IPL 2022 : മുംബൈ ഇന്ത്യന്‍സിന് വേദികളുടെ മുന്‍തൂക്കമോ? പ്രതികരിച്ച് രോഹിത് ശര്‍മ്മ
ഇന്ത്യൻ ക്യാപ്റ്റനായ ശേഷം രോഹിത് ശർമ്മയുടെ ആദ്യ ഐപിഎൽ സീസണാണിത്
മുംബൈ: ഐപിഎൽ (IPL 2022) മത്സരങ്ങൾ മുംബൈ, പുനെ നഗരങ്ങളിൽ നടക്കുന്നത് ടീമിന് മുൻതൂക്കം നൽകുന്നില്ലെന്ന് മുംബൈ ഇന്ത്യൻസ് (Mumbai Indians) നായകൻ രോഹിത് ശർമ്മ (Rohit Sharma). പരിക്കേറ്റ് ചികിത്സയിലുള്ള സൂര്യകുമാർ യാദവ് (Suryakumar Yadav) ആദ്യ മത്സരത്തിനുണ്ടാകില്ലെന്ന സൂചനയും രോഹിത് നൽകി.
'ഇതൊരു പുതിയ ടീമാണ്. 70-80% പേരും പുതിയവരാണ്. രണ്ട് വർഷമായി ഞങ്ങൾ ഇവിടെ കളിച്ചിട്ടില്ല. മറ്റ് ടീമുകൾ കഴിഞ്ഞ വർഷം ഇവിടെ കളിച്ചിട്ടുണ്ട്. മുൻതൂക്കമുണ്ടെന്ന് കരുതുന്നില്ല. സൂര്യകുമാർ ഇപ്പോൾ എൻസിഎയിലാണ്. ആദ്യ മത്സരത്തിൽ കളിക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ല. ഇഷാൻ കിഷനൊപ്പം താന്‍ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യും' എന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.
ഇന്ത്യൻ ക്യാപ്റ്റനായ ശേഷം രോഹിത് ശർമ്മയുടെ ആദ്യ ഐപിഎൽ സീസണാണിത്. മത്സരങ്ങളെല്ലാം മുംബൈയിലും പുനെയിലുമായാണ് നടക്കുന്നത്. രണ്ട് വർഷത്തിന് ശേഷം ഹോം ഗ്രൗണ്ടായ വാങ്കഡെയിൽ തിരിച്ചെത്തുമ്പോഴും അമിത ആത്മവിശ്വാസം ക്യാപ്റ്റന്‍റെ വാക്കുകളിലില്ല. മെഗാതാരലേലത്തിന് ശേഷം ടീമിലെത്തിയ ഭൂരിഭാഗം താരങ്ങൾക്കും മുംബൈയിൽ കളിച്ച് പരിചയമില്ലെന്ന് രോഹിത് ശർമ്മ പറഞ്ഞു. ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ചികിത്സയിലുള്ള സൂര്യകുമാർ യാദവിന്‍റെ പരിക്കാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്നം. പരിക്ക് പൂർണമായി ഭേദമായിട്ടില്ലെന്ന് രോഹിത് കൂട്ടിച്ചേര്‍ത്തു.
ക്രിക്കറ്റ് ഓസ്ട്രേലിയയുമായി കരാറിലില്ലാത്ത മൂന്ന് താരങ്ങളെ ആദ്യ മത്സരം മുതൽ ലഭിക്കുമെന്നത് ടീമിന് ഗുണമാകും. ഞായറാഴ്ച ഡൽഹി ക്യാപ്പിറ്റൽസിനെതിരായാണ് സീസണിൽ മുംബൈ ഇന്ത്യന്‍സിന്‍റെ ആദ്യ മത്സരം.
ആശങ്കയായി സൂര്യകുമാറിന്‍റെ പരിക്ക്
സ്ഥിരതയാര്‍ന്ന ബാറ്റിംഗുമായി മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ് നിരയിലെ നിര്‍ണായക താരങ്ങളിലൊരാളാണ് സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ സീസണില്‍ 143.43 സ്‌ട്രൈക്ക് റേറ്റില്‍ 317 റണ്‍സ് സ്വന്തമാക്കി. ഐപിഎല്‍ കരിയറിലാകെ 115 മത്സരങ്ങളില്‍ 28.9 ശരാശരിയിലും 135.71 സ്‌ട്രൈക്ക് റേറ്റിലും 2341 റണ്‍സ് സൂര്യകുമാര്‍ നേടിയിട്ടുണ്ട്. 13 അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പടെയാണിത്. ബാറ്റിംഗ് നിരയില്‍ എവിടെ വേണമെങ്കിലും ഇറങ്ങാമെന്നതും ഇന്നിംഗ്‌സ് പടുത്തുയര്‍ത്തലും മത്സരം ഫിനിഷ് ചെയ്യലും ഒരുപോലെ വഴങ്ങുമെന്നതും സൂര്യകുമാര്‍ യാദവിന്‍റെ സവിശേഷതകളാണ്.