IPL 2022 : ചെന്നൈക്ക് പിന്നാലെ മുംബൈക്കും തിരിച്ചടി; സൂര്യകുമാറിന് ആദ്യ മത്സരം നഷ്‌ടമാകും- റിപ്പോര്‍ട്ട്
സ്ഥിരതയോടെ മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ് നിരയിലെ നിര്‍ണായക താരങ്ങളിലൊരാളാണ് സൂര്യകുമാര്‍ യാദവ്
മുംബൈ: ഐപിഎല്ലില്‍ (IPL 2022) സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് (Suryakumar Yadav) മുംബൈ ഇന്ത്യന്‍സിന്‍റെ (Mumbai Indians) ആദ്യ മത്സരം നഷ്‌ടമായേക്കും. മാര്‍ച്ച് 27ന് ഡല്‍ഹി ക്യാപിറ്റല്‍സിന് (Delhi Capitals) എതിരെയാണ് മത്സരം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ പരിക്കേറ്റ സൂര്യകുമാര്‍ ഇപ്പോഴും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ് (National Cricket Academy, NCA) എന്നാണ് ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. രണ്ടാഴ്‌ചയായി താരം എന്‍സിഎയില്‍ പരിശീലനത്തിലാണ്.
സ്ഥിരതയാര്‍ന്ന ബാറ്റിംഗുമായി മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ് നിരയിലെ നിര്‍ണായക താരങ്ങളിലൊരാളാണ് സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ സീസണില്‍ 143.43 സ്‌ട്രൈക്ക് റേറ്റില്‍ 317 റണ്‍സ് സ്വന്തമാക്കി. ഐപിഎല്‍ കരിയറിലാകെ 115 മത്സരങ്ങളില്‍ 28.9 ശരാശരിയിലും 135.71 സ്‌ട്രൈക്ക് റേറ്റിലും 2341 റണ്‍സ് സൂര്യകുമാര്‍ നേടിയിട്ടുണ്ട്. 13 അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പടെയാണിത്. ബാറ്റിംഗ് നിരയില്‍ എവിടെ വേണമെങ്കിലും ഇറങ്ങാമെന്നതും ഇന്നിംഗ്‌സ് പടുത്തുയര്‍ത്തലും മത്സരം ഫിനിഷ് ചെയ്യലും ഒരുപോലെ വഴങ്ങുമെന്നതും സൂര്യകുമാര്‍ യാദവിന്‍റെ സവിശേഷതകളാണ്.
അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഉദ്‌ഘാടന മത്സരത്തില്‍ മൂന്ന് പ്രധാന താരങ്ങളുടെ സേവനമുണ്ടാകില്ല. മൊയീൻ അലി, ദീപക് ചാഹർ, ഡ്വെയ്ൻ പ്രിട്ടോറിയസ് എന്നിവർക്കാണ് സീസണിലെ ആദ്യ മത്സരം നഷ്‌ടമാവുക. ഇംഗ്ലണ്ട് ഓൾറൗണ്ടറായ മോയിൻ അലിക്ക് ഇന്ത്യയിലേക്കുള്ള വീസ ഇതുവരെ കിട്ടിയിട്ടില്ല. കഴിഞ്ഞ സീസണൊടുവിൽ 8 കോടി രൂപ മുടക്കിയാണു ചെന്നൈ മോയിൻ അലിയെ നിലനിർത്തിയത്. ദക്ഷിണാഫ്രിക്കൻ താരം പ്രിട്ടോറിയസ് ആദ്യ മത്സരസമയത്ത് ക്വാറന്‍റീനിലായിരിക്കും. പേസര്‍ ദീപക് ചാഹറാവട്ടെ പരിക്കിൽ നിന്ന് മോചിതനായിട്ടില്ല.
ദീപക്കിന് എപ്പോള്‍ കളിക്കാനാകും?
മെഗാതാരലേലത്തില്‍ 14 കോടി മുടക്കി ചെന്നൈ സ്വന്തമാക്കിയ താരമാണ് ദീപക് ചാഹര്‍. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഫിറ്റ്‌നസ് ക്ലിയറന്‍സ് താരത്തിന് ലഭിച്ചിട്ടില്ല. ദീപകിന് എപ്പോള്‍ കളിക്കാനാകും എന്നറിയാന്‍ കാത്തിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 2018ലാണ് ദീപക് ചാഹര്‍ ആദ്യമായി ചെന്നൈയുടെ ഭാഗമായത്. നാല് വര്‍ഷത്തിനിടെ രണ്ട് കിരീടങ്ങള്‍ സിഎസ്‌കെയ്‌ക്കൊപ്പം നേടി. 58 വിക്കറ്റുകളാണ് ചെന്നൈ ജേഴ്സിയില്‍ താരം പേരിലാക്കിയത്.
IPL 2022 : ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത പ്രഹരം; മൂന്ന് താരങ്ങള്‍ ഉദ്ഘാടന മത്സരത്തിനില്ല