IPL 2022 : കനല്‍ എരിഞ്ഞിട്ടില്ല, പതിയെ തുടങ്ങി തീയായി ധോണി; കൊല്‍ക്കത്തക്കെതിരെ ചെന്നൈക്ക് ഭേദപ്പെട്ട സ്കോര്‍

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ നിലവിലെ ചാംപ്യന്മാരെ രണ്ട് വിക്കറ്റ് നേടിയ ഉമേഷ് യാദവും സ്പിന്നര്‍മാരുമാണ് തളച്ചത്. മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയാണ് (50) ചെന്നൈയുടെ ടോപ് സ്‌കോറര്‍. റോബിന്‍ ഉത്തപ്പയും (28) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ipl 2022 kkr need 132 runs to win against csk in wankhede

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ (CSK) മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 132 റണ്‍സ് വിജയലക്ഷ്യം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ നിലവിലെ ചാംപ്യന്മാരെ രണ്ട് വിക്കറ്റ് നേടിയ ഉമേഷ് യാദവും സ്പിന്നര്‍മാരുമാണ് തളച്ചത്. മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയാണ് (38 പന്തില്‍ 50) ചെന്നൈയുടെ ടോപ് സ്‌കോറര്‍. റോബിന്‍ ഉത്തപ്പയും (28) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.  

ടൂര്‍ണമെന്റിലെ മൂന്നാം പന്തില്‍ തന്നെ ഗെയ്കവാദിനെ ചെന്നൈയ്ക്ക് നഷ്ടമായി. ഇന്ത്യന്‍ ടെസ്റ്റ് താരം ഉമേഷിന്റെ പന്തില്‍ നിതീഷ് റാണയ്ക്ക് ക്യാച്ച് നല്‍കുകയായിരുരുന്നു. തുടക്കം മുതല്‍ താളം കണ്ടെത്താന്‍ വിഷമിച്ച ന്യൂൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെയും നിരാശപ്പെടുത്തി. ഓപ്പണറായി ക്രീസിലെത്തിയ താരം മൂന്ന് റണ്‍സ് മാത്രമാണെടുത്തത്. ഉമേഷിന്റെ തന്നെ പന്തില്‍ മിഡ് ഓഫില്‍ ക്യാപ്റ്റന്‍ ശ്രേയസിന് ക്യാച്ച് നല്‍കുകയായിരുന്നു ഇടങ്കയ്യന്‍ താരം.

അതേസമയം റോബിന്‍ ഉത്തപ്പ (28) മികച്ച ഫോമിന്റെ ലക്ഷണം കാണിച്ചെങ്കിലും നിരാശപ്പെടുത്തി. 21 പന്ത് നേരിട്ട അദ്ദേഹം രണ്ട് വീതം സിക്‌സും ഫോറും നേടിയിരുന്നു. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ താരത്തെ വിക്കറ്റ് കീപ്പര്‍ ഷെല്‍ഡണ്‍ ജാക്‌സണ്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. ഒമ്പതാം ഓവറില്‍ അമ്പാട്ടി റായുഡു (15) റണ്ണൗട്ടായതോടെ ചെന്നൈ നാലിന് 52 എന്ന നിലയിലായി. ശിവം ദുബെ (3) ആന്ദ്രേ റസ്സലിന് കീഴടങ്ങിയതോടെ ചെന്നൈയുടെ നില പരിതാപകരായി. 

പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ധോണി- ജഡേജ (28 പന്തില്‍ 26) സഖ്യത്തിന് വേഗത്തില്‍ റണ്‍സ് കണ്ടെത്താനായില്ല. മധ്യ ഓവറുകളില്‍ നിരവധി പന്തുകള്‍ ഇരുവരും നഷ്ടപ്പെടുത്തി. എന്നാല്‍ അവസാന മൂന്ന് ഓവറുകളില്‍ ഇരുവരും നടത്തിയ പോരാട്ടമാണ് ചെന്നൈയ്ക്ക പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഏഴ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിംഗ്‌സ്.

നേരത്തെ, മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (Shreyas Iyer) ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും പുതിയ ക്യാപ്റ്റന്റെ കീഴിലാണ് ഇറങ്ങുന്നത്. ചെന്നൈയെ രവീന്ദ്ര ജഡേജയാണ് നയിക്കുന്നത്. എം എസ് ധോണിയില്‍ നിന്നാണ് ജഡേജ നായാകസ്ഥാനം ഏറ്റെടുത്തത്. ഓയിന്‍ മോര്‍ഗനായിരുന്നു അവസാന സീസണില്‍ കൊല്‍ക്കത്തയെ നയിച്ചിരുന്നത്. ശ്രയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍. 

സാം ബില്ലിംഗ്‌സ്, സുനില്‍ നരെയ്ന്‍, ആന്ദ്രേ റസ്സല്‍ എന്നിവരാണ് കൊല്‍ക്കത്തയുടെ വിദേശ താരങ്ങള്‍. ഡേവോണ്‍ കോണ്‍വെ, ഡ്വെയ്ന്‍ ബ്രാവോ, മിച്ചല്‍ സാന്റ്‌നര്‍, ആഡം മില്‍നെ എന്നിവരാണ് ചെന്നൈയുടെ വിദേശതാരങ്ങള്‍. 

ടീമുകള്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, ശിവം ദുെബ, എം എസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, മിച്ചല്‍ സാന്റ്‌നര്‍, ആഡം മില്‍നെ, തുഷാര്‍ ദേഷ്പാണ്ഡെ. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: വെങ്കടേഷ് അയ്യര്‍, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, നിതീഷ് റാണ, സാം ബില്ലിംഗ്‌സ്, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍, ഉമേഷ് യാദവ്, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios