലും ബുദ്ധിമുട്ടി. മൂന്ന് സിക്സും ഒരു ഫോറുമടക്കമാണ് റസല്‍ 25 റണ്‍സടിച്ചത്.
വാലറ്റത്ത് മുഴുവന്‍ ഓവറും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ഉമേഷ് യാദവും(12 പന്തില്‍ 18) വരുണ്‍ ചക്രവര്‍ത്തിയും(10) ചേര്‍ന്നാണ് കൊല്‍ക്കത്തയെ 128ല്‍ എത്തിച്ചത്. പത്താം വിക്കറ്റില്‍ ഇരുവരും ചേര്‍നന് 27 റണ്‍സടിച്ചു. ബാംഗ്ലൂരിനായി ഹസരങ്ക നാലോവറില്‍ 20 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ആകാശ് ദീപ് 3.5 ഓവറില്‍ 45 റണ്‍സിന് മൂന്നും ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്ഡ രണ്ട് മെയഡിന്‍ അടക്കം 11 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.